മലപ്പുറം: കല്ലിടൽ പൂർത്തിയായ പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ദേശീയപാതയിൽ ജില്ലയിലെ 52.96 കിലോമീറ്റർ ദൈർഘ്യമുള്ള ഭാഗത്ത് ചെറുതും വലുതുമായ 25 അടിപ്പാതകളും 14 മേൽപ്പാലങ്ങളും നിർമിക്കും. പുഴകൾക്ക് കുറുകേ എട്ട് പാലങ്ങളും വിഭാവനംചെയ്യുന്ന രീതിയിലാണ് വിശദ പദ്ധതിയുടെ രൂപകൽപ്പന. ഷൊർണൂർ-നിലമ്പൂർ തീവണ്ടിപ്പാതയ്ക്ക് കുറുകേ തുവ്വൂരിൽ റെയിൽവേ മേൽപ്പാലം ഉണ്ടാക്കും.
ഒരു ടോൾ പ്ലാസയും ജില്ലയിലുണ്ടാകും. ജില്ലാ അതിർത്തി തുടങ്ങുന്ന എടത്തനാട്ടുകര മുതൽ കാരക്കുന്ന് വരെയുള്ള 26.49 കിലോമീറ്റർ ദൂരം ഒരുഘട്ടമായും അത്രതന്നെ ദൂരംവരുന്ന കാരക്കുന്ന് മുതൽ കോഴിക്കോട് ജില്ലയുടെ അതിർത്തിയായ വാഴയൂർ വരെയുള്ള ഭാഗം മറ്റൊരു ഘട്ടമായുമാണ് നിർമാണപ്രവൃത്തികൾ തുടങ്ങുന്നത്. രണ്ടുഘട്ടങ്ങളുടെയും നിർമാണം ഒരേസമയം നടക്കും. ഇതിന്റെ ടെൻഡർ നടപടി ആരംഭിച്ചു. ജില്ലയിലെ നാല് താലൂക്കുകളിലെ 15 വില്ലേജുകളിലായി 304.59 ഹെക്ടർ സ്ഥലമാണ് അടയാളപ്പെടുത്തിയിട്ടുള്ളത്. കാരക്കുന്ന് മുതൽ എടത്തനാട്ടുകര വരെ ഗ്രീൻഫീൽഡ് പാതയ്ക്ക് 942.49 കൊടിയും കാരക്കുന്ന് മുതലുള്ള ഘട്ടത്തിന് 1,627 കോടി രൂപയുമാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്.
നിലമ്പൂർ-മലപ്പുറം, കരുവാരക്കുണ്ട്-പെരിന്തൽമണ്ണ സംസ്ഥാന പാതകൾ മുറിച്ചുകടക്കുന്നിടത്താണ് വലിയ അടിപ്പാതകൾ നിർമിക്കുന്നത്. തുവ്വൂരിലും പൂളമണ്ണ -വാണിയമ്പലം, എടവണ്ണപ്പാറ-കൊണ്ടോട്ടി, മഞ്ചേരി-കുട്ടിപ്പാറ-ചെറുകോട്, മഞ്ചേരി-വണ്ടൂർ, പുത്തനഴി-മൂന്നടി, പാണ്ടിക്കാട്-കല്ലമ്പാറ റോഡുകൾക്ക് കുറുകേയും അടിപ്പാതകളാണ് വിഭാവനം ചെയ്തിട്ടുള്ളത്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ