തിരുമാന്ധാംകുന്നിൽ ഭഗവതിക്കും മഹാദേവനും ഒന്നിച്ചുള്ള ആറാട്ടെഴുന്നള്ളിപ്പ് ഇന്ന്

Share to

Perinthalmanna Radio
Date: 04-04-2023

അങ്ങാടിപ്പുറം: തിരുമാന്ധാംകുന്നിൽ എട്ടാംപൂരദിനമായ ചൊവ്വാഴ്‌ച ഭഗവതിക്കും മഹാദേവനും ഒന്നിച്ചുള്ള ആറാട്ടെഴുന്നള്ളിപ്പ് നടക്കും. ഭഗവതിക്കും മഹാദേവനും ഒരേ സമയം ആറാട്ട് നടക്കുന്ന അപൂർവത തിരുനാമാന്ധാംകുന്ന് ക്ഷേത്രോത്സവത്തിന്റെ സവിശേഷതയാണ്. ഭഗവതിക്ക് 21 ആറാട്ടുകളും മഹാദേവന് ഒരു ആറാട്ടുമാണ് നടക്കുക. രാവിലെ ഒമ്പതരയ്ക്കാണ് ഒന്നിച്ചുള്ള ആറാട്ടെഴുന്നള്ളിപ്പ്. ഭഗവതിയുടെയും ഭഗവാന്റെയും പഞ്ചലോഹത്തിടമ്പുകൾ വെവ്വേറെ കോലങ്ങളിൽ ആറാട്ടുകടവിലേക്ക് എഴുന്നള്ളിക്കും. ആറാട്ട് കഴിഞ്ഞ് കൊട്ടിക്കയറ്റത്തിനുശേഷം ഭഗവതിയുടെ തിടമ്പ് മാതൃശാലയിലേക്കും ശിവന്റെ തിടമ്പ് ക്ഷേത്രാങ്കണത്തിൽ 21 പ്രദക്ഷിണത്തിനുശേഷം ഉത്സവക്കൊടിയിറക്കി ശിവന്റെ ശ്രീകോവിലിലേക്കും എഴുന്നള്ളിക്കും. തുടർന്ന് ശിവനും ഭഗവതിക്കും ശ്രീഭൂതബലി.

തിങ്കളാഴ്‌ച ഏഴാംപൂരത്തിന് ഭഗവതിക്ക് നടത്തിയ ഉത്സവബലി ഭക്തിസാന്ദ്രമായി. ആനപ്പുറത്ത് തിടമ്പിൽ എഴുന്നള്ളിച്ച ഭഗവതിയുടെ സാന്നിധ്യത്തിലാണ് നാലുമണിക്കൂറിലധികം നീണ്ടുനിന്ന ഉത്സവബലികർമങ്ങൾ നിർവഹിച്ചത്. താന്ത്രിക കർമങ്ങൾക്ക് തന്ത്രി പന്തലക്കോട്ടത്ത് നാരായണൻ നമ്പൂതിരിയും പന്തലക്കോട്ടത്ത് അപ്പു നമ്പൂതിരിയും നേതൃത്വം നൽകി. ചിറക്കൽ നിതീഷിന്റെ തായമ്പക, കലാമണ്ഡലം പുരുഷോത്തമൻ, കലാമണ്ഡലം വേണു (മദ്ദളം), സദനം രാമകൃഷ്ണൻ, കോട്ടയ്ക്കൽ വിജയരാഘവൻ (ചെണ്ട) എന്നിവരുടെ ഇരട്ടക്കേളി, പോലൂർ ഹരികൃഷ്ണമാരാരുടെ തായമ്പക എന്നിവ ഏഴാംപൂരത്തെ വാദ്യമേളസമ്പന്നമാക്കി. രാവിലെ ഏറാന്തോട് നൂപുര തിരുവാതിരക്കളിസംഘം അവതരിപ്പിച്ച തിരുവാതിരക്കളി, ബ്രാഹ്‌മണസമൂഹം വനിതാവിഭാഗം അവതരിപ്പിച്ച കോലാട്ടം, ചെരക്കാപറമ്പ് അയ്യപ്പൻവിളക്ക് സംഘത്തിന്റെ അയ്യപ്പൻപാട്ട് എന്നിവയുണ്ടായി. രാത്രി കൊട്ടിക്കയറ്റത്തിനുശേഷം കിഴക്കേനടയിൽ കമ്പം കൊളുത്തലോടെ ഏഴാംപൂരച്ചടങ്ങുകൾ സമാപിച്ചു.

പൂരത്തിൽ ഇന്ന്

എട്ടാം പൂരം: തിരുവാതിരക്കളി-7.00, ഭരതനാട്യം-8.00, പന്തീരടിപൂജ-9.00, കൊട്ടിയിറക്കം (ശിവന്റെയും ഭഗവതിയുടെയും തിടമ്പുകൾ ഒന്നിച്ച് ആറാട്ട് എഴുന്നള്ളിപ്പ്)-9.30, കൊട്ടിക്കയറ്റം-11.00, ചാക്യാർകൂത്ത്-3.00, ഓട്ടൻതുള്ളൽ-4.00, നാഗസ്വരം, പാഠകം-5.00, ഐഡിയ സ്റ്റാർ ഫെയിം വിഷ്ണുദാസ് അവതരിപ്പിക്കുന്ന ഭക്തിഗാനമേള-5.30, തായമ്പക, കേളി-7.30, കൊട്ടിയിറക്കം (പതിനാറാമത്തെ ആറാട്ട് എഴുന്നള്ളിപ്പ്)-9.30, പൂരപ്പറമ്പ് ഓപ്പൺ ഓഡിറ്റോറിയത്തിൽ വയലിൻ-ഫ്ലൂട്ട് ഫ്യൂഷൻ (വയലിൻ ശ്രീക്കുട്ടൻ, ഫ്ളൂട്ട്, സാക്‌സഫോൺ രാമചന്ദ്രൻ വടകര)-10.00
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *