വിമാനത്താവള വികസനത്തിന് ഭൂമി വിട്ട് കൊടുക്കുന്നവർക്ക് ഉയർന്ന നഷ്ടപരിഹാരം

Share to

കൊണ്ടോട്ടി: വിമാനത്താവള വികസനത്തിന് ഭൂമി വിട്ടുകൊടുക്കുന്നവർക്ക് ലഭിക്കുന്ന നഷ്ടപരിഹാരം അധികൃതർ വ്യക്തമാക്കി. ഭൂമി നഷ്ടപ്പെടുന്നവരുടെ ആശങ്കകളും പരാതികളും പരിഹരിക്കുന്നതിന് കൊണ്ടോട്ടിയിൽച്ചേർന്ന യോഗത്തിലാണ് നഷ്ടപരിഹാരം റവന്യൂ അധികൃതർ വിശദീകരിച്ചത്.

വീട് നഷ്ടപ്പെടുന്നവർക്ക് പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥർ കണക്കാക്കിയ വിപണിവിലയുടെ രണ്ടിരട്ടി നഷ്ടപരിഹാരമായി ലഭിക്കും. കൂടാതെ ഒരോ വീടിനും മൂന്നുലക്ഷം രൂപ അനുവദിക്കും. വീട് പൊളിച്ച് സാധന സാമഗ്രികൾ കൊണ്ടുപോകുന്നതിന് 50,000 രൂപ, ഒരു വർഷത്തേക്ക് വീട്ടുവാടകയിനത്തിൽ പ്രതിമാസം 5,000 രൂപ നിരക്കിൽ 60,000 രൂപ എന്നിവ ലഭിക്കും. വിലയുടെ ഇരട്ടി തുക മരങ്ങൾക്കും ലഭിക്കും. തേക്ക്, ഈട്ടി തുടങ്ങിയ മരങ്ങൾക്ക് വനംവകുപ്പ് അധികൃതരാണ് വില നിശ്ചയിക്കുക. തെങ്ങ്, കമുക് തുടങ്ങിയവയ്ക്ക് കൃഷിവകുപ്പധികൃതരും വില നിശ്ചയിക്കും. വിട്ടുകൊടുക്കുന്ന ഭൂമിക്ക് വിപണിവിലയുടെ രണ്ടിരട്ടി ലഭിക്കും.

അഞ്ചുകിലോമീറ്റർ പരിധിയിൽ മൂന്ന് വർഷത്തിനിടയ്ക്ക് രജിസ്റ്റർചെയ്ത ആധാരങ്ങളിലെ മുന്തിയ വിലയാണ് നഷ്ടപരിഹാരത്തിന് അടിസ്ഥാന വിലയായി പരിഗണിക്കുക. നൂറോളംപേർ യോഗത്തിൽ പങ്കെടുത്തു. ഭൂമി നഷ്ടപ്പെടുന്നവരുടെ ആശങ്കകൾ സമരസമിതി ഭാരവാഹികൾ അധികൃതർക്ക് മുന്നിൽ അവതരിപ്പിച്ചു. നഗരസഭാധ്യക്ഷ സി.ടി. ഫാത്തിമത്ത് സുഹ്‌റാബി അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ.പി. ഫിറോസ്, സുഹൈറുദ്ദീൻ, ഡെപ്യൂട്ടി കളക്ടർ കെ. ശ്രീകുമാർ, തഹസിൽദാർ എ. വേണുഗോപാൽ, ഡെപ്യൂട്ടി തഹസിൽദാർ പി.വി. അഹമ്മദ് സാജു, കെ. റെയിൽ പ്രതിനിധി മിഥുൻ ജോസഫ്, വിമാനത്താവള അതോറിറ്റി പ്രതിനിധികളായ ബിജു, നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.

Share to