അഞ്ചാം പനിക്കിടെ കാലാവസ്ഥാ മാറ്റവും; മഴയ്ക്കും രോഗവ്യാപന ജാഗ്രതയ്ക്കും ഇടയിൽ ക്രിസ്മസ് പരീക്ഷ

Share to

Perinthalmanna Radio
Date: 13-12-2022

മലപ്പുറം: മാൻഡോസ് ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ അപ്രതീക്ഷിതമായെത്തിയ മഴയും മഴ തുടരുമെന്ന കാലാവസ്ഥാ പ്രവചനവും കാരണം രണ്ടാംപാദ വാർഷിക പരീക്ഷ മഴയിലാകുമോ എന്ന് ആശങ്ക. ജില്ലയിൽ അഞ്ചാം പനി വ്യാപനമുള്ളതിനാൽ സ്കൂളുകളിൽ അതീവ ശ്രദ്ധചെലുത്താനുള്ള ആരോഗ്യവകുപ്പിന്റെ നിർദ്ദേശം തുടരുമ്പോഴാണ് പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥ മാറ്റവും വില്ലനാകുന്നത്. ഡിസംബറിലെ തണുപ്പിനൊപ്പം ഇടയ്ക്ക് കനത്തും അല്ലാത്തപ്പോൾ മൂടിക്കിടക്കുന്ന അന്തരീക്ഷത്തോടെ ചാറ്റൽ മഴയുമുള്ളത് രോഗങ്ങൾ കൂടാൻ ഇടയാക്കുമോ എന്ന ആശങ്കയ്ക്കും കാരണമാകുന്നു.

ഇന്നലെ ജില്ലയിൽ യെല്ലോ അലർട്ടായിരുന്നു. 15-ാം തീയതിവരെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇന്നലെ മുതൽ ഹയർ സെക്കൻഡറിക്കാർക്ക് ക്രിസ്മസ് പരീക്ഷ ആരംഭിച്ചു. 14 മുതൽ ഹൈസ്കൂൾ കുട്ടികൾക്ക് പരീക്ഷ തുടങ്ങും. അഞ്ചാം പനി പ്രതിരോധ നടപടിയുടെ ഭാഗമായി സ്കൂളുകളിൽ ആരോഗ്യ വകുപ്പ് മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. എന്നാൽ ചെറിയ പനിയും മറ്റ് രോഗ ലക്ഷണങ്ങളുള്ളവരും പരീക്ഷയായതിനാൽ സ്കൂളുകളിലെത്തും. രോഗലക്ഷണങ്ങളുള്ളവരെ കൂട്ടത്തിൽ നിന്നും മാറ്റിയിരുത്തി പരീക്ഷ എഴുതിക്കണമെന്ന നിർദ്ദേശവും ആരോഗ്യവകുപ്പ് നൽകുന്നുണ്ട്. മഴ 15ന് ശേഷവും തുടരുകയാണെങ്കിൽ പരീക്ഷക്കാലത്ത് അഞ്ചാംപനിക്കൊപ്പം കാലാവസ്ഥാ മാറ്റത്തേയും ജില്ല നേരിടേണ്ടിവരും.

Share to

Leave a Reply

Your email address will not be published. Required fields are marked *