
Perinthalmanna Radio
Date: 08-05-2023
മലപ്പുറം∙ താനൂർ ഒട്ടുംപുറം തൂവൽതീരത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 22 ആയി ഉയർന്നു. മരിച്ചവരിൽ താനൂർ ഓല പീടിക കാട്ടിൽ പിടിയേക്കൽ സിദ്ദീഖ് (41), മക്കളായ ഫാത്തിമ മിൻഹ (12), ഫൈസാൻ (3), പരപ്പനങ്ങാടി ആവിൽ ബീച്ച് കുന്നുമ്മൽ ജാബിറിന്റെ ഭാര്യ ജൽസിയ എന്ന കുഞ്ഞിമ്മു (40), പരപ്പനങ്ങാടി സൈതലവിയുടെ മക്കളായ സഫ്‌ല (7), ഹുസ്ന (18), ഷംന (17), പരപ്പനങ്ങാടി കുന്നുമ്മൽ റസീന, പെരിന്തൽമണ്ണ പട്ടിക്കാട് ശാന്തപുരം നവാസിന്റെ മകൻ അഫലഹ് (7), പെരിന്തൽമണ്ണ സ്വദേശി അൻഷിദ് (10), മുണ്ടുപറമ്പ് മച്ചിങ്ങൽ നിഹാസിന്റെമകൾ ഹാദി ഫാത്തിമ (7), പരപ്പനങ്ങാടി കുന്നുമ്മൽ സിറാജിന്റെ മക്കളായ ഷഹറ, റുഷ്ദ, ഓട്ടുമ്മൽ വീട്ടിൽ സിറാജിന്റെ മകൾ നൈറ, താനൂർ സ്റ്റേഷനിലെ പൊലീസുകാരൻ പരപ്പനങ്ങാടി സ്വദേശി സബറുദ്ദീൻ (37),ചെട്ടിപ്പടി വെട്ടിക്കുടി വീട്ടിൽ സൈനുൽ ആബിദിന്റെ ഭാര്യ ആയിഷാബി, മകൾ അദില ഷെറി,കുന്നുമ്മൽ ആവായിൽ ബീച്ചിൽ റസീന, അർഷാൻ എന്നിവരെ തിരിച്ചറിഞ്ഞു.
ബോട്ടിൽ നാൽപതിലധികം പേരുണ്ടായിരുന്നതായാണ് വിവരം. ഇതുവരെ ഇരുപതോളം പേരെ രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയവരെ തിരൂരങ്ങാടി, താനൂർ, തിരൂർ എന്നിവിടങ്ങളിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണ്. കാണാതായവർക്കുള്ള തിരച്ചിൽ തുടരുകയാണ്. അപകട സ്ഥലത്ത് വിശദമായ തിരച്ചിൽ നടത്തുന്നതിന് നേവിയുടെ സഹായം തേടിയിട്ടുണ്ട്. എൻഡിആർഎഫ് സംഘം സ്ഥലത്തെത്തി. പരപ്പനങ്ങാടി–താനൂർ നഗരസഭാ അതിർത്തിയിൽ പൂരപ്പഴയിലാണ് അപകടമുണ്ടായ ഒട്ടുംപുറം തൂവൽ തീരം.
മന്ത്രിമാരായ വി.അബ്ദുറഹിമാനും പി.എ.മുഹമ്മദ് റിയാസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നു. താനൂർ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുഃഖാചരണത്തിന്റെ ഭാഗമായി തിങ്കളാഴ്ച നടത്താനിരുന്ന സംസ്ഥാനത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായി ചീഫ് സെക്രട്ടറി വി.പി.ജോയ് അറിയിച്ചു. താലൂക്ക് തല അദാലത്തുകളും മാറ്റിവച്ചു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഇന്ന് ദുരന്തസ്ഥലം സന്ദർശിക്കും.
പൂരപ്പുഴയിൽ സ്വകാര്യ ഉടമസ്ഥയിലുള്ള ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഒരു മാസം മുൻപാണ് ഇവിടെ വിനോദസഞ്ചാരികൾക്കായി ബോട്ട് സർവീസ് തുടങ്ങിയത്. ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനത്തിനു വെളിച്ചക്കുറവ് പ്രതിസന്ധിയായെന്നു നാട്ടുകാർ പറഞ്ഞു. തലകീഴായി മറിഞ്ഞ ബോട്ട് പൂര്‍ണ്ണമായും മുങ്ങി. ഇതു പിന്നീട് ഉയർത്തി കരയ്‌ക്കടുപ്പിച്ചു. മൃതദേഹങ്ങൾ താനൂരിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ്, അഗ്നിരക്ഷാ സേന, തീരദേശ പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
