Perinthalmanna Radio
Date: 20-11-2022
പെരിന്തൽമണ്ണ: ലോകകപ്പ് കിക്കോഫിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ജൂബിലിയിൽ നടന്ന ലോകകപ്പ് ഘോഷ യാത്രയിൽ ആവേശം അണപൊട്ടി. ജൂബിലി റോഡിലെ എല്ലാ ക്ലബുകളുടേയും സംയുക്ത ആഭിമുഖ്യത്തിലാണ് ഘോഷയാത്ര സംഘടിപ്പിച്ചത്. ഓരോ ടീമുകളുടെയും ആരാധകർ ജഴ്സിയുമണിഞ്ഞ് കൊടിയും പിടിച്ച് തങ്ങളുടെ ഇഷ്ട താരങ്ങൾക്ക് ജയ് വിളിച്ച് ഘോഷ യാത്രയിൽ അണി നിരന്നു. ലോകകപ്പ് ഘോഷ യാത്രക്ക് പിന്തുണയുമായി ഘോഷയാത്ര കാണാൻ റോഡിന് ഇരുവശവും ജനങ്ങളും അണി നിരന്നു. വാദ്യ മേളങ്ങളുടെ അകമ്പടിയോടും, വിവിധ കലാ പരിപാടികളോടും കൂടെ വര്‍ണ്ണപ്പൊലിമ തീര്‍ത്ത ഫുട്ബോള്‍ ആരാധകരുടെ ഘോഷ യാത്രയിൽ ജൂബിലിയുടെ വീഥികളിലൂടെ തങ്ങളുടെ ഇഷ്ട ടീമിന് അഭിവാദ്യമര്‍പ്പിച്ച് കൊണ്ട് കുട്ടികളും മുതിർന്നവരും ഉൾപ്പെടെ ഇഷ്ട രാജ്യങ്ങളുടെ ജഴ്സിയും അണിഞ്ഞ് കൊടിയും പിടിച്ച് അണി നിരന്നപ്പോൾ ആരാധകരെ ആവേശ ഭരിതരാക്കി. ജൂബിലി റോഡിലെ ആയുർ കേരള ആശുപത്രിയുടെ പരിസരത്ത് നിന്ന് ആരംഭിച്ച് ജൂബിലി റോഡിലെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് പട്ടാമ്പി റോഡിലെ ടീ ടൈം പരിസരത്ത് എത്തിയപ്പോഴേക്കും പട്ടാമ്പി റോഡും സ്തംഭിച്ചു. പിന്നെ ജൂബിലി റോഡിലൂടെ തിരിച്ച് സെൻട്രൽ ജൂബിലിയിൽ ഘോഷയാത്ര സമാപിച്ചു. ഘോഷ യാത്രയുടെ സമാപനം കഴിഞ്ഞിട്ടും അർജന്റീന, ബ്രസീൽ, പോർച്ചുഗൽ, ഇംഗ്ലണ്ട് ആരാധകർ ഇഷ്ട താരങ്ങൾക്ക് ജയ് വിളിച്ചും പടക്കം പൊട്ടിച്ചും ലോകകപ്പിൻ്റെ ഉദ്ഘാടന ദിവസം ആഘോഷമാക്കി മാറ്റി.