എട്ടു വർഷത്തിനകം മലപ്പുറം ജില്ലയിലെ എല്ലാ ഭാഗത്തും പൈപ്പ് വഴിയുള്ള പ്രകൃതി വാതകമെത്തും

Share to

Perinthalmanna Radio
Date: 26-01-2023

മലപ്പുറം ∙ 8 വർഷം കൊണ്ട് ജില്ലയിലെ എല്ലാ ഭാഗത്തും പൈപ്പ് വഴിയുള്ള പ്രകൃതിവാതകം (പൈപ്ഡ് നാച്വറൽ ഗ്യാസ്– പിഎൻജി) എത്തും. നിലവിൽ മഞ്ചേരി നഗരത്തിൽ മാത്രമാണ് പിഎൻജി ഉപയോഗിച്ച് പാചകം ചെയ്യുന്ന വീടുകളുള്ളത്. കഴിഞ്ഞ നവംബർ 15ന് വിതരണം ആരംഭിച്ചതിനു ശേഷം നഗരത്തിൽ ഇതുവരെ 17 വീടുകളിലേക്ക് പിഎൻജി എത്തി.

മഞ്ചേരിക്കു പുറമേ മലപ്പുറം നഗരസഭയിലും പൈപ്പിടൽ പുരോഗമിക്കുന്നു. ഗാർഹിക കണക്‌ഷനു വേണ്ടി 244 അപേക്ഷകളാണ് ഇതുവരെ ജില്ലയിൽനിന്നു ലഭിച്ചത്. മഞ്ചേരി, മലപ്പുറം നഗരങ്ങളിൽനിന്നു മാത്രമാണിവ. വാണിജ്യ കണക്‌ഷന് ഇതുവരെ ഒറ്റ അപേക്ഷ മാത്രമാണു ലഭിച്ചത്. അത് കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടേതാണ്.

ജില്ലയിൽ പിഎൻജി ആദ്യമെത്തിയ മഞ്ചേരി നഗരത്തിൽ 110 വീടുകളിലേക്കുകൂടി അടുത്ത ദിവസങ്ങളിൽ പിഎൻജി എത്തുമെന്നാണ് വിതരണക്കമ്പനിയായ ഇന്ത്യൻ ഓയിൽ–അദാനി ഗ്യാസ് അധികൃതർ പറയുന്നത്. 56 വീടുകളിലേക്കുള്ള കണക്‌ഷൻ ജോലികൾ എല്ലാം പൂർത്തിയാക്കി കമ്മിഷനിങ്ങിന് ഒരുങ്ങി. ഇതിനു പുറമേ 54 വീടുകളിലേക്കു കൂടി പൈപ്പുകൾ വലിച്ചിട്ടുണ്ട്. വിതരണം തുടങ്ങിയതുൾപ്പടെ 127 അപേക്ഷകളാണ് നഗരത്തിൽനിന്നു ലഭിച്ചത്.

നഗരസഭയിലെ 7, 8 വാർഡുകളിലാണ് നിലവിൽ കണക്‌ഷൻ നൽകിയിട്ടുള്ളത്. ഇവയ്ക്കു പുറമേ പൈപ്‌ലൈൻ പണി പുരോഗമിക്കുന്ന 13–ാം വാർഡിൽ നിന്നു കൂടി അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. മറ്റു വാർഡുകളിലെ സർവേ ജോലികളും ടെൻഡറിങ്ങും അടക്കമുള്ളവ പുരോഗമിക്കുന്നു. ഒരു വർഷത്തിനകം മഞ്ചേരി നഗരസഭയിൽ മൊത്തം പൈപ്‌ലൈൻ എത്തിക്കാനുള്ള ലക്ഷ്യത്തിലാണ് കമ്പനി

ജില്ലയിൽ പിഎൻജി എത്തുന്ന രണ്ടാമത്തെ നഗരം മലപ്പുറമാകും. വലിയങ്ങാടിയിലെ വീടുകളിലാകും ഇവിടെ ആദ്യം വാതകമെത്തുക. പ്രദേശത്തെ 24–ാം വാർഡിൽ വീടുകളിലേക്ക് പൈപ് നീട്ടുന്ന ജോലികൾ പുരോഗമിക്കുന്നു. മുണ്ടുപറമ്പ് ഭാഗങ്ങളിൽ വീടുകളിലേക്കുള്ള പൈപ്പിടൽ ഈ ആഴ്ച തുടങ്ങും.

നഗരത്തിൽനിന്ന് ആകെ 52 അപേക്ഷകളാണ് കണക്‌ഷനുവേണ്ടി ലഭിച്ചത്. മലപ്പുറം നഗരത്തിലെ 9,10,11,24,25,31 വാർഡുകളിലാണ് പൈപ്‌ലൈൻ ജോലികൾ നടക്കുന്നത്. മഞ്ചേരിക്കൊപ്പം മലപ്പുറം നഗരത്തിലും വാതകവിതരണം പൂർത്തിയാക്കുന്ന വിധത്തിലാണ് പദ്ധതി.

കോട്ടയ്ക്കൽ നഗരത്തിലേക്ക് പിഎൻജി വിതരണം ചെയ്യാനുള്ള പൈപ് സ്ഥാപിക്കൽ അടുത്ത സാമ്പത്തിക വർഷം തുടങ്ങിയേക്കും. വലിയങ്ങാടി വഴിയുള്ള പൈപ്‌ലൈനാണ് കോട്ടയ്ക്കലിലേക്ക് നീട്ടുക. തുടർന്ന് പെരിന്തൽമണ്ണയിലാകും വാതകമെത്തിക്കുക. മുണ്ടുപറമ്പിൽ നിന്നാണ് അവിടേക്ക് നീട്ടുന്നത്. അതേസമയം പെരിന്തൽമണ്ണയിലേക്ക് പൈപ്‌ലൈൻ നീട്ടാനുള്ള ജോലികൾ തുടങ്ങാൻ ദേശീയപാത അതോറിറ്റിയുടെ അനുമതിക്കായി കാത്തിരിക്കുകയാണ് കമ്പനി.

വാതക വിതരണ കമ്പനിയുടെ പ്രതിനിധികൾ വീടുകളിലെത്തിയാണ് റജിസ്ട്രേഷൻ നടത്തുന്നത്. കണക്‌ഷന് 3 സ്കീമുകളുണ്ട്. എ) 7118 രൂപ ഒറ്റത്തവണ അടയ്ക്കാം. ബി) 2118 രൂപ ആദ്യം നൽകി കണക്‌ഷൻ നേടാം. തുടർന്ന് 500 രൂപ വീതം 10 ദ്വൈമാസ തവണകളിലായി അടച്ചാൽ മതി. സി) 1118 രൂപ അടച്ച് കണക്‌ഷൻ ലഭിക്കും. 100 രൂപ ദ്വൈമാസ വാടകയായും നൽകാം.

എൽപിജിയാകുമ്പോൾ നാലംഗ കുടുംബത്തിനു മാസം ഒരു സിലിണ്ടർ വേണ്ടിവരും. വില ഏകദേശം 1060 രൂപ. പ്രകൃതിവാതകത്തിലേക്കു മാറുമ്പോൾ  ശരാശരി ചെലവു പ്രതിമാസം ഏകദേശം  850 രൂപ. ലാഭം  200 രൂപയിലേറെ (ഏകദേശ കണക്കുകളാണ്. ഉപയോഗമനുസരിച്ചു വ്യത്യാസം വരും). എപ്പോഴും അടുക്കളയിലെ പൈപ്പിൽ വാതകം ലഭ്യമാകും എന്നതാണു മറ്റൊരു നേട്ടം. മലിനീകരണവും അപകട സാധ്യതയും കുറവാണു താനും.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *