താനൂർ ബോട്ട് ദുരന്തം; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം

Share to

Perinthalmanna Radio
Date: 08-05-2023

താനൂര്‍: 22 പേര്‍ മരിക്കാനിടയായ ബോട്ട് ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. അപകട സ്ഥലത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗത്തിനു പിന്നാലെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. സാങ്കേതിക വിദഗ്ധരടക്കം ഉള്‍പ്പെട്ട ജുഡീഷ്യല്‍ കമ്മീഷനാകും അന്വേഷണം നടത്തുക. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപവീതം സര്‍ക്കാര്‍ ധനസഹായം നല്‍കും. ചികിത്സയില്‍ കഴിയുന്നവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വാക്കുകളില്‍ രേഖപ്പെടുത്താനാകാത്ത വന്‍ ദുരന്തമാണ് താനൂരില്‍ ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 22 പേര്‍ക്ക് ജീവന്‍ വെടിയേണ്ടിവന്നു. ചികിത്സയില്‍ കഴിഞ്ഞ 10 പേരില്‍ രണ്ടുപേര്‍ ആശുപത്രിവിട്ടു. എട്ടുപേര്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ആശ്വസിപ്പിക്കാന്‍ കഴിയാത്ത വിധത്തിലുള്ള ദുഃഖകരമായ സംഭവമാണ് നടന്നത്.

ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് എന്തുനല്‍കിയാലും അതൊന്നും അവര്‍ക്ക് നേരിടേണ്ടിവന്ന നഷ്ടത്തിന് പരിഹാരമാകില്ല. മരിച്ചവരുടെ ഓരോ കുടുംബത്തിനും 10 ലക്ഷം രൂപവീതം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ചികിത്സയില്‍ കഴിയുന്നവരുടെ മുഴുവന്‍ ചികിത്സാ ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കും. ഒരു വാക്കുകൊണ്ടും ആശ്വസിപ്പിക്കാന്‍ കഴിയാത്ത ദുഃഖമാണ് കുടുംബങ്ങള്‍ക്കുണ്ടായത്. അവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.

സംസ്ഥാനത്ത് മുമ്പും ഇത്തരത്തിലുള്ള ദുരന്തങ്ങളുണ്ടായപ്പോള്‍ അവ ഇനി ആവര്‍ത്തിക്കാതിരിക്കുന്നതിനുള്ള കരുതല്‍ നടപടി സ്വീകരിക്കുന്നതിനുവേണ്ടി പരിശോധനകള്‍ നടന്നിരുന്നു. പരിശോധന നടത്തിയവര്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടോ എന്നത് ഗൗരവമായി കാണേണ്ടതാണ്. ഇത്തരം സംഭവങ്ങള്‍ മേലില്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള കരുതല്‍ ആവശ്യമാണ്. അതിന്റെ ഭാഗമായി ജുഡീഷ്യല്‍ അന്വേഷണം നടത്തും. ബോട്ടുമായും യാത്രക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട സാങ്കേതിക വിഷയങ്ങളടക്കം അന്വേഷണത്തിന്റെ പരിധിയില്‍ വരേണ്ടതുണ്ട്. അതിനാല്‍ സാങ്കേതിക വിദഗ്ധരടക്കം ഉള്‍പ്പെട്ടതാവും ജുഡീഷ്യല്‍ കമ്മീഷന്‍. പോലീസ് അന്വേഷണവും അപകടത്തെക്കുറിച്ച് നടക്കും. പ്രത്യേക പോലീസ് സംഘമാകും അന്വേഷണം നടത്തുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *