Perinthalmanna Radio
Date: 20-01-2023
മലപ്പുറം: കോവിഡ് വീണ്ടും കൂടുന്നതിനാൽ മുതിർന്നവരും ഗുരുതര രോഗമുള്ളവരും പ്രതിരോധ വാക്സിന്റെ കരുതൽ ഡോസ് എടുക്കണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ടെങ്കിലും ജില്ലയിൽ ഇതുവരെ ഇത് എടുത്തത് എട്ടു ശതമാനം പേർ മാത്രം. ബുധനാഴ്ചത്തെ കണക്കനുസരിച്ച് 1,90,079 പേർ മാത്രമാണ് ഇവിടെ കരുതൽ ഡോസ് എടുത്തിട്ടുള്ളത്. 18 വയസ്സിനു മുകളിലുള്ള 96 ശതമാനം പേർ ഒന്നാം ഡോസും 82 ശതമാനം പേർ രണ്ടാം ഡോസും എടുത്തിട്ടുണ്ടെങ്കിലും കരുതൽ ഡോസിന് ആളുകൾ മടിക്കുകയാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നു. വാക്സിനേഷനോട് പുറംതിരിഞ്ഞുനിൽക്കുന്ന ജില്ല എന്ന് നേരത്തെ ആക്ഷേപമുണ്ട്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ കണക്കുപ്രകാരം ജില്ലയിൽ സർക്കാർ-സ്വകാര്യ മേഖലകളിലായി 430 വാക്‌സിനേഷൻ കേന്ദ്രങ്ങളുണ്ട്. ഇതിൽ 180 കേന്ദ്രങ്ങളിൽനിന്ന് ഇതുവരെ ആരും കരുതൽ ഡോസ് സ്വീകരിച്ചിട്ടില്ല.
ഒന്നും രണ്ടും ഡോസായി അധികം പേരും സ്വീകരിച്ചത് കോവിഷീൽഡായിരുന്നു- 54 ലക്ഷത്തോളം പേർ. കോവാക്സിൻ 7.7 ലക്ഷത്തോളം പേരും കോർബെ വാക്സിൻ 1.7 ലക്ഷം പേരും സ്വീകരിച്ചു.
ഇപ്പോൾ ജില്ലയിൽ കരുതൽ വാക്സിൻ കിട്ടാനുമില്ല. നേരത്തെ മരുന്ന് സ്റ്റോക്ക് ചെയ്തിരുന്നു. പക്ഷേ, ആവശ്യക്കാരില്ലാതെ പലയിടത്തും പാഴായതുകൊണ്ട് അധികൃതർ കൂടുതൽ സ്റ്റോക്ക് എടുത്തില്ല. കോവിഷീൽഡിന്റെ ഒരു കുപ്പിയിൽനിന്ന് 10 പേർക്കും കോവാക്‌സിൻ 20 പേർക്കും കുത്തിവെക്കാം. എന്നാൽ ദിവസത്തിൽ രണ്ടോ മൂന്നോ പേർ ഡോസ് സ്വീകരിക്കാനെത്തുന്ന സാഹചര്യത്തിൽ ബാക്കി മരുന്ന് പാഴായിപ്പോകുന്ന സ്ഥിതിയുണ്ട്. ആളില്ലാത്തതിനാൽ വാക്സിനുകൾ പരിമിതമായി.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ