Perinthalmanna Radio
Date: 03-04-2023
അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ തിങ്കളാഴ്ച ഏഴാംപൂരം. പൂരംദിനങ്ങളിലെ പ്രധാന ദിവസമാണ് ഏഴാംപൂരം. മീനമാസത്തിലെ മകീര്യംനാളിൽ തുടങ്ങുന്ന പൂരാഘോഷത്തിൽ പൂരം നക്ഷത്രംവരുന്നത് ഏഴാംപൂരത്തിനാണ്. ഭഗവതിക്ക് ഉത്സവബലിയാണ് ഈ ദിവസത്തെ വിശേഷാൽ ചടങ്ങ്. 12.30-ന് ഉത്സവബലി തുടങ്ങും.
ആറാംപൂരദിനമായ ഞായറാഴ്ച രാവിലെ ഇടത്തുപുറം പൂന്താനം മാതൃസമിതിയുടെ തിരുവാതിരക്കളിയോടെയായിരുന്നു തുടക്കം. തുടർന്ന് വലമ്പൂർ അഷ്ടമാംഗല്യം തിരുവാതിരക്കളി സംഘത്തിന്റെ തിരുവാതിരക്കളിയും, പെരിന്തൽമണ്ണ നൃത്തകലാകേന്ദ്രയിലെ വിദ്യാർഥികളുടെ നൃത്തനൃത്യങ്ങളും നടന്നു.
ആറാം പൂരത്തിന് പതിനൊന്നാമത്തേയും പന്ത്രണ്ടാമത്തെയും ആറാട്ട് നടന്നു. ശിവന്റെ ഉത്സവബലി മൂന്നുമണിക്കൂറിലധികം നീണ്ടു. നാലമ്പലത്തിനകത്ത് ബലിക്കല്ലുകളിൽ പ്രത്യേക പൂജയ്ക്കുശേഷം ശിവന്റെ തിടമ്പ് ആനപ്പുറത്ത് കോലത്തിൽ എഴുന്നള്ളിച്ച് ശിവന്റെ ഭൂതഗണങ്ങൾക്കായി ബലിക്കല്ലുകളിൽ ഹവിസ്സർപ്പിച്ച് ബലിപൂജ ചെയ്തു.
വൈകീട്ട് ചാക്യാർകൂത്ത്, ഒട്ടൻതുള്ളിൽ, പാഠകം എന്നിവ ഉണ്ടായി. നർത്തകി ഡോ. നീന പ്രസാദ് അവതരിപ്പിച്ച മോഹിനിയാട്ടക്കച്ചേരി ആസ്വാദനത്തിന്റെ അപൂർവവിരുന്നായി. സോപാനം ഓഡിറ്റോറിയത്തിൽ ഗിന്നസ് മനോജും സംഘവും അവതരിപ്പിച്ച മിമിക്സ് ശ്രദ്ധേയമായി.
*പൂരത്തിൽ ഇന്ന്*
ഏഴാം പൂരം. തിരുവാതിരക്കളി-രാവിലെ 7.00, കോലാട്ടം-7.30, അയ്യപ്പൻപാട്ട്-8.00, പന്തീരടി പൂജ -8.30, കൊട്ടിയിറക്കം (പതിമൂന്നാമത്തെ ആറാട്ട് എഴുന്നള്ളിപ്പ്)-9.30, കൊട്ടിക്കയറ്റം-10.30, ഭഗവതിക്ക് ഉത്സവബലി-12.30, ചാക്യാർകൂത്ത്-3.00, ഓട്ടൻതുള്ളൽ-4.00, നാഗസ്വരം പാഠകം -5.30. തായമ്പക (ചിറക്കൽ നിതീഷ്)-7.00, ശിവന്റെ ശ്രീഭൂതബലി-8.30, ഇരട്ടക്കേളി (കലാമണ്ഡലം പുരുഷോത്തമൻ, കലാമണ്ഡലം വേണു (മദ്ദളം), സദനം രാമകൃഷ്ണൻ, കോട്ടയ്ക്കൽ വിജയരാഘവൻ (ചെണ്ട), കൊട്ടിയിറക്കം (പതിനാലാമത്തെ ആറാട്ടെഴുന്നള്ളിപ്പ് )-9.30, ആറാട്ടുകടവിൽ തായമ്പക (പോലൂർ ഹരികൃഷ്ണൻ മാരാർ), കൊട്ടിക്കയറ്റം-10.30, കിഴക്കേനടയിൽ കമ്പം കൊളുത്തൽ-11.00
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ