Perinthalmanna Radio
Date: 25-07-2023
അങ്ങാടിപ്പുറം: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാനുള്ള നടപടികളുടെ ഭാഗമായി ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക സ്ക്വാഡ് അങ്ങാടിപ്പുറം ടൗണില്‍ പരിശോധന നടത്തി. ജില്ലാ സപ്ലൈ ഓഫീസർ എൽ. മിനിയുടെ നേതൃത്വത്തിൽ പൊതു വിതരണം, ലീഗല്‍ മെട്രോളജി, ഭക്ഷ്യ സുരക്ഷ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ചേർന്നാണ് പരിശോധന നടത്തിയത്. പഴം പച്ചക്കറി വില്‍പ്പന ശാലകൾ, മത്സ്യ മാംസ മാർക്കറ്റുകൾ, സൂപ്പർ മാർക്കറ്റുകൾ പലചരക്ക് കടകൾ, ബേക്കറികൾ, ഹോട്ടലുകൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്. ആകെ 15 സ്ഥാപനങ്ങൾ പരിശോധന നടത്തിയതിൽ 9 സ്ഥാപനങ്ങളില്‍ ക്രമക്കേടുകൾ കണ്ടെത്തി. അമിത ലാഭമെടുത്ത് വില്‍പ്പന നടത്തിയതായി കണ്ടെത്തിയ പച്ചക്കറി കടകളുടെ ഉടമകള്‍ക്ക് നോട്ടീസ് നല്‍കി. ഉൽപ്പന്നങ്ങളുടെ പേരു വിവരങ്ങൾ രേഖപ്പെടുത്താത്ത പാക്കറ്റുകളിൽ വിൽപ്പന നടത്തിയതിനും കൃത്യമായി അളവ് തൂക്ക ഉപകരണങ്ങളുടെ മുദ്ര പതിപ്പിക്കല്‍ നടത്താതിരുന്നതിനും രേഖകള്‍ പ്രദര്‍ശിപ്പിക്കാതിരുന്നതിനും 3000 രൂപ പിഴ ഈടാക്കി. ക്രമക്കേടുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നിര്‍ദ്ദേശവും നല്‍കി. പരിശോധനയിൽ താലൂക്ക് സപ്ലൈ ഓഫീസർ അബ്ദു റഹ്‍മാൻ, റേഷനിങ് ഇൻസ്പെക്ടർ ടി.എ രജീഷ് കുമാർ, ലീഗല്‍ മെട്രോളജി ഇൻസ്പെക്ടർ ആര്‍.എസ് രഞ്ജിത്ത്, അസിസ്റ്റൻറ് ബി. മണികണ്ഠൻ, മങ്കട ഭക്ഷ്യസുരക്ഷ ഓഫീസർ എ.പി അശ്വതി എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B8bFzD8KOmd4Ats7h5bOJu
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ