Perinthalmanna Radio
Date: 12-12-2022
മേലാറ്റൂർ: കാത്തിരിപ്പിന് ഒടുവിൽ ഫണ്ട് അനുവദിച്ചു കിട്ടിയ ചെമ്മാണിയോട് ബൈപാസ് റോഡിന്റെ നവീകരണം നീളുന്നത് നാട്ടുകാരെ ദുരിതത്തിലാക്കി. പൊടിശല്യത്താൽ ഒട്ടേറെ വീട്ടു കാരും ഇരുചക്ര വാഹന യാത്രക്കാരും കാൽനട യാത്രക്കാരുമാണ് കഷ്ടത്തിലായത്. സ്ഥലം എംഎൽഎയുടെയും ജില്ലാ പഞ്ചായത്തിന്റെയും അരക്കോടി രൂപ വീതം ചെലവിട്ടാണ് ഒരു കിലോമീറ്ററോളം റോഡ് നവീകരിക്കുന്നത്. നിലവിൽ ഉണ്ടായിരുന്ന റോഡ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചിരുന്നു. മൺ പാതയായതോടെ പൊടിശല്യത്താൽ പ്രദേശത്തുകാർ പൊറുതി മുട്ടി. നിരതരമായ പരാതിയെ തുടർന്നു നജീബ് കാന്തപുരം എംഎൽഎ കഴിഞ്ഞ ഒക്ടോബർ 14ന് സ്ഥലം സന്ദർശിച്ചിരുന്നു.
ഓവുപാലം പണി നടത്തി ഒരു മാസത്തിനകം റോഡിന്റെ പണി തീർക്കുമെന്നു കരാറുകാരനുമായി സംസാരിച്ച് തീരുമാനം എടുത്തതായിരുന്നു. എന്നാൽ ഒന്നര മാസം കഴിഞ്ഞിട്ടും പണി എങ്ങും എത്തിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. പണി പൂർത്തിയായാൽ മേലാറ്റൂരിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് 3 കിലോമീറ്ററോളം ദൂരം ലാഭിക്കാനാകും. ഇപ്പോൾ ഉച്ചാരക്കടവിലൂടെ മൂന്നു കയറ്റങ്ങൾ താണ്ടിയാണ് വാഹനങ്ങൾ കടന്നു പോകുന്നത്.