ജലസംഭരണത്തിന് സംവിധാനമില്ല; വെള്ളത്തിന് നെട്ടോട്ടമോടി ഫയർഫോഴ്സ്

Share to

Perinthalmanna Radio
Date: 10-04-2023

മലപ്പുറം: ചൂട് കനത്തതോടെ തീപിടിത്തം അണയ്ക്കാനുള്ള വെള്ളം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ജില്ലയിലെ ഫയർഫോഴ്സ്. എട്ട് ഫയർസ്‌റ്റേഷനുകളിൽ മലപ്പുറം, പൊന്നാനി, തിരൂർ,​ പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ മാത്രമാണ് വെള്ളം സംഭരിച്ച് വയ്ക്കാനുള്ള ടാങ്കുകളുള്ളത്. ഇതിൽ മലപ്പുറത്തും തിരൂരും ഒഴികെ മറ്റൊരിടത്തും ആവശ്യത്തിന് വെള്ളം സംഭരിക്കാനുള്ള ജലസ്രോതസ്സില്ല. കുളങ്ങളെയും പുഴകളെയും സ്വകാര്യ കിണറുകളെയും ആശ്രയിക്കുകയാണ് മറ്റ് ഫയർസ്റ്റേഷനുകൾ. തീയണയ്ക്കാൻ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ വെള്ളം വേണ്ടിവരുമ്പോൾ പെട്ടെന്ന് ലഭ്യമാക്കാൻ ഫയർഫോഴ്സ് സേനാംഗങ്ങൾ പ്രയാസപ്പെടുന്നുണ്ട്. പലപ്പോഴും രക്ഷാദൗത്യം പൂർത്തിയാക്കി മടങ്ങുമ്പോൾ വെള്ളം കിട്ടുന്ന ഇടങ്ങളിൽ നിന്നെല്ലാം ശേഖരിക്കുന്ന രീതിയാണ് ഇപ്പോൾ സ്വീകരിക്കുന്നത്. 12,000 ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന വാട്ടർ ബൗസർ വാഹനമാണ് തീണയയ്ക്കാനായി ഫയർഫോഴ്സ് കൂടുതലായും ഉപയോഗിക്കുന്നത്.

കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ പുഴകളിലെ തടയണകളിൽ നിന്ന് വെള്ളമെടുക്കുമ്പോൾ ജനങ്ങളുടെ പ്രതിഷേധം നേരിടേണ്ടി വരുന്നുണ്ട്. താത്ക്കാലിക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് എന്നതാണ് ജലസംഭരണ കേന്ദ്രം സ്ഥാപിക്കുന്നതിന് ഫയർസ്റ്റേഷനുകൾക്ക് വിലങ്ങാവുന്നത്

വെള്ളം വരുന്ന വഴി

പെരിന്തൽമണ്ണ ഫയർസ്റ്റേഷനിലെ വാഹനങ്ങളിൽ ആഴ്ചയിൽ രണ്ടോ​ മൂന്നോ ദിവസം ലഭിക്കുന്ന ജലവിതരണ വകുപ്പിന്റെ കണക്‌ഷനിൽ നിന്നും എട്ട് കിലോമീറ്ററോളം അകലെയുള്ള കട്ടുപ്പാറയിലെ പുഴയിൽ നിന്നുമാണ് വെള്ളം ശേഖരിക്കുന്നത്.

നിലമ്പൂർ ഫയർഫോഴ്സ് ഏഴ് കിലോമീറ്റർ അകലെയുള്ള ഏനാന്തി പുഴയിൽ നിന്ന് വെള്ളം ശേഖരിക്കുന്നുണ്ട്. വന, മലയോര മേഖല ആയതിനാൽ തീപിടിത്ത സംഭവങ്ങൾ ഇവിടെ വർദ്ധിച്ചിട്ടുണ്ട്. ചാലിയാറിന്റെ കൈവഴി പുഴകളിൽ ആവശ്യത്തിന് വെള്ളം ലഭ്യമാണെങ്കിലും ഇവ ശേഖരിച്ച് സൂക്ഷിക്കാനുള്ള ടാങ്കില്ലാത്തത് പ്രതിസന്ധിയാണ്.
കച്ചേരിപ്പടി ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മഞ്ചേരി ഫയർസ്റ്റേഷനിൽ വെള്ളം ശേഖരിക്കാനുള്ള സംവിധാനമോ സ്വന്തം ജലസ്രോതസ്സോയില്ല. സമീപത്തെ ക്ഷേത്രക്കുളത്തിൽ നിന്നും സ്വകാര്യ കിണറുകളിൽ നിന്നുമാണ് വെള്ളം ശേഖരിക്കുന്നത്.

തോടായത്തെ തോട്ടിൽ നിന്നും നടുവത്തെ കരിങ്കൽ ക്വാറിയിൽ നിന്നുമാണ് തിരുവാലി ഫയർസ്റ്റേഷനിലേക്കുള്ള വെള്ളം ശേഖരിക്കുന്നത്.

താനൂർ ഫയർഫോഴ്സ് സമീപത്തെ സ്വകാര്യ കുളത്തിൽ നിന്നാണ് വെള്ളം ശേഖരിക്കുന്നത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *