ഗ്രീൻഫീൽഡ് ദേശീയപാത; 26 ഹെക്ടർ ത്രീ‌ഡി വിജ്ഞാപനം മൂന്നാഴ്ചക്കകം

Share to

Perinthalmanna Radio
Date: 02-03-2023

മലപ്പുറം: പാലക്കാട് – കോഴിക്കോട് ഗ്രീൻഫീൽഡ് ദേശീയപാതയുടെ ആദ്യ വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടില്ലാത്ത 26 ഹെക്ടർ ഭൂമിയുടെ ത്രീഡി വിജ്ഞാപനം മൂന്നാഴ്ചയ്ക്കകം പുറപ്പെടുവിപ്പിക്കും. 52 കിലോമീറ്റർ ദൂരത്തിൽ 238 ഹെക്ടർ ഭൂമിയാണ് ജില്ലയിൽ ഏറ്റെടുക്കേണ്ടത്. ഇതിൽ 212 ഹെക്ടർ ഭൂമിയുടെ ത്രീ ഡി വിജ്ഞാപനം പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. അവശേഷിക്കുന്ന ഭൂമിയുടെ ത്രീ‌ഡി വിജ്ഞാപനമാണ് മൂന്നാഴ്ചക്കകം പുറത്തിറക്കുക. 45 മീറ്റർ വീതിയിൽ ഏറ്റെടുക്കുന്നതിൽ ഉൾപ്പെട്ട ഭൂമിയാണിത്. നഷ്ടപരിഹാര തുക ഡെപ്യൂട്ടി കളക്ടറുടെ(ദേശീയപാത ഭൂമിയേറ്റെടുക്കൽ)​ അക്കൗണ്ടിൽ ലഭിച്ച ശേഷമേ ഭൂഉടമകൾക്ക് ഒഴിഞ്ഞുപോവാനുള്ള നോട്ടീസ് നൽകൂ. ഓരോരുത്തരുടെയും നഷ്ടപരിഹാരം സംബന്ധിച്ച ഉത്തരവും കൈമാറും. നോട്ടീസ് ലഭിച്ച് രണ്ട് മാസത്തിനകം ഭൂമിയിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും ഒഴിയണം.

വാഴയൂർ, വാഴക്കാട്, ചീക്കോട്, അരീക്കോട്, മുതുവല്ലൂർ, കാവന്നൂർ, പെരകമണ്ണ, കാരക്കുന്ന്, എളങ്കൂർ, പോരൂർ, ചെമ്പ്രശ്ശേരി, വെട്ടിക്കാട്ടിരി, തുവ്വൂർ, എടപ്പറ്റ, കരുവാരക്കുണ്ട് വില്ലേജുകളിലൂടെയാണ് പാത കടന്നുപോവുന്നത്. ത്രീഡി വിജ്ഞാപനത്തിൽ ഉൾപ്പെട്ട ഭൂമി സംബന്ധിച്ച ഹിയറിംഗിന് ഇന്നലെ മഞ്ചേരി ടൗൺഹാളിൽ തുടക്കമായി. ഈമാസം 14 വരെ ഹിയറിംഗ് നടക്കും. മാർച്ച് 16ന് ഭൂമിയുടെ നഷ്ടപരിഹാരം സംബന്ധിച്ച ഫണ്ടിന് വേണ്ടിയുള്ള പദ്ധതി സമർപ്പിക്കും. മാർച്ച് 31നകം ഡെപ്യൂട്ടി കളക്ടറുടെ അക്കൗണ്ടിൽ തുക ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

_ഹിയറിംഗ് തുടങ്ങി_

പാതയ്ക്കായി ഏറ്റെടുത്ത ഭൂമി തങ്ങളുടേതാണെന്ന് തെളിയിക്കാനുള്ള അവസരമാണ് ഉടമകൾക്ക് ഹിയറിംഗിലൂടെ ലഭിക്കുന്നത്. ഇന്നലെ അരീക്കോട്, എളങ്കൂർ, പോരൂർ വില്ലേജുകളിലെ ഭൂവുടമകൾക്കായിരുന്നു ഹിയറിംഗ്. ഈ ഭൂമിയിൽ വ്യാപാര സ്ഥാപനം നടത്തുന്നവരും ഹാജരായി രേഖകൾ സമർപ്പിച്ചു. ഇന്നലെ 307 ഭൂവുടമകൾ രേഖകൾ ഹാജരാക്കി. അരീക്കോട് വില്ലേജിൽ നിന്ന് 142, എളങ്കുർ 71, പോരുരിൽ നിന്ന് 94 പേരും പങ്കെടുത്തു. ഇവരുടെ രേഖകൾ സ്വീകരിച്ചു. പൂർണ്ണമായ രേഖകൾ ഹാജരാക്കാത്തവർക്ക് സമയം അനുവദിച്ചു. ഇന്ന് അരീക്കോട്, എളങ്കുർ, ചെമ്പ്രശ്ശേരി വില്ലേജുകളിലുള്ളവർ ഹിയറിംഗിൽ പങ്കെടുക്കും.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *