
Perinthalmanna Radio
Date: 12-04-2023
പെരിന്തൽമണ്ണ: കുട്ടിയെ ഡോക്ടറെ കാണിച്ച് മരുന്ന് വാങ്ങാനുള്ള ഓട്ടമാണ്. തിരക്കേറിയ ദേശീയപാത മുറിച്ചുകടന്നുവേണം ഫാർമസിയിലെത്താൻ. സീബ്രാവരയെപ്പോലും അവഗണിച്ച് ചീറിപ്പാഞ്ഞെത്തുന്ന വാഹനങ്ങൾക്കിടയിലൂടെ ജീവൻ പണയംവെച്ചുവേണം മറുഭാഗത്തെത്താൻ. ആയിരത്തിലേറെപ്പേർ നിത്യേനയെത്തുന്ന പെരിന്തൽമണ്ണ ജില്ലാ ആശുപത്രിക്ക് മുന്നിലെ സ്ഥിരം കാഴ്ചയാണിത്.
ആശുപത്രിയുടെ പ്രധാന ബ്ലോക്കുകളും ഓഫീസും പ്രവർത്തിക്കുന്നത് ദേശീയപാതയുടെ ഒരുവശത്തും സ്ത്രീകൾക്കും കുട്ടികൾക്കുമായി പിന്നീട് തുടങ്ങിയ മാതൃശിശുബ്ലോക്ക് മറുഭാഗത്തുമാണ്. ഈ ബ്ലോക്കിൽ ഡോക്ടറെ കണ്ടശേഷം റോഡ് മുറിച്ചുകടന്നുവേണം ഫാർമസിയിലെത്തി മരുന്ന് വാങ്ങാൻ. ലാബ് സൗകര്യമുള്ളതും ഇവിടെയാണ്. പരിശോധനാഫലവുമായി ഡോക്ടറെ കാണാൻ വീണ്ടും മറുഭാഗത്തെത്തണം. ചെറിയ കുട്ടികളെ എടുത്തുകൊണ്ടും നടത്തിയും വളരെ പ്രയാസപ്പെട്ടാണ് റോഡ് മുറിച്ചുകടക്കേണ്ടിവരുന്നത്.
കൂടുതൽ സമയം വേണ്ടതിനാൽ അവശരായ രോഗികളും വല്ലാതെ പ്രയാസപ്പെടുന്നു. നഴ്സുമാരും ഡോക്ടർമാരും അടക്കമുള്ളവരും ഈ പ്രയാസം അനുഭവിക്കുന്നുണ്ട്.
ഏകദേശം അറുപത് മീറ്ററോളം ദൂരത്തിലാണ് ദേശീയപാതയ്ക്കിരുവശവുമായി ആശുപത്രി ബ്ലോക്കുകളുടെ മതിലും വളപ്പുമുള്ളത്. ഇവയെ തമ്മിൽ ബന്ധിപ്പിച്ച് ദേശീയപാതയ്ക്കു കുറുകെ കാൽനടയാത്രക്കാർക്കായി ഒരു മേൽപ്പാത നിർമിക്കണമെന്ന ആവശ്യം മാതൃശിശുബ്ലോക്ക് പ്രവർത്തനം തുടങ്ങിയപ്പോഴേ ഉള്ളതാണ്. മേൽപ്പാത വന്നാൽ വാഹനങ്ങളുടെ തിരക്ക് ബാധിക്കാതെ മറുഭാഗത്തെത്താം. എന്നാൽ സ്ഥലത്തിന്റെ കിടപ്പനുസരിച്ച് മേൽപ്പാതയേക്കാളും പ്രായോഗികമാകുന്നത് അടിപ്പാതയാണെന്ന വാദവുമുണ്ട്.
പ്രധാന ബ്ലോക്ക് അൽപ്പം ഉയരത്തിലും മാതൃശിശുബ്ലോക്ക് താഴ്ന്നുമാണുള്ളത്. രോഗികളെ ചക്രക്കസേരകളിലും സ്ട്രെച്ചറുകളിലുമൊക്കെ മറുഭാഗത്തേക്ക് മാറ്റേണ്ടിവരുമ്പോൾ മേൽപ്പാലം പ്രയാസമാകും. ഇരുബ്ലോക്കുകളുടെയും വളപ്പുകളിലേക്ക് നല്ല വീതിയിൽ അടിപ്പാതയുണ്ടാക്കാനാകും.
ജില്ലാ ആശുപത്രിയിൽ പുതിയ ഒ.പി. ബ്ലോക്കിന്റെയും കിഫ്ബി കെട്ടിടത്തിന്റെയും നിർമാണ നടപടികൾ പുരോഗമിക്കുകയാണ്. ഇതിൽ ബദൽ പാത കൂടി കണക്കിലെടുത്ത് നിർമാണം നടത്തണമെന്ന ആവശ്യവുമുണ്ട്. എന്നാൽ കാര്യമായ ഇടപെടലുകൾ അധികൃതരിൽനിന്നോ ജനപ്രതിനിധികളിൽനിന്നോ ഉണ്ടാകുന്നില്ല. താലൂക്ക് വികസനസമിതിയടക്കം പലതവണ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും തുടർനടപടികളില്ലെന്ന ആക്ഷേപവുമുണ്ട്. ബസ് ബേ പ്രശ്നംതന്നെ
മാതൃശിശുബ്ലോക്കിന് മുന്നിൽ പാലക്കാട് ഭാഗത്തേക്കും പ്രധാന ബ്ലോക്കിന് മുന്നിൽ കോഴിക്കോട് ഭാഗത്തേക്കുമുള്ള ബസുകൾ നിർത്തുന്നതിന് ബസ് സ്റ്റോപ്പുകളുണ്ട്. എന്നാൽ സീബ്രാവരയുടെ അടുത്തായാണുള്ളത്. ഒരു ബസ് നിർത്തി ആളെ കയറ്റിയിറക്കുന്നതിനിടെ വരുന്ന അടുത്ത ബസ് റോഡിൽതന്നെ നിർത്തിയിടും. കോഴിക്കോട് ഭാഗത്തെ ബസ് സ്റ്റോപ്പ് റോഡിനോട് വളരെ ചേർന്നായതിനാൽ റോഡിൽ തന്നെയാണ് ബസുകൾ നിർത്തുന്നത്. ചിലപ്പോൾ സീബ്രാവരയിലും നിർത്തും. ടൗൺഹാൾ റോഡിലേക്ക് തിരിയേണ്ടവയും അവിടെനിന്ന് വരുന്നതുമായ വാഹനങ്ങളും എത്തുന്നതോടെ ആശുപത്രിക്ക് മുന്നിൽ വാഹനത്തിരക്കാണ്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
