Perinthalmanna Radio
Date: 08-04-2023
മലപ്പുറം: ജീവനക്കാരുടെ ഹാജർ രേഖപ്പെടുത്താൻ കളക്ടറേറ്റിലെ എല്ലാ സർക്കാർ ഓഫീസുകളിലും മാർച്ച് 31നകം ആധാർ അധിഷ്ഠിത ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പാക്കാനുള്ള തീരുമാനം വിവിധ വകുപ്പുകളുടെ ഉഴപ്പിൽ പാളി. സർക്കാർ നിർദ്ദേശത്തെ തുടർന്ന് ആദ്യഘട്ടത്തിൽ കളക്ടറേറ്റിലെ റവന്യൂ വിഭാഗത്തിൽ ആധാർ അധിഷ്ഠിത പഞ്ചിംഗ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. പഞ്ചിംഗ് വിവരങ്ങൾ ശമ്പള വിതരണ സോഫ്റ്റുവെയറായ സ്പാർക്കുമായി ബന്ധിപ്പിച്ചിട്ടുണ്ട്. കൊവിഡിന് മുമ്പ് പഞ്ചിംഗ് നിലവിലുണ്ടായിരുന്നെങ്കിലും ആധാറുമായി ബന്ധിപ്പിച്ചിരുന്നില്ല. പിന്നാലെ മറ്റ് വകുപ്പുകളിലേക്കും ബയോമെട്രിക് പഞ്ചിംഗ് വ്യാപിപ്പിക്കുമെന്ന് അറിയിച്ചെങ്കിലും നടന്നില്ല.
കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകൾ പലയിടങ്ങളിലായി ചിതറിക്കിടക്കുന്നതിനാൽ ഏകീകൃത പഞ്ചിംഗ് സംവിധാനം നടപ്പാക്കുക പ്രയാസകരമാണെന്നും ഇതു പരിഹരിക്കാൻ അതത് വകുപ്പുകളുടെ ഫണ്ട് ഉപയോഗിച്ച് പദ്ധതി നടപ്പാക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നുമാണ് അധികൃതർ പറയുന്നത്.
ഏപ്രിലിന് മുന്നോടിയായി മുഴുവൻ ഓഫീസുകളിലും പഞ്ചിംഗ് നടപ്പിലാക്കണമെന്ന ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം അതത് വകുപ്പ് മേധാവികൾക്ക് ജില്ലാ കളക്ടർ വി.ആർ.പ്രേംകുമാർ കൈമാറിയിരുന്നു.
വകുപ്പുകളുടെ ഉഴപ്പും സർവീസ് സംഘടനകളുടെ ഇടപെടലും പദ്ധതി വൈകിപ്പിച്ചെന്നാണ് ആക്ഷേപം. ബയോമെട്രിക് പഞ്ചിംഗ് വരുന്നതോടെ ജീവനക്കാരുടെ ഹാജർനില സ്പാർക്കുമായി ബന്ധിപ്പിക്കുന്നതിനാൽ ജോലി സമയത്ത് മുങ്ങുന്നത് തടയാനാവും. കൃത്യസമയത്ത് ജോലിക്ക് ഹാജരാവേണ്ടിയും വരും.
പഞ്ചിംഗ് നടപ്പിലാക്കുന്നതിന് മുന്നോടിയായി തയ്യാറാക്കേണ്ട ജീവനക്കാരുടെ ആധാർ അധിഷ്ഠിത ഡാറ്റാബേസ് പൂർത്തിയായിട്ടില്ല. നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ (എൻ.ഐ.സി) വഴിയാണ് ഡാറ്റാബേസ് തയ്യാറാക്കുന്നത്. സംവിധാനം നടപ്പാക്കുന്നതിന് മുന്നോടിയായി കളക്ടറേറ്റിൽ ജീവനക്കാർക്ക് പരിശീലനം നൽകിയിരുന്നു. ഡാറ്റാബേസിൽ പേരും മറ്റു വിവരങ്ങളും ചേർത്ത് രജിസ്റ്റർ ചെയ്യുന്നതിലായിരുന്നു പരിശീലനം.
പഞ്ചിംഗ് കണക്ടിവിറ്റി, പഞ്ചിംഗ് കാർഡ് എന്നിവ ഒരുക്കാനുള്ള ചുമതല കെൽട്രോണിനാണ്. ചീഫ് സെക്രട്ടറിയുടെ അന്ത്യശാസനത്തിന് പിന്നാലെ ഡിസംബർ അവസാനമാണ് മിക്ക വകുപ്പുകളിൽ നിന്നും കെൽട്രോണിന് വർക്ക് ഓർഡർ ലഭിച്ചത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ