പുതുവർഷത്തിൽ പുത്തനാകാൻ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ

Share to

Perinthalmanna Radio
Date: 06-12-2022

പെരിന്തൽമണ്ണ: സഞ്ചാരികളെ സ്വീകരിക്കാൻ പുതുമയോടെ ഒരുങ്ങുകയാണ്‌ വനംവകുപ്പിന്റെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ.
കരുളായി നെടുങ്കയം (കരിമ്പുഴ വന്യജീവി സങ്കേതം), കനോലി പ്ലോട്ട്, കോഴിപ്പാറ വെള്ളച്ചാട്ടം, കൊടികുത്തിമല എന്നിവയാണ്‌ പുതു വർഷത്തിലേക്ക് ഒരുങ്ങുന്നത്. കാലവർഷക്കെടുതിയിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ പലതും നശിക്കുകയും യാത്രികർ കുറയുകയും ചെയ്‌തു. കോവിഡും വില്ലനായി. അതെല്ലാം പരിഹരിക്കാനും ആളുകളെ ആകർഷിക്കാനുമാണ്‌ പദ്ധതി. സൗത്ത് ഡിവിഷനു കീഴിലെ കരുളായി നെടുങ്കയത്ത് 1.23 കോടിയുടെ ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കും. സഞ്ചാരികൾക്ക് താമസിക്കാനായി ഡോർമെറ്ററി, അമിനിറ്റി സെന്റർ, ശവകുടീരം മോടിപിടിപ്പിക്കൽ, നെടുങ്കയത്തിനും കരിമ്പുഴ വന്യജീവി സങ്കേതത്തിനും ചേർത്ത് പ്രവേശന കവാടം നിർമിക്കൽ, കുട്ടികൾക്ക്‌ കളിക്കാനുള്ള ചെറിയ പാർക്ക്, ഇരിപ്പിടങ്ങൾ, ഡിഎഫ്ഒ ബംഗ്ലാവ് ഭംഗിയാക്കൽ, പുഴയുടെ വശങ്ങൾകെട്ടി ആകർഷകമാക്കൽ എന്നീ പ്രവൃത്തികളാണ് പൂർത്തിയാക്കുക.

നിലമ്പൂർ നോർത്ത് ഡിവിഷന്റെ കീഴിലെ കനോലി പ്ലോട്ടിലെ പദ്ധതിക്കായി കേന്ദ്ര സർക്കാർ 70 ലക്ഷം രൂപ അനുവദിച്ചുണ്ട്. ഒന്നാം ഗഡുവായി 49 ലക്ഷം രൂപ ചെലവഴിച്ചു. പെരിന്തൽമണ്ണ കൊടികുത്തിമലയിൽ 40 ലക്ഷം രൂപയുടെ പ്രവൃത്തി തുടങ്ങി. പദ്ധതിയുടെ ഭാഗമായി രണ്ട് ടൂറിസം കേന്ദ്രങ്ങളിലും ശലഭോദ്യാനം, പുഷ്പോദ്യാനം, നക്ഷത്രവനം എന്നിവയുടെ ജോലികൾ ആരംഭിച്ചു. വനം പാർക്ക്, പ്രവേശനകവാടം, ലഘുഭക്ഷണശാല, ഇരിപ്പിടങ്ങൾ, വനംവകുപ്പിന്റെ ചരിത്രാടയാളങ്ങൾ, പൊതുജനങ്ങൾക്ക് പ്രഭാത, സായാഹ്ന സവാരിക്ക് നടപ്പാത എന്നിവ ഒരുക്കും. കോഴിപ്പാറയിൽ സുരക്ഷാ മാർഗങ്ങൾ ഉൾപ്പെടെയുള്ളവ സജ്ജമാക്കും.

Share to

Leave a Reply

Your email address will not be published. Required fields are marked *