ഗ്രീൻഫീൽഡ് ദേശീയപാത; സൈലന്റ്‌വാലിയിൽ ആകാശപ്പാത

Share to

Perinthalmanna Radio
Date: 08-12-2022

സൈലന്റ്‌വാലി ദേശീയോദ്യാനത്തിലെ പരിസ്ഥിതിലോല മേഖലയുടെ അരികിലൂടെ ഭാരത്‌മാലാപദ്ധതിപ്രകാരം ഗ്രീൻഫീൽഡ് ദേശീയപാത നിർമിക്കാനുള്ള പദ്ധതിക്ക്‌ അനുമതിനൽകാൻ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം.

പരിസ്ഥിതിലോലമേഖലയ്ക്ക് അടുത്തഭാഗത്ത് പാത കടന്നുപോകുന്ന 10 കിലോമീറ്ററോളം 10 മീറ്ററെങ്കിലും ഉയരത്തിൽ എലിവേറ്റഡ് റോഡായി നിർമിക്കണമെന്ന് വിദഗ്ധ സമിതി നിർദേശിച്ചിട്ടുണ്ട്.

പദ്ധതിയുടെ പരിഗണനാവിഷയങ്ങൾക്ക് മന്ത്രാലയം നിയോഗിച്ച വിദഗ്ധസമിതി കഴിഞ്ഞമാസം 22-ന് നിബന്ധനകളോടെ അംഗീകാരംനൽകി. 7937.96 കോടി രൂപ ചെലവിൽ പാലക്കാട്-കോഴിക്കോട് ദേശീയപാത 966 നിർമിക്കാനാണ് പദ്ധതി. സൈലന്റ്‌വാലി പരിസ്ഥിതി ലോലമേഖലയുടെ അതിർത്തിയിൽനിന്ന് അഞ്ചരകിലോമീറ്റർ ദൂരത്തുകൂടിയാണ് പാത കടന്നുപോവുക.

സൈലന്റ്‌വാലിക്കുചുറ്റുമുള്ള സംരക്ഷിതമേഖലയിലും പരിസരങ്ങളിലുമുള്ള 134 ഹെക്ടർ പ്രദേശം പദ്ധതിയുടെ ഭാഗമാകും. ജൈവവൈവിധ്യങ്ങൾ സംരക്ഷിക്കണമെന്നും മരങ്ങൾ മുറിക്കുന്നത് കുറയ്ക്കണമെന്നും പൈതൃകമരങ്ങൾ സംരക്ഷിക്കണമെന്നും സമിതി നിർദേശിക്കുന്നു. തുടർനടപടിക്രമങ്ങൾ പൂർത്തീകരിച്ച് മാസങ്ങൾക്കുള്ളിൽ പദ്ധതിക്ക് അന്തിമാനുമതി ലഭിക്കുമെന്നാണ് സൂചന.

ഡോ. ദീപക് അരുൺ ആപ്തെയുടെ നേതൃത്വത്തിലുള്ള 14 അംഗ വിദഗ്ധസമിതിയാണ് പദ്ധതിക്ക് അംഗീകാരംനൽകിയത്. 121.006 കിലോമീറ്റർ ദൈർഘ്യമുണ്ടാകും പാതയ്ക്ക്. നാലുവരി അല്ലെങ്കിൽ ആറ്ുവരി പാത നിർമിക്കുന്നതിനാണ് ദേശീയപാതാ അതോറിറ്റി പദ്ധതിനിർദേശം സമർപ്പിച്ചിരിക്കുന്നത്. ഗതാഗതം സുഗമമാക്കുന്നതിനും ചരക്കുകടത്ത് എളുപ്പത്തിലാക്കുന്നതിനും പാത ഉപകരിക്കുമെന്ന് അതോറിറ്റി കഴിഞ്ഞ ഏപ്രിലിൽ വനം-പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിച്ച പദ്ധതി നിർദേശത്തിൽ പറയുന്നു.

പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലൂടെയാണ് നിർദിഷ്ട ദേശീയപാത കടന്നുപോകുന്നത്. എൻ.എച്ച്. 544ന്റെ (സേലം-കൊച്ചി-കന്യാകുമാരി) പാലക്കാട് ജില്ലയിലെ മരുതറോഡ്‌ ഗ്രാമത്തിലെ ഭാഗത്തുനിന്ന് തുടങ്ങി കോഴിക്കോട് ജില്ലയിലെ ഒളവണ്ണയിൽ ദേശീയപാത 66-ൽ അവസാനിക്കുന്ന രീതിയിലാണ് പുതിയ പാതയുടെ രൂപരേഖ. പാത നിർമിച്ചാൽ പാലക്കാട്-കോഴിക്കോട് യാത്രാസമയം നാലുമണിക്കൂറിൽനിന്ന് രണ്ടുമണിക്കൂറായി ചുരുങ്ങുമെന്ന് ദേശീയപാതാ അതോറിറ്റി പറയുന്നു. 2006-ലെ പരിസ്ഥിതിസംരക്ഷണ നിയമത്തിൽ പരിസ്ഥിതിലോലമേഖല സംബന്ധിച്ച് നൽകിയ നിർവചനപ്രകാരം കാറ്റഗറി എ-യിലാണ് പാത. അതിനാൽ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ വിദഗ്ധസമിതി ഉപസമിതിയെ നിയോഗിച്ചു. ഒക്ടോബറിൽ ഉപസമിതി സ്ഥലംസന്ദർശിച്ച് റിപ്പോർട്ട് നൽകി. ഇതുപരിശോധിച്ച് നവംബർ 22-നാണ് നിബന്ധനകളോടെ വിദഗ്ധസമിതി പ്രാഥമികാനുമതി നൽകിയത്.

Share to

Leave a Reply

Your email address will not be published. Required fields are marked *