കരിപ്പൂരിൽ കള്ളക്കടത്ത് കൂടാനുള്ള കാരണം കസ്റ്റംസ് ജീവനക്കാരുടെ കുറവെന്ന് റിപ്പോർട്ട്

Share to

Perinthalmanna Radio
Date: 01-04-2023

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ കള്ളക്കടത്ത് കൂടാനുള്ള പ്രധാന കാരണം കസ്റ്റംസ് ജീവനക്കാരുടെ കുറവാണെന്ന് കൊച്ചി കസ്റ്റംസ് കമ്മിഷണറേറ്റ് തയ്യാറാക്കിയ 70 പേജുള്ള റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വർഷം 15,000-ലേറെ അന്താരാഷ്ട്ര വിമാന സർവീസ് നടക്കുന്ന കരിപ്പൂരിൽ 25 ലക്ഷത്തിലേറെ അന്താരാഷ്ട്ര യാത്രക്കാർ വന്നുപോകുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

പത്തുലക്ഷം യാത്രക്കാരെ കൈകാര്യംചെയ്യാൻ 144 കസ്റ്റംസ് ജീവനക്കാർ വേണമെന്നാണ് മനുഷ്യവിഭവശേഷി വിഭാഗത്തിന്റെ മാനദണ്ഡം. എന്നിട്ടും കരിപ്പൂരിൽ 85 കസ്റ്റംസ് ജീവനക്കാരേയെ നിയോഗിച്ചിട്ടുള്ളൂ. ഇതിൽത്തന്നെ 44 പേരെയാണ് വിമാനത്താവളത്തിൽ നിയോഗിച്ചിട്ടുള്ളത്. ഇവരെ ദിവസം മൂന്ന്‌ ഷിഫ്റ്റിൽ വിന്യസിക്കുമ്പോൾ ഒരുബാച്ചിൽ ഏഴ്-എട്ട് ബാഗേജ് ഓഫീസർമാരേ ഉണ്ടാകൂ. ദിവസം ഏഴായിരത്തിലേറെ യാത്രക്കാരെ പരിശോധിക്കൽ ഇവരെ സംബന്ധിച്ച് സാധ്യമല്ലെന്ന് ഏതാനും മാസം മുൻപ്‌ തയ്യാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

റിപ്പോർട്ട് നൽകിയശേഷം ഈ അവസ്ഥയിൽ മാറ്റം വന്നിട്ടുണ്ടോ എന്ന് വ്യക്തമല്ല. പക്ഷേ കസ്റ്റംസിന്റെ പ്രിവന്റീവ് വിഭാഗത്തിൽ നിലവിൽ ഏഴ്-എട്ട് സൂപ്രണ്ടുമാർക്ക് രണ്ട് ഇൻസ്പെക്ടർ മാത്രമാണുള്ളത്. കൂടുതൽ ഇൻസ്പെക്ടർമാരെയാണ് വേണ്ടതെന്നിരിക്കേ സൂപ്രണ്ടുമാർക്ക് ആനുപാതികമായി ഇൻസ്പെക്ടർമാരെ നിയമിച്ചിട്ടില്ലെന്ന് വ്യക്തം.

കഴിഞ്ഞദിവസം പ്രിവന്റീവ് വിഭാഗം 24 മണിക്കൂർകൊണ്ട് അഞ്ച് കള്ളക്കടത്ത് പിടികൂടിയിരുന്നു. ഇതിലൊരു സംഘത്തെ പിടികൂടി എക്സറേ പരിശോധനയ്ക്ക് കൊണ്ടുപോകുമ്പോഴാണ് സ്വർണം തട്ടിക്കൊണ്ടുപോകാൻ ലക്ഷ്യമിട്ട് ആറംഗ സംഘം എത്തിയതും ഇവരെ പോലീസ് പിടികൂടിയതും. ഇത്രയും കടത്തുകാരെ പിടികൂടാൻ കഴിഞ്ഞത് പുറത്തുനിന്ന് കൃത്യമായ വിവരം കിട്ടിയതുകൊണ്ടാണെന്ന് കസ്റ്റംസുകാർ പറയുന്നു. ‘അല്ലാതെ പരിശോധനയിൽ കണ്ടെത്താനാവില്ല. അത്രയധികം യാത്രക്കാരുണ്ട്. അവരെ വിശദമായി പരിശോധിക്കാൻ നിന്നാൽ കവാടത്തിൽ നീണ്ട ക്യൂ രൂപപ്പെടും’- അവർ പറയുന്നു.

കരിപ്പൂരിൽ 200 കസ്റ്റംസ് ജീവനക്കാരെ നിയമിക്കാൻ നടപടിയായി വരുന്നതായി മനുഷ്യവിഭവശേഷി വിഭാഗം ഏതാനും വർഷംമുൻപ്‌ ഒരു കത്തിൽ സൂചിപ്പിച്ചിരുന്നതായി റിപ്പോർട്ട് പറയുന്നു. അന്നത്തെക്കാൾ യാത്രക്കാരുടെ എണ്ണം കൂടിയിട്ടും അംഗീകൃത തസ്തികയിൽപ്പോലും നിയമനം പൂർത്തിയാകുന്നില്ല. ജോലിഭാരം കുറഞ്ഞ സ്ഥലത്തുനിന്ന് കൂടിയ സ്ഥലത്തേക്ക് കൂടുതൽ പേരെ ലഭ്യമാകുന്ന തരത്തിൽ തിരുവനന്തപുരം സോണിന് കീഴിലെ ജീവനക്കാരെ മൊത്തം പുനർവിന്യസിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.

2012 മുതൽ 2022 വരെയുള്ള വർഷങ്ങളിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ ആകെ 233.37 കിലോഗ്രാം കള്ളക്കടത്ത് സ്വർണമാണ് പിടികൂടിയതെന്ന് വിവരാവകാശ നിയമപ്രകാരം കൊച്ചി കസ്റ്റംസ് കമ്മീഷണറേറ്റ് വ്യക്തമാക്കിയിരുന്നു. കരിപ്പൂരിൽ ഇതിന്റെ അഞ്ച് ഇരട്ടിയിലേറെ, 1205.21 കിലോഗ്രാമാണ് പിടികൂടിയത്.

ജീവനക്കാർക്ക് മികച്ച പരിശീലനം നൽകുക, മയക്കുമരുന്ന് കടത്തും കൂടിവരുന്ന സാഹചര്യത്തിൽ ഡോഗ് സ്ക്വാഡിന നിയോഗിക്കുക, വിമാനത്താവളത്തിലെ വിവിധ സർക്കാർ ഏജൻസികൾ തമ്മിൽ കൂടുതൽ സഹകരണം ഉണ്ടാക്കുക തുടങ്ങിയ നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *