Perinthalmanna Radio
Date: 01-11-2022
കരിപ്പൂർ: കോഴിക്കോട് വിമാന താവളത്തിലെ റൺവേ ബലപ്പെടുത്തുന്ന റീ കാർപറ്റിങ് ജോലിക്കുള്ള കരാർ ഉറപ്പിച്ചു. 56 കോടി രൂപയുടെ നവീകരണ ജോലിയാണു നടക്കുക. റൺവേയുടെ മധ്യത്തിൽ പ്രകാശ സംവിധാനം ഏർപ്പെടുത്തുകയും ചെയ്യും. ഡൽഹി ആസ്ഥാനമായുള്ള എൻഎസി പ്രോജക്ട് ആണ് കരാർ ഏറ്റെടുത്തത്. രാജ്യാന്തര ടെൻഡറിൽ 6 കമ്പനികൾ പങ്കെടുത്തിരുന്നു. 64 കോടി രൂപയാണ് എയർ പോർട്ട് അതോറിറ്റി കണക്കാക്കിയ തുക. 56 കോടി രൂപയ്ക്കാണ് കരാർ ഉറപ്പിച്ചത്.
ജനുവരി മധ്യത്തോടെയാണു കാർപറ്റിങ് ജോലി നിശ്ചയിച്ചിട്ടുള്ളത്. പ്രവൃത്തി തുടങ്ങിയാൽ വിമാന സമയങ്ങളിൽ മാറ്റമുണ്ടാകും. പകൽ സമയത്ത് നിയന്ത്രണം ഏർപ്പെടുത്തി സർവീസുകൾ രാത്രിയിലേക്ക് ക്രമീകരിക്കും എന്നാണു വിവരം. സുരക്ഷാ പ്രദേശമായ റിസ നീളം കൂട്ടുന്ന ജോലികൾ വേറെ നടക്കും. റൺവേയുടെ രണ്ടറ്റത്തും സുരക്ഷാ പ്രദേശം ദീർഘിപ്പിക്കുന്നതിനായി 14.5 ഏക്കർ ഏറ്റെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്.