Perinthalmanna Radio
Date: 30-12-2022
പുതിയ കോവിഡ് വകഭേദത്തിന്റെ പശ്ചാത്തലത്തിൽ, ബൂസ്റ്റർ ഡോസ് എടുക്കുന്നതിൽ ഉപേക്ഷ പാടില്ലെന്നു കേന്ദ്രം ആവർത്തിക്കുമ്പോഴും വാക്സീൻ സ്റ്റോക്കില്ലാതെ കേരളം. കോവിഷീൽഡ്, കോർബെവാക്സ് പ്രതിരോധ മരുന്നുകളുടെ ഒരു ഡോസ് പോലും സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ സ്റ്റോക്ക് ഇല്ല. നാളെ കാലാവധി കഴിയുന്ന 14,390 ഡോസ് കോവാക്സിൻ മാത്രമാണ് സ്റ്റോക്കുള്ള കോവിഡ് വാക്സീൻ. മുൻപ് വാക്സീൻ എടുക്കാൻ ആളുകൾ എത്താത്തതിനാലാണ് സർക്കാർ മരുന്നു സംഭരണം കുറച്ചത്.
അതേസമയം, പുതുവർഷത്തിന്റെ ആദ്യ നാളുകളിൽ കോവിഡ് കേസുകളുയരാമെന്ന മുന്നറിയിപ്പു വരുമ്പോൾ കേരളത്തിൽ ഇനിയും 90 ശതമാനത്തോളം ആളുകൾ കരുതൽ ഡോസ് എടുക്കാനുണ്ട്. രണ്ടു ഡോസുകളും എടുക്കാത്തവരുമുണ്ട്. ആരോഗ്യപ്രവർത്തകരിൽ പോലും കരുതൽ ഡോസ് എടുത്തവർ പകുതിപ്പേർ മാത്രമാണ്. കരുതൽ ഡോസ് എടുക്കാൻ കാര്യമായ നിർദേശം സർക്കാരിന്റെ ഭാഗത്തു നിന്നില്ലാത്തതിനാൽ വാക്സിനേഷനോട് ജനം വിമുഖത കാണിക്കുകയാണ്. എന്നാൽ, പുതുവർഷത്തുടക്കം നിർണായകമാകുമെന്നു കേന്ദ്ര മുന്നറിയിപ്പുള്ളതിനാൽ കൂടുതൽ പേർ വാക്സീനെടുക്കാൻ എത്തിയാൽ സർക്കാർ ആശുപത്രികളിൽ പ്രതിസന്ധിയുണ്ടാകും.
വളരെക്കുറഞ്ഞ അളവിൽ കോവിഷീൽഡ് വാക്സീൻ സംസ്ഥാനം ഇപ്പോൾ ആവശ്യപ്പെട്ടിട്ടുണ്ട്. മരുന്നിന്റെ കാലാവധി കുറവായതിനാലും ഒരു വയലിൽ കൂടുതൽ ഡോസുകളുള്ളതിനാലും വലിയ അളവിൽ വാക്സീൻ വാങ്ങി സൂക്ഷിക്കുന്നതും പ്രായോഗികമല്ല. വീണ്ടും കോവിഡ് വ്യാപിക്കുന്നതിനു മുൻപ് വാക്സീൻ യജ്ഞം ശക്തമാക്കാനുള്ള നടപടിയാണു സംസ്ഥാന സർക്കാർ സ്വീകരിക്കേണ്ടതെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.
അതേസമയം ചില സ്വകാര്യ ആശുപത്രികളിൽ കുറഞ്ഞ അളവിൽ കോവിഷീൽഡ് ലഭ്യമാണ്. മുൻപ് സ്വകാര്യ ആശുപത്രികൾ കോവിഷീൽഡ് സർക്കാരിനു കൈമാറിയിരുന്നെങ്കിലും വാക്സീനെടുക്കാൻ ആളില്ലാതെ ഇവ നശിച്ചുപോകുന്ന സാഹചര്യമുണ്ടായിരുന്നു. നിലവിൽ തൃശൂർ ജില്ലയിൽ ആകെയുള്ളത് 50 ഡോസ് കോവാക്സിൻ മാത്രമാണ്. പാലക്കാട് ജില്ലയിൽ 180 ഡോസും വയനാട് 160 ഡോസും തിരുവനന്തപുരത്ത് 370 ഡോസും മാത്രം. 2000 ഡോസിനു മുകളിൽ വാക്സീൻ സ്റ്റോക്കുള്ളത് ആലപ്പുഴ, മലപ്പുറം ജില്ലകളിൽ മാത്രമാണ്.
∙ജില്ല, കോവാക്സിൻ ഡോസ് (ഡിസംബർ 31 വരെ കാലാവധിയുള്ള മരുന്ന്)
ആലപ്പുഴ– 2240 ഡോസ്
എറണാകുളം– 420
ഇടുക്കി–1570
കണ്ണൂർ– 1520
കാസർകോട്– 720
കൊല്ലം–360
കോട്ടയം–420
കോഴിക്കോട്–1970
മലപ്പുറം– 1840
പാലക്കാട്–180
പത്തനംതിട്ട–2570
തൃശൂർ–50
വയനാട്–160
ആകെ– 14,390 ഡോസ്.
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ