പ്രാരംഭ പ്രവർത്തനങ്ങൾക്കുള്ള 50 ലക്ഷം അനുവദിച്ചില്ല; കരിപ്പൂർ‌ ഭൂമിയേറ്റെടുക്കൽ നിലച്ചു

Share to

Perinthalmanna Radio
Date: 16-11-2022

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിന് ഭൂമിയേറ്റെടുക്കുന്നതിന് മുന്നോടിയായി സർവേയും പരിസ്ഥിതി ആഘാത പഠനവും നടത്താനുള്ള 50 ലക്ഷം രൂപ അനുവദിക്കുന്നത് നീളുന്നു. ഈ തുക ഗതാഗത വകുപ്പ് റവന്യൂവകുപ്പിന് നൽകിയാലേ ഭൂമിയേറ്റെടുക്കലിലേക്ക് പ്രവേശിക്കാനാവൂ. വിമാനത്താവള അതോറിറ്റിക്ക് ഡിസംബർ 31നകം ഭൂമിയേറ്റെടുത്ത് നൽകാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള യോഗം തീരുമാനിച്ചിരുന്നു. നാല് മാസത്തിനകം ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രിയും പ്രഖ്യാപിച്ചു.

പ്രാരംഭ പ്രവൃത്തികൾക്കുള്ള 50 ലക്ഷം അനുവദിച്ചാൽ ഭൂമിയേറ്റെടുക്കുന്നതിനുള്ള നഷ്ടപരിഹാരവും സംസ്ഥാന സർക്കാർ വഹിക്കേണ്ടിവരും. ഭൂമിയേറ്റെടുക്കാൻ 130 കോടിയോളം വേണം. ഭൂമിക്ക് നഷ്ടപരിഹാരം നൽകാനാവില്ലെന്ന് എയർപോർട്ട് അതോറിറ്റി സംസ്ഥാന സർ‌ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഗതാഗത വകുപ്പ് സെക്രട്ടറിക്ക് മുന്നിലുള്ള ഫയലിൽ സ‌ർക്കാർ അന്തിമ തീരുമാനമെടുത്തിട്ടില്ല. ഭൂമിയേറ്റെടുത്ത് നൽകിയാൽ മണ്ണിട്ട് നികത്താനുള്ള തുക വഹിക്കാമെന്ന് എയർപോർട്ട് അതോറിറ്റി അറിയിച്ചിട്ടുണ്ട്. 100 കോടിയാണ് ഇതിനുവേണ്ടത്.

കടമ്പകൾ ഏറെ

ഭൂമിയേറ്റെടുക്കാൻ 100 കോടിയിലധികം ചെലവാകുമെന്നതിനാൽ ബഡ‌്ജറ്റ് പ്രൊവിഷനില്ലാതെ ഈ ബാദ്ധ്യത ഗതാഗത വകുപ്പിന് ഏറ്റെടുക്കാനാവില്ല. ഇതിനുള്ള ഫയൽ മന്ത്രിസഭ അംഗീകരിക്കണം. ഭൂമിയേറ്റെടുത്ത് കേന്ദ്ര സർക്കാരിന് കൈമാറുന്നതിലും തീരുമാനമെടുക്കണം. ശേഷം സപ്ലിമെന്ററി ബഡ്ജറ്റിൽ ഭൂമിയേറ്റെടുക്കാനുള്ള തുക വകയിരുത്തണം. കേന്ദ്ര സർക്കാരിന് കൈമാറേണ്ടതിനാൽ ഭൂമിയേറ്റെടുക്കൽ ചെലവ് കിഫ്ബിയിലൂടെ വകയിരുത്താനാവില്ല. സർക്കാർ ചെലവിൽ ഭൂമിയേറ്റെടുത്ത് എയർപോർട്ട് അതോറിറ്റിക്ക് കൈമാറുകയും പിന്നീട് വിമാനത്താവളം സ്വകാര്യവത്കരിക്കുകയും ചെയ്താലുള്ള പഴികളടക്കമുള്ള ആശങ്ക സംസ്ഥാന സർക്കാരിനുണ്ട്. സ്വകാര്യവത്കരണ സാദ്ധ്യത മുന്നിലുള്ളതിനാൽ ഭൂമിയേറ്റെടുക്കുന്നതിനോട് ജനപ്രതിനിധികൾക്കും താത്പര്യമില്ല

ജീവനക്കാർ സ്പെഷൽ ഡ്യൂട്ടിയിൽ

കരിപ്പൂർ വിമാനത്താവളത്തിനായി ഭൂമിയേറ്റെടുക്കുന്നതിന് നാലുവർഷം മുമ്പ് പ്രത്യേക ഓഫീസ് തുടങ്ങിയിരുന്നു. ഡെപ്യൂട്ടി കളക്ടർ, ഡെപ്യൂട്ടി തഹസിൽദാർ, മൂന്ന് സർവേയർമാർ, രണ്ട് ക്ലർക്ക് എന്നിങ്ങനെയാണിത്. കൊവിഡും ഭൂമിയുടെ നഷ്ടപരിഹാര കാര്യങ്ങളിൽ തീരുമാനമാവാത്തതും പ്രവർത്തനത്തെ ബാധിച്ചു. നിലവിൽ മൂന്ന് സർവേയർമാരെ ഗ്രീൻ ഹൈവേയുടെ പ്രവർത്തനങ്ങൾക്കായി മാറ്റിയിട്ടുണ്ട്. ഇപ്പോൾ സ്പെഷൽ ഓഫീസിലുള്ള ഡെപ്യൂട്ടി കളക്ടർ, ഡെപ്യൂട്ടി തഹസിൽദാർ, രണ്ട് ക്ലർക്ക് എന്നിവരുടെ സേവനം കളക്ടറേറ്റിൽ ജീവനക്കാർ ലീവെടുക്കുമ്പോൾ പ്രയോജനപ്പെടുത്തുന്നുണ്ട്.

ഏറ്റെടുക്കുക 14.5 ഏക്കർ

വിമാനത്താവളത്തിനായി 18.5 ഏക്കർ ഏറ്റെടുക്കാനായിരുന്നു കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിർദ്ദേശം. 180 ഓളം വീടുകളും ഒരു ശ്മശാനവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലേക്ക് പോകുന്ന റോഡും ഒഴിപ്പിക്കേണ്ടി വരുമെന്ന സാഹചര്യം വ്യോമയാന മന്ത്രാലയത്തെ സ‌ർ‌ക്കാ‌ർ അറിയിച്ചതോടെ 14.5 ഏക്കർ ഭൂമി ഏറ്റെടുക്കാൻ അനുമതി ലഭിച്ചു. പള്ളിക്കൽ വില്ലേജിലെ ഏഴേക്കറും നെടിയിരുപ്പ് വില്ലേജിലെ 7.5 ഏക്കറുമാണ് ഏറ്റെടുക്കുക. കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങളും കൂടുതൽ വിമാനങ്ങളും ഇറങ്ങുന്നതിന് റൺവേ വികസനം അനിവാര്യമാണെന്ന നിലപാടിലാണ് വ്യോമയാന മന്ത്രാലയം.

Share to

Leave a Reply

Your email address will not be published. Required fields are marked *