
Perinthalmanna Radio
Date: 25-11-2022
പെരിന്തൽമണ്ണ: ബ്രസീലിന്‍റെ കളി കാണാന്‍ വരുന്നവർക്കെല്ലാം സൗജന്യ ബിരിയാണി വാഗ്ദാനം ചെയ്ത് ബ്രസീല്‍ ഫാൻസ്. പെരിന്തൽമണ്ണ ജൂബിലി റോഡിലെ ബ്രസീല്‍ ഫാൻസാണ് ബ്രസീലിന്‍റെ ആദ്യ കളി കാണാന്‍ ജൂബിലിയിലേക്ക് വരുന്നവർക്കെല്ലാം സൗജന്യമായി ബിരിയാണിയെന്ന വ്യത്യസ്തമായ ഓഫർ നൽകിയത്. വ്യത്യസ്തമായ ഓഫർ പ്രഖ്യാപിച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായത് ഇന്നലെ അർദ്ധ രാത്രിയോടെ ജൂബിലിലേക്ക് ബിരിയാണി വാങ്ങാൻ എത്തുന്നവരുടെ തിരക്കായിരുന്നു. ഇതിൽ ബ്രസീൽ ഫാൻസ് മാത്രമായിരുന്നില്ല മറ്റു ഇഷ്ട ടീമുകളുടെ ജഴ്സി അണിഞ്ഞവർ വരെ ബിരിയാണി വാങ്ങാൻ എത്തി. രാത്രി 12 മണിയായതോടെ ജൂബിലി റോഡിൽ ബിരിയാണി വാങ്ങാൻ എത്തിയവരുടെ നീണ്ട നിരയായി. ഈ സമയം ഇത് വഴിയുള്ള ഗതാഗത കുരുക്കും രൂക്ഷമായി. രണ്ടായിരത്തോളം പേരാണ് ഇന്നലെ ഇവിടെ ബിരിയാണി വാങ്ങാൻ എത്തിയത്. ബ്രസീല്‍ ഫാൻസ് പ്രഖ്യാപിച്ചത് പോലെ തന്നെ വന്ന എല്ലാവര്‍ക്കും ബിരിയാണി കൊടുക്കാന്‍ സാധിച്ചെന്ന് പരിപാടിക്ക് നേതൃത്വം നൽകിയ നിഷാദ് ആലിക്കൽ പറഞ്ഞു.
