
Perinthalmanna Radio
Date: 20-11-2022
പെരിന്തൽമണ്ണ: ഖത്തറിലെ ലോകകപ്പ് ഫുട്‌ബോൾ മത്സരത്തിന് കാണികളെ നിയന്ത്രിക്കുന്ന വൊളന്റിയർമാരുടെ ലീഡറായി പുലാമന്തോൾ കട്ടുപ്പാറ സ്വദേശി പി.സി. നൗഫലും. ഖത്തറിലെ ഏറ്റവും വലുതും സെമിഫൈനലുകളും ഫൈനലുമടക്കം പത്തോളം മത്സരങ്ങൾ നടക്കുന്നതുമായ ലുസൈൽ സ്റ്റേഡിയത്തിലാണ് നൗഫലിന്റെ സേവനം. ലോകകപ്പിനു പുറമേ ഖത്തർ മ്യൂസിയം വൊളന്റിയറായും ഇന്ത്യയിൽനിന്ന് കളികാണാനെത്തുന്നവരെ സഹായിക്കാൻ ഇന്ത്യൻ എംബസിയുടെ കീഴിലും ഇദ്ദേഹം സേവനമനുഷ്ഠിക്കുന്നു. ഖത്തർ ഒ.ഐ.സി.സി. ഇൻകാസ് മലപ്പുറം ജില്ലാ പ്രസിഡന്റായ ഇദ്ദേഹം വിവിധ സാമൂഹികസംഘടനകളിലും അംഗമാണ്. അവിടത്തെ സാമൂഹിക സാംസ്‌കാരിക മേഖലകളിലും നിറസാന്നിധ്യമാണ്. കട്ടുപ്പാറ പി.സി. ഹൗസിൽ പരേതനായ അബ്ദുൾജബ്ബാറിന്റെയും മുംതാസിന്റെയും മകനാണ്. ഭാര്യ ഷബ്‌നയും മകൻ ഇവാൻ മുഹമ്മദും ഖത്തറിൽ നൗഫലിനൊപ്പമുണ്ട്.
