Perinthalmanna Radio
Date: 20-10-2022
പെരിന്തൽമണ്ണ: പന്തുകളിയെ നെഞ്ചേറ്റുന്നവർക്കിടയിലേക്ക് അതിലേറെ ആവേശത്തോടെ നാജി നൗഷിയെത്തി. ഖത്തറിൽ ഫുട്‌ബോൾ ലോകകപ്പ് കാണാൻ ഥാർ വാഹനത്തിൽ പോകുന്ന ആദ്യ മലയാളി വനിതയാണ് നാജി. ട്രാവൽ വ്ളോഗറായ ഇവർ സ്വദേശമായ തലശേരിക്കടുത്ത മാഹിയിൽനിന്ന് ഖത്തറിലേക്കുള്ള യാത്ര ശനിയാഴ്ച തുടങ്ങി. മന്ത്രി ആന്റണി രാജു യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
യാത്രയുടെ സ്പോൺസർമാരിലൊന്നായ പെരിന്തൽമണ്ണയിലെ ‘ടീ ടൈം’ റെേസ്റ്റാറന്റാണ് ഇവിടെ യാത്രയയപ്പ് ഒരുക്കിയത്. ഓള് എന്ന പേരിട്ട വാഹനമോടിച്ച് മൂന്നരയോടെ നാജി പെരിന്തൽമണ്ണയിലെത്തി. ‘ടീ ടൈം’ മാനേജ്‌മെന്റും ജീവനക്കാരും വ്യാപാരപ്രമുഖരും യുവാക്കളും ചേർന്ന് സ്വീകരിച്ചു. ചലച്ചിത്ര നടി സ്രിന്ദ തുടർയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. കിക്കോഫിലൂടെ പ്രശസ്തയായ ദിയ ഫാത്തിമയും സ്വീകരണത്തിലെത്തിയിരുന്നു. അഞ്ചോടെ നാജി നൗഷി യാത്ര തുടർന്നു.
മുംബൈ വരെ നാജി ഥാറിൽ പോകും. തുടർന്ന് വാഹനവുമായി കപ്പലിൽ ഒമാനിലെത്തും. അവിടെനിന്ന് ഇതേ വാഹനത്തിൽ യു.എ.ഇ., ബഹ്‌റൈൻ, കുവൈത്ത്, സൗദി എന്നീ രാജ്യങ്ങളിലൂടെ ഡിസംബർ ആദ്യം ഖത്തറിലെത്തും. മുൻപ് ഇന്ത്യ മുഴുവനും പിന്നീട് നേപ്പാളിലും എവറസ്റ്റ് ബേസ് ക്യാമ്പിലും യാത്രചെയ്ത് എത്തിയിട്ടുണ്ട്. 34-കാരിയായ നൗജി ഏഴുവർഷത്തോളം ഒമാനിൽ ഹോട്ടൽമേഖലയിൽ പ്രവർത്തിക്കുകയാണ്. ഭർത്താവും അഞ്ച് കുട്ടികളുമുണ്ട്.
……………………………………………
Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ