
Perinthalmanna Radio
Date: 05-04-2023
അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ എട്ടാംപൂരദിവസമായ ചൊവ്വാഴ്ച ഭഗവതിക്കും മഹാദേവനും ഒന്നിച്ചുള്ള ആറാട്ട് നടന്നു. ആറാട്ട് എഴുന്നള്ളിപ്പിലും ആറാട്ടുകളിലും പങ്കെടുക്കാൻ നിരവധി ഭക്തരാണെത്തിയത്.
രാവിലെ പന്തിരടിപ്പൂജയ്ക്ക് ശേഷം ആദ്യം മഹാദേവന്റെ തിടമ്പ് കിഴക്കേനടയിലൂടെ കോലത്തിൽ പുറത്തെഴുന്നള്ളിച്ചു. ഗീതാഞ്ജലി വിഘ്നേശ്വരൻ എന്ന ആനയാണ് തിടമ്പേറ്റിയത്. ഭഗവതിയുടെ തിടമ്പ് വടക്കെ നടയിലൂടെ എഴുന്നള്ളിച്ചു. കോഴിക്കോട് അമ്പാടിക്കണ്ണന്റെ പുറത്താണ് ഭഗവതിയുടെ തിടമ്പ് എഴുന്നള്ളിച്ചത്. ഭഗവതിയുടെയും മഹാദേവന്റെയും തിടമ്പുകൾ ആറാട്ടിനായി ഒരേസമയം എഴുന്നള്ളിക്കുന്നത് തിരുമാന്ധംകുന്ന് പൂരച്ചടങ്ങിന്റെ സവിശേഷതയാണ്.
ആറാട്ടുകടവിൽ മേൽശാന്തി പന്തലക്കോട്ടത്ത് ദാമോദരൻ നമ്പൂതിരി പ്രത്യേക പൂജകളോടെ ആദ്യം മഹാദേവന്റെ ആറാട്ടും തുടർന്ന് ഭഗവതിയുടെ ആറാട്ടും നിർവഹിച്ചു. ആറാട്ടിനുശേഷം പൂരം കൊട്ടിക്കയറി ഭഗവതിയുടെ തിടമ്പ്് മാതൃശാലയിലേക്ക് എഴുന്നള്ളിച്ചു. ശിവന്റെ തിടമ്പ് ക്ഷേത്രാങ്കണത്തിൽ 21 പ്രദക്ഷിണത്തിനു ശേഷമാണ് ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ചത്. ഗുരുവായൂർ ജൂനിയർ വിഷ്ണുവിന്റെ ശിരസ്സിലേന്തി നടത്തിയ 21 പ്രദക്ഷിണത്തിനും ധാരാളം ഭക്തർ അനുഗമിച്ചിരുന്നു.
25 കലശമാടി ഭഗവതിക്കും ഭഗവാനും ഉച്ചപ്പൂജയും ശ്രീഭൂതബലിയും നടന്നു.
പൂരം ഇന്ന്
ഒൻപതാംപൂരം. തിരുവാതിരക്കളി രാവിലെ 7.00, മോഹിനിയാട്ടം 8.00, പന്തീരടിപ്പൂജ 9.00, കൊട്ടിയിറക്കം (പതിനേഴാമത്തെ ആറാട്ടെഴുന്നള്ളിപ്പ് ) 9.30, കൊട്ടിക്കയറ്റം 10.30, ചാക്യാർകൂത്ത് 3.00, ഓട്ടൻതുള്ളൽ 4.00, നാദസ്വരം, പാഠകം 5.00, വയലിൻ കച്ചേരി (ടി.എച്ച്. സുബ്രഹ്മണ്യം) 5.30, തായമ്പക 7.30, കൊട്ടിയിറക്കം (പതിനെട്ടാമത്തെ ആറാട്ടെഴുന്നള്ളിപ്പ് ) 9.30, പൂരപ്പറമ്പ് ഓഡിറ്റോറിയത്തിൽ ഗാനമേള (സംഗീത് ഫ്രാഗ്രൻസ് ഓർക്കസ്ട്ര) 10.00
രാവിലെ തട്ടകം തിരുവാതിരക്കളി സംഘം, പെരിന്തൽമണ്ണ ധന്യരമേഷും സംഘവും അവതരിപ്പിച്ച തിരുവാതിരക്കളി, പെരിന്തൽമണ്ണ രസനിയുടെ ഭരതനാട്യം, വൈകുന്നേരം അമ്മന്നൂർ കുട്ടൻചാക്യാരുടെ ചാക്യാർക്കൂത്ത്, കിള്ളിക്കുറുശ്ശിമംഗലം കുഞ്ചൻ നമ്പ്യാർ കലാകേന്ദ്രത്തിന്റെ ഓട്ടൻതുള്ളൽ, അഞ്ചിന് നാദസ്വരം, പാഠകം, തായമ്പക, കേളി, കൊമ്പുപറ്റ് എന്നിവ നടന്നു. ഐഡിയ സ്റ്റാർ സിങ്ങർ ഫെയിം വിഷ്ണുദാസിന്റെ ഭക്തിഗാനമേളയും ഉണ്ടായിരുന്നു. രാത്രി പതിനാറാമത്തെ ആറാട്ടിനായി പൂരം കൊട്ടിയിറങ്ങി. പൂരപ്പറമ്പ് ഓപ്പൺ ഓഡിറ്റോറിയത്തിൽ ശ്രീക്കുട്ടൻ, രാമചന്ദ്രൻ വടകര എന്നിവർചേർന്ന് വയലിൻ -ഫ്ളൂട്ട് ഫ്യൂഷനും അവതരിപ്പിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
