വാക്സിനെടുക്കാൻ ആവശ്യക്കാ‌ർ വർദ്ധിച്ചു; ജില്ലയിൽ കൊവിഡ് വാക്‌സിനില്ല

Share to

Perinthalmanna Radio
Date: 04-04-2023

മലപ്പുറം: ജില്ലയിലെ സർക്കാർ ആശുപത്രികളിൽ കൊവിഡ് വാക്സിൻ പൂർണ്ണമായും തീർന്നു. വീണ്ടും കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ബൂസ്റ്റർ ഡോസിനായി സർക്കാർ ആശുപത്രികളെ സമീപിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. 500 ഡോസ് വാക്സിൻ അടിയന്തരമായി ലഭ്യമാക്കണമെന്ന ആവശ്യം സംസ്ഥാന ആരോഗ്യ വകുപ്പിനെ ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചിട്ടുണ്ട്.
നിലവിൽ ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ മാത്രമാണ് കൊവിഡ് വാക്സിനുള്ളത്. ഹജ്ജ് തീർത്ഥാടകരടക്കം ഇവിടെ നിന്നാണ് വാക്സിനെടുക്കുന്നത്. സർക്കാർ ആശുപത്രികളിൽ ഒരു മാസത്തോളമായി കൊവിഡ് വാക്സിൻ സ്‌റ്റോക്ക് കുറഞ്ഞു തുടങ്ങിയിട്ട്. ഇതാണ് ഇപ്പോൾ രൂക്ഷമായത്. നേരത്തെ ആവശ്യത്തിന് കൊവിഡ് വാക്സിൻ സ്റ്റോക്ക് ഉണ്ടായിരുന്നെങ്കിലും വാക്സിനേഷന് ആളുകൾ എത്താതായതോടെ കാലാവധി കഴിഞ്ഞ് നിരവധി ഡോസ് വാക്സിനുകൾ ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. ഒരു വയൽ വാക്സിൻ പൊട്ടിച്ചാൽ പൂർണ്ണമായും അന്ന് തന്നെ കുത്തിവച്ചില്ലെങ്കിൽ പിന്നീട് ഉപയോഗിക്കരുതെന്നാണ് നിർദ്ദേശം. പത്ത് ഡോസാണ് ഒരു വയലിൽ. ഇത്രയും പേർ മിക്ക ദിവസങ്ങളിൽ എത്താത്തത് കാരണം പലപ്പോഴും ബാക്കി വരുന്നവ കളയേണ്ട സാഹചര്യമായിരുന്നു. ഈ കാരണം കൊണ്ടാണ് പുതുതായി വാക്സിന് വേണ്ടി ആവശ്യപ്പെടാതിരുന്നതെന്ന് ജില്ലാ ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി കൂടിയതോടെ ആശുപത്രികളിൽ വാക്സിൻ തേടിയെത്തുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.

ജില്ലയിൽ പുതുതായി കൊവിഡ് ബാധിച്ച് ചികിത്സ തേടുന്നവരിൽ നല്ലൊരു പങ്കും 60 വയസിന് മുകളിലുള്ളവരും മറ്റ് രോഗങ്ങൾക്ക് ചികിത്സ തേടുന്നവരുമാണ്. ജില്ലയിൽ രണ്ട് ലക്ഷത്തോളം പേർ മാത്രമാണ് ബൂസ്റ്റർ ഡോസെടുത്തത്. 31.50 ലക്ഷം പേർ ഒന്നാം ഡോസും 25.80 ലക്ഷം പേർ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്. കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ആശുപത്രികളിലെ കിടക്കകൾ, ഓക്സിജൻ, മരുന്ന് ലഭ്യത എന്നിവ പരിശോധിച്ച് ഉറപ്പാക്കാൻ ജില്ലാ ആരോഗ്യ വകുപ്പ് നടപടി തുടങ്ങിയിട്ടുണ്ട്. പനി ലക്ഷണങ്ങളോടെ ചികിത്സ തേടുന്നവരുടെ എണ്ണവും ജില്ലയിൽ കൂടിയിട്ടുണ്ട്. കൊവിഡ് ലക്ഷണങ്ങളോടെ കടുത്ത പനിയുമായി വരുന്നവരോട് മാത്രമാണ് കൊവിഡ് ടെസ്റ്റിന് ആവശ്യപ്പെടുന്നത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *