Perinthalmanna Radio
Date: 13-12-2022
കോഴിക്കോട് വിമാനത്താവളത്തിൽ റൺവേ വെട്ടിച്ചുരുക്കാതെ റെസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) നിർമാണം നടത്താൻ എയർപോർട്ട് അതോറിറ്റി തീരുമാനിച്ചു. വിമാനത്താവള ഉപദേശക സമിതി ചെയർമാൻ എം.പി. അബ്ദുസ്സമദ് സമദാനി എം.പി.യാണ് ഇക്കാര്യം അറിയിച്ചത്.
റൺവേയുടെ രണ്ടറ്റത്തുമുള്ള റെസ നിർമാണവും അതിനോട് അനുബന്ധമായ മണ്ണ് നിരത്തലും നടത്താനാണ് അതോറിറ്റി തീരുമാനിച്ചത്. ഇതു സംബന്ധിച്ച സന്ദേശം എയർപോർട്ട് അതോറിറ്റിയിൽ നിന്ന് കോഴിക്കോട് വിമാനത്താവള അധികൃതർക്ക് ലഭിച്ചതായും സമദാനി പറഞ്ഞു. എത്രയും പെട്ടെന്ന് നിർമാണം തുടങ്ങാനുള്ള സാങ്കേതിക കാര്യങ്ങൾ ഏകോപിപ്പിക്കാൻ എയർപോർട്ട് ഡയറക്ടറെ ചുമതലപ്പെടുത്തി.
റൺവേ വെട്ടിച്ചുരുക്കാതെയുള്ള നിർമാണപ്രവർത്തനത്തിനായി എം.പി. സമ്മർദം ചെലുത്തിയിരുന്നു. റൺവേ വെട്ടിച്ചുരുക്കുന്ന നടപടിയിലേക്കു പോകരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പാർലമെന്റിന്റെ നടപ്പുസമ്മേളനത്തിൽ ഇതുസംബന്ധിച്ച് സമദാനി ആദ്യ ദിവസംതന്നെ സബ്മിഷൻ ഉന്നയിച്ചിരുന്നു.