Perinthalmanna Radio
Date: 20-10-2022
മേലാറ്റൂർ: നവീകരണം നടക്കുന്ന മേലാറ്റൂർ- ചെമ്മാണിയോട് ബൈപ്പാസ് റോഡിൽ പുതിയ ഓവുപാലം നിർമിക്കുന്നതിനായി പഴയത് പൊളിച്ചു തുടങ്ങി. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ഒന്നരമീറ്റർ വീതിയിലാണ് പുതിയ ഓവുപാലം നിർമിക്കുന്നത്.
വിവരമറിഞ്ഞെത്തിയ നാട്ടുകാർ പണി വേഗത്തിൽ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് സംഘടിച്ചു. സ്ഥലത്ത് എത്തിയ അസി. എൻജിനീയർ, കരാറുകാരൻ എന്നിവരുമായി നാട്ടുകാർ തർക്കത്തിൽ ഏർപ്പെട്ടു. വർഷങ്ങളായി തങ്ങൾ യാത്രാദുരിതം നേരിടുകയാണെന്നും പണി നീട്ടിക്കൊണ്ടു പോയി ഇനിയും ദുരിതത്തിലാക്കരുതെന്നുമായിരുന്നു നാട്ടുകാരുടെ ആവശ്യം.
തുടർന്ന് മുൻ വാർഡംഗം എ. അജിത്ത് പ്രസാദ് അടക്കമുള്ളവർ സ്ഥലത്തെത്തി നടത്തിയ ചർച്ചയിൽ പത്തു ദിവസത്തിനകം നിർമാണം പൂർത്തിയാക്കാമെന്ന് ധാരണയായി. 1200 മീറ്റർ ദൈർഘ്യമുള്ള ബൈപ്പാസ് റോഡ് നവീകരിക്കുന്നതിന്റെ ഭാഗമായി 700 മീറ്റർ ദൂരം സോളിങ് പാകിയിരിക്കയാണിപ്പോൾ. ഓവുപാലത്തിന്റെ പണി പൂർത്തിയാലുടൻ ടാറിങ് ജോലികൾ ആരംഭിക്കും. ബൈപ്പാസ് റോഡിലൂടെയുള്ള ഗതാഗതം ഒരു മാസത്തേക്ക് പൂർണമായും നിരോധിച്ചിട്ടുണ്ട്.
———————————————
Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ