കരിപ്പൂർ വിമാനത്താവള വികസനം; തടസ്സമാകുന്നത് നിസ്സാര തർക്കം

Share to

Perinthalmanna Radio
Date: 27-11-2022

മലപ്പുറം : കരിപ്പൂർ വിമാനത്താവള വികസനത്തിനു തടസ്സമാകുന്നത് കേന്ദ്ര–സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള നിസ്സാര തർക്കം. ഇരു വിഭാഗവും സ്വന്തം നിലപാടുകൾ ആവർത്തിക്കുമ്പോൾ വിമാന താവളത്തിന്റെ ചിറകരിയാനുള്ള നീക്കങ്ങളും സജീവമാകുന്നു. റൺവേ വികസനത്തിനായി 14.5 ഏക്കർ ഭൂമിയേറ്റെടുത്ത് നൽകാൻ കേന്ദ്രം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സ്ഥലം ഏറ്റെടുത്തു നൽകാൻ സർക്കാർ തയാറാണ്. എന്നാൽ, റൺവേക്കു സമമായി ഇതു നിരപ്പാക്കി നൽകണമെന്ന ആവശ്യം കൂടി കേന്ദ്രം മുന്നോട്ടുവച്ചിട്ടുണ്ട്. ഇതിന്റെ ചെലവ് കേന്ദ്രം വഹിക്കണമെന്നാണു സംസ്ഥാന നിലപാട്. സ്ഥലം ഏറ്റെടുക്കേണ്ടതു സംസ്ഥാന സർക്കാരിന്റെ ചുമതലയാണ്.

ഇതിനായി തിരക്കിട്ട നടപടികൾ തുടങ്ങിയിരുന്നു. എന്നാൽ, സർവേയുൾപ്പെടെയുള്ള നടപടികളിലേക്കു കടക്കണമെങ്കിൽ 50 ലക്ഷം കണ്ടിൻജൻസി ഫണ്ട് സംസ്ഥാന സർക്കാർ അനുവദിക്കണം. ഇത് ഇതുവരെയുണ്ടായിട്ടില്ല. കണ്ടിൻജൻസി ഫണ്ട് പ്രശ്നമല്ലെന്നും എപ്പോൾ വേണമെങ്കിലും അനുവദിക്കാമെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു.

നിരപ്പാക്കുന്നതുമായി ബന്ധപ്പെട്ട തർക്കം തീരുമാനമാകുന്നതിനു കാത്തുനിൽക്കാതെ ഭൂമിയേറ്റെടുക്കൽ നടപടിക്കു സംസ്ഥാനം വേഗം കൂട്ടണമെന്നാണു ജനപ്രതിനിധികളുടെയും വിമാനത്താവളത്തെ ആശ്രയിക്കന്നവരുടെയും ആവശ്യം.

വികസനം വൈകുന്നതുമായി ബന്ധപ്പെട്ടു ജില്ലാ വികസന സമിതി യോഗത്തിൽ ബഹളം. ടി.വി.ഇബ്രാഹിം എംഎൽഎയാണു വിഷയം യോഗത്തിൽ ഉന്നയിച്ചത്. വിമാനത്താവളത്തെ തകർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പി.അബ്ദുൽ ഹമീദ് എംഎൽഎയും പ്രതിഷേധം അറിയിച്ചു.

Share to

Leave a Reply

Your email address will not be published. Required fields are marked *