ഗ്രീൻഫീൽഡ് ഹൈവേ; അതിർത്തി നിർണയം പൂർത്തിയായി

Share to

Perinthalmanna Radio
Date: 28-11-2022

മലപ്പുറം: കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന നിർദിഷ്ട പാലക്കാട്‌ – കോഴിക്കോട് ഗ്രീൻഫീൽഡ് ദേശീയ പാതയുടെ മലപ്പുറം ജില്ലയിലെ അതിർത്തി നിർണയം പൂർത്തിയായി. പാലക്കാട് – മലപ്പുറം ജില്ലാ അതിർത്തിയായ എടപ്പറ്റയിൽ നിന്നു തുടങ്ങിയ ഗ്രീൻഫീൽഡ് അതിർത്തി നിർണയം 36 പ്രവൃർത്തി ദിനങ്ങൾക്കുള്ളിലാണ് പൂർത്തിയായത്. പുതുതായി നിർമിക്കുന്ന ഗ്രീൻഫീൽഡ് പാത മലകളും കുന്നുകളും ചേർന്ന തീർത്തും ദുർഘടമായ പ്രദേശങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ റെക്കോർഡ് വേഗത്തിലാണ് ജില്ലയിലെ അതിർത്തി നിർണയം പൂർത്തിയാക്കാനായത്.

മലപ്പുറം – കോഴിക്കോട് ജില്ലാ അതിർത്തിയായ വാഴയൂർ പഞ്ചായത്തിൽ ചാലിയാറിനോട് ചേർന്നാണ് ജില്ലയിലെ ഗ്രീൻഫീൽഡ് പാതയുടെ അവസാനത്തെ അതിർത്തിക്ക് കുറ്റിയടിച്ചത്. ദേശീയ പാത ഭൂമി ഏറ്റെടുക്കൽ വിഭാഗം ഡെപ്യൂട്ടി കലക്ടർ ഡോ. ജെ.ഒ. അരുൺ, വാഴയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വാസുദേവൻ എന്നിവർ ചേർന്നാണ് ഗ്രീൻഫീൽഡ് ദേശീയ പാതയുടെ ജില്ലയിലെ അവസാന അതിർത്തിക്കുറ്റിയടിച്ചത്. ചടങ്ങിൽ തഹസിൽദാർ സി.കെ. നജീബ്, ഡെപ്യൂട്ടി തഹസീൽദാർ കോമു കമർ, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരായ റിട്ട. ഡെപ്യൂട്ടി കലക്ടർ എൻ. പ്രേമചന്ദ്രൻ, റിട്ട. തഹസിൽദാർ വർഗീസ് മംഗലം, കൺസൽടന്റായ ടി.പി.എഫ് എഞ്ചിനീയറിങ് ലിമിറ്റഡ് കേരള മാനേജർ രതീഷ് കുമാർ, ദേശീയപാത ഭൂമി ഏറ്റെടുക്കൽ വിഭാഗത്തിലേയും ദേശീയപാത അതോറിറ്റിയിലേയും ഉദ്യോഗസ്ഥർ, സ്ഥലം ഉടമകൾ തുടങ്ങിയവർ സന്നിഹിതരായി.

ഗ്രീൻഫീൽഡ് പദ്ധതിയ്ക്കായി ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച് ലഭിച്ച പരാതികളിൽ ദേശീയ പാത അതോറിറ്റിയിൽ നിന്നും മറുപടി ലഭ്യമാക്കി എല്ലാ പരാതികളിലും തീർപ്പ് കല്പിക്കും. പരാതികളിലെ തീർപ്പിന് ശേഷമാകും അന്തിമ വിജ്ഞാപനമായ 3ഡി പുറത്തിറക്കുക. ഒരു മാസത്തിനകം 3ഡി വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

ജില്ലയിലെ എടപ്പറ്റ, കരുവാരകുണ്ട്, തുവ്വൂർ, ചെമ്പ്രശ്ശേരി, വെട്ടിക്കാട്ടിരി, പോരൂർ, എളങ്കൂർ, കാരക്കുന്ന്, പെരകമണ്ണ, കാവനൂർ, അരീക്കോട്, മുതുവല്ലൂർ, ചീക്കോട്, വാഴക്കാട്, വാഴയൂർ എന്നീ 15 വില്ലേജുകളിലൂടെയായി 52.85 കിലോമീറ്റർ ദൂരത്തിലാണ് പുതിയപാത കടന്നുപോകുക. പദ്ധതിയ്ക്കായി 238 ഹെക്ടർ ഭൂമിയാണ് ജില്ലയിൽ നിന്നും ഏറ്റെടുക്കുന്നത്. ഗ്രീൻഫീൽഡ് പാതയുടെ അതിർത്തി നിർണയത്തിനായി പാത കടന്നുപോകുന്ന പ്രദേശങ്ങളിലെ ഓരോ 50 മീറ്ററിലും ഇരു വശത്തും 1057 വീതം അതിർത്തി കല്ലുകളാണ് സ്ഥാപിക്കുന്നത്. അതിർത്തി നിർണയത്തിനോടൊപ്പം ഓരോ സർവ്വേ നമ്പറിൽ നിന്നും എറ്റെടുക്കേണ്ട ഭൂമി സംബന്ധിച്ച് കൃത്യമായി വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള സർവ്വെ ജോലികളും ഇതോടൊപ്പം പൂർത്തിയായി. ഡി.ജി.പി.എസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഡിജിറ്റൽ സർവേയാണ് അതിർത്തി നിർണയത്തിനും സ്കെച്ചുകൾ തയ്യാറാക്കുന്നതിനും ഉപയോഗിക്കുന്നത്.

Share to

Leave a Reply

Your email address will not be published. Required fields are marked *