പിടിവിട്ട് അഞ്ചാംപനി; ജില്ലയിലെ 53 തദ്ദേശ സ്ഥാപനങ്ങളിലേക്ക് പടർന്നു

Share to

Perinthalmanna Radio
Date: 02-12-2022

മലപ്പുറം: വ്യാഴാഴ്ച 35 പേർക്കുകൂടി അഞ്ചാംപനി റിപ്പോർട്ട് ചെയ്തതോടെ കോവിഡിന് പിന്നാലെ മലപ്പുറം മറ്റൊരു പകർച്ച വ്യാധിയുടെ ഭീതിയിലായി. ബുധനാഴ്ച 20 പേർക്ക് രോഗം റിപ്പോർട്ട് ചെയ്തിരുന്നു. ജില്ലയിൽ ഇതുവരെ രോഗം ബാധിച്ചവർ 239 ആയി. രണ്ടാഴ്ചമുമ്പ് കൽപ്പകഞ്ചേരിയിൽ 28 പേർക്ക് റിപ്പോർട്ട് ചെയ്തതിൽ നിന്നാണ് ഇപ്പോൾ ഇത്രയും പടർന്നത്. വ്യാഴാഴ്ചത്തെ കണക്കനുസരിച്ച് ജില്ലയിലെ 53 തദ്ദേശ സ്ഥാപനങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രണ്ടുദിവസംമുമ്പ് ഇത് 48 ആയിരുന്നു.

തൃപ്പനച്ചി, അരീക്കോട്, കൊണ്ടോട്ടി, കുഴിമണ്ണ, ഏലംകുളം, പെരുവള്ളൂർ, കാളികാവ് തുടങ്ങിയവ പുതിയതായി രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട തദ്ദേശസ്ഥാപനങ്ങളാണ്. കുറുവ പഞ്ചായത്തിൽപ്പെടുന്ന പാങ്ങ് പ്രാഥമികാരോഗ്യ കേന്ദ്രത്തിനുകീഴിൽ രണ്ടുദിവസംമുമ്പ് രണ്ടുപേർക്കുണ്ടായിരുന്ന രോഗം വ്യാഴാഴ്ച 12 പേർക്കായി. ജില്ലാ സ്കൂൾ കലോത്സവം നടക്കുന്ന തിരൂർ നഗരസഭാ പരിധിയിൽ കഴിഞ്ഞദിവസം ഒരാൾക്കായിരുന്നത് ഇപ്പോൾ നാലുപേർക്കായി. കലോത്സവം വെള്ളിയാഴ്ച സമാപിക്കും. ആയിരക്കണക്കിന് കുട്ടികൾ ഈ ദിവസങ്ങളിൽ തിരൂരിൽ വന്നുപോയിട്ടുണ്ട്.

കോവിഡ് സാധാരണഗതിയിൽ ഒരാളിൽനിന്ന് അഞ്ചുപേർക്കാണ് പകരുകയെങ്കിൽ അഞ്ചാംപനി 16 പേർക്കെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഇത് അപകടസാധ്യത കൂട്ടുന്നു. ലോകാരോഗ്യസംഘടന, യുനിസെഫ്, ഐ.എം.എ., ഇന്ത്യൻ പീഡിയാട്രിക് അസോസിയേഷൻ, കേന്ദ്ര ആരോഗ്യവകുപ്പ് തുടങ്ങിയവയുടെ പ്രതിനിധികൾ ജില്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. രോഗംബാധിച്ച കുട്ടികൾക്കെല്ലാവർക്കുംതന്നെ പ്രതിരോധശേഷി ഉയർത്താനുള്ള വിറ്റാമിൻ എ ഗുളിക വിതരണം ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു.

പ്രതിരോധശേഷി തകർക്കുന്ന രോഗമാണ് അഞ്ചാംപനി. അഞ്ചുവയസ്സിൽ താഴെയുള്ള 79,000-ഓളം കുട്ടികൾ ഒരു ഡോസ് പോലും പ്രതിരോധ കുത്തിവെപ്പെടുത്തിട്ടില്ലെന്നത് പ്രതിരോധപ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നു.

1.11 ലക്ഷം പേർ രണ്ടാംവാക്‌സിനും എടുത്തിട്ടില്ല. കുത്തിവെപ്പിനുള്ള തീവ്രയത്‌നം ആരംഭിച്ച വ്യാഴാഴ്ച 809 പേർക്കേ ഒന്നാം ഡോസ് എടുക്കാൻ കഴിഞ്ഞുള്ളൂ. 15,000-ഓളം പേർക്ക് ലക്ഷ്യമിട്ടതാണ്. പല കേന്ദ്രങ്ങളിലും ഇപ്പോഴും കുത്തിവെപ്പിനോട് വിമുഖത കാട്ടുകയാണെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. സംയോജിത ശിശുവികസന പദ്ധതിയുടെ സഹകരണത്തോടെ അങ്കണവാടികൾ കേന്ദ്രീകരിച്ച് കുത്തിവെപ്പ് നടത്താൻ ശ്രമം നടക്കുന്നുണ്ട്.

Share to

Leave a Reply

Your email address will not be published. Required fields are marked *