മലപ്പുറം ജില്ലയിലെ 6 പഞ്ചായത്തുകളിലെ പ്രദേശങ്ങൾ ബഫർസോണിൽ ഉൾപ്പെടും

Share to

Perinthalmanna Radio
Date: 23-12-2022

മലപ്പുറം : ജില്ലയിലെ 6 പഞ്ചായത്തുകൾക്കു കീഴിലുള്ള പ്രദേശങ്ങൾ സംരക്ഷിത വന മേഖലയ്ക്കു ചുറ്റുമുള്ള പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുമെന്നു വനം വകുപ്പിന്റെ ഭൂപടം. ചോക്കാട്, കരുവാരകുണ്ട്, കരുളായി, വഴിക്കടവ്, അമരമ്പലം, കാളികാവ് പഞ്ചായത്തുകളിലെ പ്രദേശങ്ങളാണു പരിസ്ഥിതി ലോല മേഖലയിൽ വരുന്നത്. ഇതിൽ, കരുളായി, അമരമ്പലം, വഴിക്കടവ് പഞ്ചായത്തുകൾക്കു കീഴിൽ വരുന്ന പ്രദേശങ്ങൾ പൂർണമായി വന മേഖലയാണെന്നു ഭൂപടത്തിൽ പറയുന്നു. മറ്റു 3 പഞ്ചായത്തുകളിലെ ജനവാസ മേഖലകൾ ലോല മേഖലയിലുണ്ടെന്നാണു നിഗമനം.

ഏതെല്ലാം മേഖലകളാണെന്നു കൃത്യമായി അറിയണമെങ്കിൽ ഉൾപ്പെട്ട പ്രദേശങ്ങളുടെ സർവേ നമ്പർ വരണം. ഒരാഴ്ചയ്ക്കകം ഇതു പ്രസിദ്ധീകരിക്കുമെന്നാണു സർക്കാരിന്റെ അറിയിപ്പ്. സൈലന്റ് വാലി ദേശീയോദ്യാനം, കരിമ്പുഴ വന്യജീവി സങ്കേതം എന്നിവയ്ക്കു ചുറ്റുമുള്ള പരിസ്ഥിതി ലോല മേഖലയിലാണു ജില്ലയിലെ പ്രദേശങ്ങൾ ഉൾപ്പെടുന്നത്.

നേരത്തേ പ്രസിദ്ധീകരിച്ച പരിസ്ഥിതി ലോല മേഖലയുടെ ആകാശ ഭൂപടം വ്യാപകമായ പ്രതിഷേധത്തിനു കാരണമായിരുന്നു. ഇതിൽ വ്യക്തയില്ലെന്നും ജനവാസ മേഖലകൾ തെറ്റായി അടയാളപ്പെടുത്തിയെന്നുമായിരുന്നു പരാതി. ഇതു പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണു വനംവകുപ്പിന്റെ ഭൂപടം പ്രസിദ്ധീകരിച്ചത്.

ഇതിലും വ്യക്തതയില്ലെന്നു കർഷക സംഘടനകൾ ആരോപിക്കുന്നു. കൃഷിയിടങ്ങൾ വനമേഖലകളായി അടയാളപ്പെടുത്തിയിട്ടുണ്ടെന്ന് പരാതിയുണ്ട്.ചോക്കാട് പഞ്ചായത്തിൽ വള്ളിപ്പൂള, ചിങ്കക്കണ്ണ് തുടങ്ങിയ പ്രദേശങ്ങളിലെ ജനവാസ മേഖലകൾ പുതിയ ഭൂപടത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന സൂചനയുണ്ട്. കാളികാവ് പഞ്ചായത്തിലെ അടയ്ക്കാക്കുണ്ട്, പാറശ്ശേരി ഭാഗങ്ങളും ലോല മേഖലയിലാണെന്നാണു സൂചന. കരുവാരകുണ്ടിൽ കരുവാരകുണ്ട്, കേരള എസ്റ്റേറ്റ് വില്ലേജുകളിലെ ജനവാസ മേഖലകൾ ഉൾപ്പെട്ടിട്ടുണ്ടെന്നു കർഷകർ പറയുന്നു.

ആകാശ ഭൂപടത്തിൽ മേഖലയിലെ 98 സർവേ നമ്പറുകൾ ഉൾപ്പെട്ടിരുന്നു. ഇതുപ്രകാരം കർഷകർ കണക്കെടുത്തപ്പോൾ 400– 500 വീടുകൾ നഷ്ടപ്പെടുമെന്നു കണ്ടെത്തിയിരുന്നു. പുതിയ ഭൂപടപ്രകാരം നഷ്ടപ്പെടുന്ന കൃത്യമായ വീടുകളും കൃഷി ഭൂമിയും അറിയണമെങ്കിൽ സർവേ നമ്പർ ലഭിക്കണമെന്നു കർഷകർ പറയുന്നു.

പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BYcevSuLs0dH5STbBgvWwr

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *