Perinthalmanna Radio
Date: 11-12-2022
മലപ്പുറം: ജില്ലയിലെ പുതുതായി നിലവിൽ വന്ന ചാർജിങ് സ്റ്റേഷനുകളെല്ലാം പ്രവർത്തനസജ്ജമായി. നാലുചക്ര വാഹനങ്ങൾക്ക് 325 രൂപയുടെ വൈദ്യുതി ഉപയോഗിച്ച് 300 കിലോമീറ്റർ യാത്രചെയ്യാം.
ഇലക്‌ട്രിക് വാഹനങ്ങളുടെ എണ്ണം കുറവായതിനാൽ സ്റ്റേഷനുകളിൽ തിരക്ക് കുറവാണ്. ചാർജിങ് സ്റ്റേഷനുകൾ ജന സൗഹൃദമാക്കാൻ മൊബൈൽ ചാർജിങ് സംവിധാനം, കുടിവെള്ളം എന്നിവ സ്ഥാപിക്കുന്നത് ബോർഡിന്റെ പദ്ധതിയിലുണ്ടെന്ന് കെ.എസ്.ഇ.ബി. അസി. എക്സിക്യുട്ടീവ് എൻജിനിയർ അനീഷ് പാറക്കാടൻ പറഞ്ഞു. ജില്ലയിൽ മാത്രമായി 122 സ്ഥലങ്ങളിലാണ് കെ.എസ്.ഇ.ബി.യുടെ ഉടമസ്ഥതയിൽ ചാർജിങ് സ്റ്റേഷൻ നിലവിലുള്ളത്.
നാലുചക്ര വാഹനങ്ങൾക്കായുള്ള ഫാസ്റ്റ് ചാർജിങ് സ്റ്റേഷനും ഓട്ടോറിക്ഷകൾക്കും ഇരുചക്ര വാഹനങ്ങൾക്കുമായി പോൾ മൗണ്ടഡ് സ്റ്റേഷനുമാണുള്ളത്. വാഹനത്തിന്റെ ശേഷി അനുസരിച്ച് പൂർണമായി ചാർജ് ചെയ്യാൻ ഇരുചക്ര വാഹനങ്ങൾക്ക് രണ്ടു മുതൽ നാലു വരെയും ഓട്ടോയ്ക്ക് നാല് മുതൽ ഏഴ് വരെയും യൂണിറ്റ് വൈദ്യുതി വേണ്ടി വരും. യൂണിറ്റൊന്നിന് ഒൻപതു രൂപയാണ് നിരക്ക്. ജി.എസ്.ടി.കൂടി ചേർന്ന് 10.62 രൂപയോളം ചെലവാകും.ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളിൽ ജി.എസ്.ടി.യും ചേർത്ത് യൂണിറ്റൊന്നിന് 15.34 രൂപയാണ് ചെലവ്. നാലുചക്ര വാഹനങ്ങൾക്ക് 30 യൂണിറ്റ് ചാർജ് ചെയ്താൽ പരമാവധി 300 കിലോമീറ്റർ വരെ ഓടാം.
വീടുകളിൽ ചെയ്യുന്നതു പോലെ എ.സി.(ആൾട്ടർനേറ്റീവ് കറന്റ്) ചാർജിങ് സംവിധാനത്തിലൂടെ കാർ പൂർണമായും ചാർജാകാൻ മണിക്കൂറുകൾ വേണ്ടി വരും. എന്നാൽ ഡി.സി.(ഡയറക്ട് കറന്റ്) സംവിധാനത്തിൽ ചുരുങ്ങിയ (50 മിനിറ്റ്) സമയത്തിനുള്ളിൽ വാഹനം പൂർണമായി ചാർജ് ചെയ്യാൻ സാധിക്കും.
ചാർജ് മോഡ് എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴി പണമടച്ചാണ് ചാർജിങ് സ്റ്റേഷന്റെ സൗകര്യം ഉപയോഗപ്പെടുത്തുന്നത്. ഗോ-ഈസി എന്ന ആപ്ലിക്കേഷനായിരുന്നു നേരത്തേ ഉപയോഗിച്ചിരുന്നത്. ഇത് മാറ്റിയാണ് ചാർജ് മോഡ് ആപ്പ് ലഭ്യമാക്കിയത്. ചാർജിങ്ങിന് വിവിധ പാക്കേജുകൾ ലഭ്യമാണ്. സമയവും അടയ്ക്കേണ്ട രൂപയും മുൻകൂട്ടി സെറ്റ് ചെയ്യാവുന്ന സൗകര്യവും ആപ്പിലുണ്ട്.
ഉപയോഗം ഇങ്ങനെ
ചാർജ് മോഡ്’ എന്ന ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യണം. റീചാർജ് ചെയ്ത ശേഷം പോർട്ടബിൾ ചാർജർ വാഹനവുമായി കണക്ട് ചെയ്യണം. തുടർന്ന് മൊബൈൽ ചാർജിങ് മോഡ് ഓപ്പൺ ചെയ്ത് ക്യൂ.ആർ. കോഡ് സ്കാൻ ചെയ്ത് ചാർജ് ചെയ്യാം.‘ആപ്പി’ൽ സ്റ്റോപ്പ് ചാർജിങ് കൊടുത്ത് വാഹനം ഡിസ്‌കണക്ട് ചെയ്യാം. ഇ.വി. ചാർജിങ് സ്റ്റേഷനുകൾക്കായി കെ.എസ്. ഇ.ബി. വികസിപ്പിച്ചെടുക്കുന്ന കേരള ഇ-മൊബിലിറ്റി ആപ്പ് ഇപ്പോൾ പരീക്ഷണാവസ്ഥയിലാണ്. ഉടൻ തന്നെ പൊതുജനങ്ങൾക്ക് ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. സ്റ്റേഷനുകളുടെ സ്ഥലം അറിയാനും ലോട്ടുകൾ ബുക്ക്ചെയ്യാനും പണമടയ്ക്കാനും ഈ ആപ്പ് ഉപയോഗിക്കാം.