ഒരു മാസത്തിനിടെ കരിപ്പൂരിൽ നിന്ന് പിടിച്ചത് 13.5 കോടിയുടെ സ്വർണ്ണം

Share to

Perinthalmanna Radio
Date: 09-11-2022

ഒരു മാസത്തിനിടെ കരിപ്പൂരിൽ പിടികൂടിയത് പതിമൂന്നര കോടിയോളം രൂപയുടെ കള്ളക്കടത്ത് സ്വർണ്ണം. 26.81 കിലോഗ്രാം സ്വർണ്ണവുമായി 24 പേർ പിടിയിലായി. ഇതിൽ 22.27 കിലോഗ്രാം സ്വർണ്ണവും കരിപ്പൂർ വിമാനത്താവളത്തിന് അകത്ത് വച്ച് കസ്റ്റംസ് പിടികൂടിയതാണ്. 4.54 കിലോഗ്രാം സ്വർണ്ണം വിമാനത്താവളത്തിന് പുറത്ത് വച്ച് പൊലീസും പിടികൂടി. കസ്റ്റംസിന്റെ പരിശോധന വെട്ടിച്ച് പുറത്തുകടത്തുന്ന സ്വർണ്ണമാണ് രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് പിടികൂടുന്നത്. സ്വർണ്ണ കാരിയർമാരിൽ ഭൂരിഭാഗവും 20നും 30നും ഇടയിൽ പ്രായമുള്ളവരാണ്. ഒരുകിലോ സ്വർണ്ണം കടത്തിയാൽ അര ലക്ഷം രൂപ മുതലാണ് പ്രതിഫലം. വിമാന ടിക്കറ്റ്,​ വിസ,​ താമസച്ചെലവുകൾ എന്നിവ സ്വർണ്ണക്കടത്ത് സംഘം വഹിക്കും. അബൂദാബി,​ ഷാർജ്ജ,​ ദുബായ്,​ ബഹറൈൻ,​ മസ്ക്കറ്റ്,​ ജിദ്ദ,​ ദോഹ എന്നിവിടങ്ങളിൽ നിന്നാണ് ഇക്കാലയളവിൽ സ്വർണ്ണം കടത്തിയത്.

233 ഗ്രാം തൂക്കമുള്ള രണ്ട് സ്വർണ്ണ ബിസ്ക്കറ്റുകൾ നാല് കഷ്ണങ്ങളാക്കി വായയ്ക്ക് അകത്താക്കി ഒളിപ്പിച്ചു കടത്തിയ കാസർകോട് സ്വദേശിയായ 24കാരനെ വിമാനത്താവളത്തിന് പുറത്തുവച്ച് പൊലീസ് പിടികൂടിയിരുന്നു. അടിവസ്ത്രത്തിൽ ഒളിപ്പിച്ചും ഇലക്ട്രോണിക് ഉപകരണങ്ങൾക്കുള്ളിലും ഷൂവിനും സോക്സിന് അകത്തുമെല്ലാം ഒളിപ്പിച്ച് സ്വർണ്ണം കടത്തിയവരുണ്ട്. കഴിഞ്ഞ മാസം 20ന് എയർകസ്റ്റംസ് ഇന്റലിജന്റ്സ് വിഭാഗം യാത്രക്കാരന്റെ ബാഗിൽ നിന്ന് അ‌ഞ്ച് കിലോ സ്വർണ്ണം പിടികൂടിയിരുന്നു. സ്വർണ്ണം വിമാനത്താവളത്തിന് പുറത്തെത്തിക്കാൻ ഒത്താശയേകിയ രണ്ട് എയർലൈൻസ് ജീവനക്കാരും പിടിയിലായി. മുഖ്യപ്രതികളിൽ ഒരാൾ എറണാകുളത്ത് നിന്ന് കോഴിക്കോട്ടേക്ക് വരുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കരിപ്പൂർ ഭാഗത്ത് കസ്റ്റംസ് ഉദ്യോഗസ്ഥർ കാർ തടഞ്ഞുനിറുത്തി പിടികൂടാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥരെ തട്ടിത്തെറിപ്പിച്ച് രക്ഷപ്പെട്ടു. ഈ കേസിൽ അഞ്ചുപേർ അറസ്റ്റിലായിട്ടുണ്ട്. സ്വർണ്ണക്കടത്ത് സംഘങ്ങൾക്ക് പിന്നിൽ വലിയ മാഫിയ തന്നെയുണ്ടെങ്കിലും മിക്കപ്പോഴും പ്രധാനകണ്ണികൾ പിടികൂടപ്പെടാറില്ല.

പിടികൂടിയവരിൽ കൂടുതൽ പേരും മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവരാണ്. ഒരു മാസത്തിനിടെ മലപ്പുറം ജില്ലക്കാരായ ഏഴ് പേരും കോഴിക്കോട് ജില്ലക്കാരായ ആറ് പേരും പിടിയിലായി. കാസ‌ർകോട്, കണ്ണൂർ ജില്ലക്കാ‌ർ രണ്ട് പേർ വീതവും. മറ്റ് ജില്ലകളിൽ നിന്നുള്ളവർ കരിപ്പൂർ വഴിയുള്ള സ്വർണ്ണക്കടത്തിൽ പിടികൂടപ്പെടുന്നത് കുറവാണ്. പിടി കൂടിയവരിൽ കൂടുതൽ പേരും ശരീരത്തിനകത്ത് ക്യാപ്സൂൾ രൂപത്തിൽ സ്വർണ്ണം കടത്തുകയാണ് ചെയ്തത്. കുറ്റം വിസമ്മതിക്കുന്നതിനാൽ ആശുപത്രിയിലെത്തിച്ച് എക്സ്‌റേ എടുക്കുകയാണ് പതിവ്.

Share to

Leave a Reply

Your email address will not be published. Required fields are marked *