
Perinthalmanna Radio
Date: 23-03-2023
ആലിപ്പറമ്പ്: ജൽജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി ആലിപ്പറമ്പ്, താഴേക്കോട് ഗ്രാമ പഞ്ചായത്തുകളിൽ നടപ്പാക്കുന്ന സമ്പൂർണ കുടിവെള്ളപദ്ധതിയുടെ പൈപ്പിടൽ കൊടക്കാപ്പറമ്പ് ജലനിധി ശുദ്ധ ജലവിതരണ പദ്ധതിയുടെ കുടി വെള്ളവിതരണത്തെ ബാധിക്കുന്നു.
ജൽജീവൻ പദ്ധതിയുടെ പൈപ്പിടുന്നതിനുവേണ്ടി മണ്ണുമാന്തിയന്ത്രമുപയോഗിച്ച് റോഡുകളുടെ വശങ്ങളിൽ ചാലുകളുണ്ടാക്കുമ്പോൾ ജലനിധി പദ്ധതിയുടെ പൈപ്പുകൾ പൊട്ടുന്നതാണ് കാരണം. ജൽ ജീവൻ പദ്ധതി കരാറെടുത്തവർ തന്നെ പൊട്ടിയ ഭാഗങ്ങൾ ശരിയാക്കുന്നുണ്ടെങ്കിലും വെള്ളത്തിന്റെ സമ്മർദം കൂടുന്ന സമയങ്ങളിൽ പൈപ്പുകൾ യോജിപ്പിച്ച ഭാഗങ്ങൾ വീണ്ടും പൊട്ടുന്നുണ്ട്. കൂടാതെ പൊട്ടിയ ഭാഗങ്ങളിൽക്കൂടി മണ്ണും ചെറിയ കല്ലുകളും പൈപ്പുകളിലും മറ്റും അടയുന്നതും ജലവിതരണം തടസ്സപ്പെടാനിടയാക്കുന്നുണ്ട്.
ഇങ്ങനെ കുടിവെള്ള വിതരണം തടസ്സപ്പെട്ട് ദിവസങ്ങളായിട്ടും പുനരാരംഭിക്കാൻ കഴിയാത്ത പ്രദേശങ്ങളുണ്ട്. ജിയോ നെറ്റ്‌വർക്ക് കമ്പനിയുടെ കേബിൾ ഇടുന്ന പ്രവൃത്തിയും കാമ്പുറം-കുന്നനാത്ത്-തൂത റോഡിൽ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായും പൈപ്പുകൾ പൊട്ടുന്നുണ്ട്. കഠിന വേനലിൽ കുടിവെള്ള വിതരണം മുടങ്ങുന്നത് കുടിവെള്ളക്ഷാമത്തിന് ഇടയാകുന്നുവെന്നാണ് പരാതി.
പൊട്ടിയ പൈപ്പുകൾ നന്നാക്കുന്നതിന് രണ്ടു ജീവനക്കാരാണുള്ളത്. കൂടാതെ കരാർ അടിസ്ഥാനത്തിൽ കൂടുതൽ പണിക്കാരെ വെച്ചും കേടുപാടുകൾ നന്നാക്കാറുണ്ട്. ഇവർ കഠിനാധ്വാനം ചെയ്തിട്ടും കേടുവന്ന ഭാഗങ്ങൾ യഥാസമയം നന്നാക്കാൻ കഴിയുന്നില്ല. പദ്ധതിക്ക് രണ്ടായിരത്തോളം ഗുണഭോക്താക്കളുണ്ട്. തൂതപ്പുഴയിലെ കാളികടവാണ് ജലസ്രോതസ്സ്. ജൽജീവൻ പദ്ധതിയുടെ പൈപ്പിടൽ ഗുണഭോക്താക്കളുടെ പരാതിക്കും സാമ്പത്തിക ബാധ്യതയ്ക്കും കാരണമാകുന്നു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
