കാൽനടയായി ഹജ്ജിന് പുറപ്പെട്ട് ഷിഹാബിന് വിസയ്ക്കുള്ള അപേക്ഷ പാകിസ്ഥാൻ കോടതി തളളി

Share to

Perinthalmanna Radio
Date: 24-11-2022

മലപ്പുറത്തുനിന്ന് കാല്‍നടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബിന്റെ വിസയ്ക്കുള്ള അപേക്ഷ പാക് കോടതി തള്ളി. ഹജ്ജ് തീർത്ഥാടനത്തിനായി മക്കയിലേക്ക് കാൽനടയായി യാത്ര പൂർത്തിയാക്കാൻ പാകിസ്ഥാനിലേക്ക് പ്രവേശനാനുമതി തേടിയാണ് ശിഹാബ് വിസയ്ക്ക് അപേക്ഷിച്ചത്.

കേരളത്തിൽ നിന്നും തുടങ്ങി 3000 കിലോമീറ്റര്‍ കാൽനടയായി യാത്ര ചെയ്ത് പഞ്ചാബിലെ വാഗ അതിര്‍ത്തിയിലെത്തിയ ശിഹാബിന് വിസയില്ലാത്തതിനാൽ പാകിസ്ഥാൻ ഇമിഗ്രേഷൻ അധികൃതർ പ്രവേശനം നിഷേധിച്ചിരുന്നു. ഒരു മാസമായി ശിഹാബ് അതിർത്തിയിൽ തുടരുകയാണ്. ഇതിനിടയിലാണ് വിസ അപേക്ഷ പാക് ഹൈകോടതി തള്ളിയത്. ഷിഹാബിന് വേണ്ടി പാക് പൗരനായ സർവാർ താജ് ആണ് അപേക്ഷ സമർപ്പിച്ചത്.

ജസ്റ്റിസ് ചൗധരി മുഹമ്മദ് ഇഖ്ബാൽ, ജസ്റ്റിസ് മുസാമിൽ അക്തർ ഷബീർ എന്നിവരടങ്ങുന്ന ലാഹോർ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആണ് ഹർജി തള്ളിയത്. ഇതുസംബന്ധിച്ച് സിംഗിൾ ബെഞ്ചിന്റെ തീരുമാനം ഹൈക്കോടതി ഡിവിഷൻ ബെഞ്ച്ശരിവെക്കുകയായിരുന്നു.

ഹരജിക്കാരന് ഇന്ത്യൻ പൗരനായ ശിഹാബുമായി ബന്ധമില്ലെന്നും കോടതിയെ സമീപിക്കാനുള്ള പവർ ഓഫ് അറ്റോർണി കൈവശമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സിംഗിൾ ബെഞ്ച് അപേക്ഷ തള്ളിയത്. ‍‌‌‌‌‌‌‌ശിഹാബിന്റെ പൂർണ വിവരങ്ങൾ ആരാഞ്ഞിരുന്നെങ്കിലും ഹർജിക്കാരന് അത് സമർപ്പിക്കാൻ സാധിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ബാബ ഗുരുനാനാക്കിന്റെ ജന്മദിനത്തോടനുബന്ധിച്ചും മറ്റ് അവസരങ്ങളിലും നിരവധി ഇന്ത്യൻ സിഖുകാർക്ക് പാകിസ്ഥാൻ സർക്കാർ വിസ നൽകുന്നതുപോലെ ഷിഹാബിനും വിസ അനുവദിക്കണമെന്നായിരുന്നു ലാഹോർ ‍‌സ്വദേശിയായ താജിന്റെ വാദം. കേരളത്തിൽ നിന്ന് കാൽനടയായി യാത്ര ആരംഭിച്ച ഷിഹാബിനെയും ഇതേ രീതിയിൽ പരിഗണിക്കണമെന്നും വാഗാ അതിർത്തി വഴി പാകിസ്ഥാനിലേക്ക് കടക്കാൻ അനുവദിക്കണമെന്നും താജ് അഭ്യർത്ഥിച്ചു.

കഴിഞ്ഞ ജൂണ്‍ രണ്ടിനാണ് മലപ്പുറത്തെ പുത്തനത്താണി ആതവാനാട്ടിലെ വീട്ടില്‍ നിന്ന് ഹജ്ജ് കര്‍മം ലക്ഷ്യമിട്ട് ശിഹാബ് ചോറ്റൂര്‍ നടക്കാന്‍ തുടങ്ങിയത്. സെപ്റ്റംബര്‍ ഏഴിന് പഞ്ചാബിലെത്തിയ ശിഹാബ് വാഗ അതിര്‍ത്തിക്കടുത്തുള്ള ഖാസയിലാണുള്ളത്.

ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ എത്തിയാലുടന്‍ വിസ നല്‍കാമെന്ന് ഡല്‍ഹിയിലെ പാക്കിസ്ഥാന്‍ എംബസി നേരത്തെ ഉറപ്പു നല്‍കിയിരുന്നതാണെന്നും അതുകൊണ്ടാണ് വിസ നേരത്തെ സെറ്റ് ചെയ്യാതിരുന്നതെന്നാണ് ശിഹാബ് നൽകിയ വിശദീകരണം.

Share to

Leave a Reply

Your email address will not be published. Required fields are marked *