തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ ആചാരപ്രൗഢിയിൽ ഉത്സവം കൊടിയേറി

Share to

Perinthalmanna Radio
Date: 31-03-2023

അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ മൂന്നാംപൂരം ആചാരപ്രൗഢിയോടെ കൊടിയേറി. ഭഗവതിക്ക്് വടക്കെനടയിലെ സ്വർണക്കൊടിമരത്തിലും മഹാദേവന് കിഴക്കെനടയിലെ സ്വർണക്കൊടിമരത്തിലും ഉത്സവധ്വജം ഉയർന്നു. ദീപാരാധനയ്ക്കുശേഷം രാത്രി ഏഴിനു കൊടിമരച്ചുവട്ടിലെ പ്രത്യേക താന്ത്രിക കർമങ്ങൾക്ക് ശേഷമായിരുന്നു കൊടിയേറ്റം.

വടക്കെനടയിൽ തന്ത്രി പന്തലക്കോട്ടത്ത് നാരായണൻ നമ്പൂതിരി ഭഗവതിയുടെ സ്വർണക്കൊടിമരത്തിലും കിഴക്കെനടയിൽ മേൽശാന്തി പന്തലക്കോട്ടത്ത് ശ്രീനാഥ് നമ്പൂതിരി മഹാദേവന്റെ കൊടിമരത്തിലും കൊടിക്കൂറകൾ ഉയർത്തി.

കൊടിക്കൂറകൾ ദർശിച്ച് ഭക്തർ നാമമരുവിട്ട് തൊഴുതു. തുടർന്ന് അഷ്ടദിക്പാലകൻമാർക്കായി പ്രധാനയിടങ്ങളിലും കൊടിക്കൂറകൾ സ്ഥാപിച്ചു.

മറ്റ് ക്ഷേത്രങ്ങളിൽ കൊടിയേറ്റത്തോടെ ഉത്സവം ആരംഭിക്കുമ്പോൾ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ പുറപ്പാടിന് ശേഷം മൂന്നാംപൂരത്തിനാണ് കൊടിയേറ്റം. കൊടിയേറ്റത്തോടെ ‘പടഹാദി’മുറയിൽനിന്ന് പൂരച്ചടങ്ങുകൾ ‘ധ്വജാദി’ മുറയിലേക്ക് കടന്നു.

മൂന്നാംപൂരത്തിന് പതിവ് പൂരച്ചടങ്ങുകളോടെ അഞ്ചാമത്തെയും ആറാമത്തെയും ആറാട്ടെഴുന്നള്ളിപ്പുകൾ നടന്നു. സന്ധ്യക്ക്‌ അതുൽ, അർജുൻ എന്നിവർ ഇരട്ടത്തായമ്പകയും, രാത്രി പൂരപ്പറമ്പ് ഓഡിറ്റോറിയത്തിൽ നാടൻപാട്ട് കലാകാരൻ പ്രണവം ശശിയും സംഘവും നാടൻപാട്ടും അവതരിപ്പിച്ചു. വെള്ളിയാഴ്ച നാലാം പൂരത്തിന് പൂരം മുളയിടൽ ചടങ്ങ് നടക്കും.

_നാലാം പൂരത്തിൽ ഇന്ന്_

തിരുവാതിരക്കളി രാവിലെ 7.00, മോഹിനിയാട്ടം 7.30, ഭരതനാട്യം 8.00, പന്തിരടി പൂജ 8.30, കൊട്ടിയിറക്കം (ഏഴാമത്തെ ആറാട്ട് എഴുന്നള്ളിപ്പ്) 9.30, ചാക്യാർകൂത്ത് 3.00, ഓട്ടൻതുള്ളൽ 4.00, നാഗസ്വരം, പാഠകം 5.00, സന്തൂർ കച്ചേരി (ഹരി ആലങ്കോട്) 5.30, പൂരം മുളയിടൽ 7.00, കൊട്ടിയിറക്കം (എട്ടാമത്തെ ആറാട്ട് എഴുന്നള്ളിപ്പ്) 9.30, പൂരപ്പറമ്പ് ഓപ്പൺ ഓഡിറ്റോറിയത്തിൽ നടനോത്സവം രാത്രി 10.00.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *