
Perinthalmanna Radio
Date: 05-11-2022
പെരിന്തൽമണ്ണ: ദേശീയപാതയ്ക്ക് ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന ജില്ലാ ആശുപത്രിയിലെത്തുന്നവർക്ക് ഇനി ധൈര്യമായി റോഡ് മുറിച്ച് കടക്കാം. സഹായിക്കാൻ പോലീസിന്റെ സേവനം ഏർപ്പാടാക്കി.
കഴിഞ്ഞദിവസം ഇവിടെ രോഗിയുടെ കൂട്ടിരിപ്പുകാരിയെ ഓട്ടോറിക്ഷ തട്ടിയിരുന്നു. പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും ഈ സംഭവമാണ് പോലീസിനെ ഏർപ്പാടാക്കാൻ കാരണമായത്.ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. ബിന്ദു ഡിവൈ.എസ്.പി. ഓഫീസിലെത്തി പോലീസിന്റെ സേവനം ആവശ്യപ്പെടുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ മുതൽ ഇവിടെ വനിതാ പോലീസ് ഓഫീസറെ നിയോഗിച്ചു.
റോഡിന് ഒരുവശത്തുള്ള മാതൃശിശു ബ്ലോക്കിലാണ് ലബോറട്ടറി സംവിധാനങ്ങൾ പ്രവർത്തിക്കുന്നത്. എക്സ്റേയും ഫാർമസിയും അടക്കമുള്ളവ റോഡിന് മറുവശത്തുള്ള പഴയ ബ്ലോക്കിലും. ഇരുവശത്തുമുള്ള ഒ.പി. കളിൽ നിന്ന് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും തിരക്കേറിയ റോഡ് മുറിച്ചുകടക്കുകയല്ലാതെ മാർഗമില്ല.
ഗർഭിണികളും വയ്യാത്തവരുമടക്കം റോഡ് മുറിച്ചുകടക്കുന്നത് ഏറെ പ്രയാസപ്പെട്ടാണ്. സീബ്രാവരകളുണ്ടെങ്കിലും ഹൗസിങ് കോളനി റോഡിലേക്ക് തിരിയാനുള്ള വാഹനങ്ങളും കൂടിയെത്തുന്നതിനിടയിൽ കൂടിയാണ് റോഡിനപ്പുറം കടക്കേണ്ടത്. പലപ്പോളും അപകടങ്ങളിൽനിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്. ഈ സാഹചര്യത്തിൽ പോലീസിന്റെ സേവനം ജനത്തിന് ആശ്വാസമാകുന്നുണ്ട്. അതേസമയം റോഡ് മുറിച്ചുകടക്കാൻ സ്ഥിരമായി മേൽപ്പാലമോ അടിപ്പാതയോ നിർമിക്കുന്നതിലൂടെയേ പ്രശ്നത്തിന് ശാശ്വത പരിഹാരമാകൂ.
