വൈദ്യുതി വാഹനങ്ങൾ കൂടുന്നു; സ്ലോ ചാർജ്ജിംഗിൽ ജില്ല

Share to

Perinthalmanna Radio
Date: 17-02-2023

മലപ്പുറം: ദേശീയ, സംസ്ഥാന പാതകൾ കടന്നുപോവുന്ന പ്രധാന ഇടങ്ങളിൽ വൈദ്യുത വാഹനങ്ങൾക്കുള്ള ഫാസ്റ്റ് ചാർജ്ജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനുളള അനർട്ട് പദ്ധതിയോട് മുഖംതിരിച്ച് ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ. തിരൂരങ്ങാടി, കോട്ടയ്ക്കൽ, കൊണ്ടോട്ടി, മഞ്ചേരി, പൊന്നാനി നഗരസഭകൾക്കും എടപ്പാൾ, തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്തുകൾക്കും കഴിഞ്ഞ ഒക്ടോബറിൽ ചാർജ്ജിംഗ് സ്റ്റേഷൻ സ്ഥാപിക്കാൻ സ്ഥലം അനുവദിക്കണമെന്ന ആവശ്യവുമായി അനർട്ട് അധികൃതർ കത്ത് നൽകിയിരുന്നു. എന്നാൽ ദേശീയപാതയുടെ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയും ടേക്ക് എ ബ്രേക്ക് പോലുള്ള പദ്ധതികൾ വരുമ്പോൾ സ്ഥലം അനുവദിക്കാമെന്നുമുള്ള നിലപാടിലാണ് തദ്ദേശ ഭരണസമിതികൾ.

കോട്ടയ്ക്കൽ നഗരസഭ കൗൺസിലിൽ ചർച്ച ചെയ്ത് രണ്ട് സ്ഥലങ്ങൾ കണ്ടെത്തിയിരുന്നെങ്കിലും തുടർനടപടികൾ നിലച്ചു. മഞ്ചേരി, മലപ്പുറം, പൊന്നാനി നഗരസഭകൾ പ്രതികരിച്ചിട്ടേയില്ല. നിലവിൽ ജില്ലയിൽ അനർട്ടിന്റെ ഒരു ഫാസ്റ്റ് ചാർജ്ജിംഗ് സ്റ്റേഷൻ മാത്രമാണ് പ്രവർത്തിക്കുന്നത്. നവംബറിൽ പെരിന്തൽമണ്ണ മൂസക്കുട്ടി സ്മാരക ബസ് സ്റ്റാൻഡിലാണ് ഫാസ്റ്റ് ചാർജ്ജിംഗ് സ്റ്റേഷൻ തുടങ്ങിയത്. 60, 22 കിലോവാട്ട്, ഷാഡമോ എന്നിങ്ങനെ മൂന്ന് ചാർജ്ജിംഗ് ഗണ്ണുകളാണ് സ്‌റ്റേഷനിലുള്ളത്. ഷാഡമോ ഗൺ ടെസ്‌ല പോലുള്ള കാറുകളിലാണ് ഉപയോഗിക്കുന്നത്.
ചാർജ്ജിംഗ് സ്റ്റേഷൻ സ്ഥാപിക്കുന്ന സ്ഥലം പത്ത് വർഷത്തേക്ക് അനർട്ടിന് ലീസിന് നൽകേണ്ടി വരും. ഒരു യൂണിറ്റ് വൈദ്യുതി ചാർജ്ജ് ചെയ്യുമ്പോൾ 70 പൈസ നിരക്കിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് വാടകയായി നൽകും. പദ്ധതിക്ക് സാങ്കേതികാനുമതി നൽകലും സ്ഥലം കണ്ടെത്തലും മാത്രമാണ് തദ്ദേശഭരണ സമിതികളുടെ ഉത്തരവാദിത്വം. ജില്ലയിൽ വൈദ്യുതി വാഹനങ്ങളുടെ സ്വീകാര്യതയും എണ്ണവും വർദ്ധിക്കുമ്പോഴും ചാർജ്ജിംഗ് സ്റ്റേഷനുകൾ വേണ്ടെന്ന നിലപാടിലാണ് തദ്ദേശ സ്ഥാപനങ്ങൾ.

ഇഴഞ്ഞ് കെ.എസ്.ഇ.ബിയും

ജില്ലയിൽ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ഫാസ്റ്റ് ചാർജ്ജിംഗ് സ്റ്റേഷൻ സ്ഥാപിക്കുന്ന കെ.എസ്.ഇ.ബി പദ്ധതിയും ഇഴഞ്ഞാണ് നീങ്ങുന്നത്. മലപ്പുറം,​ പെരിന്തൽമണ്ണ,​ വള്ളുവമ്പ്രം,​ പൊന്നാനി എന്നിവിടങ്ങളിലെ കെ.എസ്.ഇ.ബി സബ് സ്റ്റേഷനുകളിൽ വലിയ വാഹനങ്ങൾക്കുള്ള ചാർജ്ജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനായിരുന്നു പദ്ധതി. സാമ്പത്തികമായി വിജയകരമാവില്ലെന്ന് ചൂണ്ടിക്കാട്ടി പെരിന്തൽമണ്ണയെയും വള്ളുവമ്പ്രത്തെയും അധികൃതർ ഒഴിവാക്കിയിട്ടുണ്ട്. ഇതിൽ മലപ്പുറത്ത് മാത്രമാണ് ചാർജ്ജിംഗ് സ്റ്റേഷൻ യാഥാർത്ഥ്യമായിട്ടുള്ളത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio*
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *