
Perinthalmanna Radio
Date: 13-01-2023
മലപ്പുറം: സംസ്ഥാനത്ത് പക്ഷിപ്പനി കണ്ടെത്തിയ സാഹചര്യത്തിൽ ജില്ലയിലെ കോഴിഫാമുകൾക്ക് ജാഗ്രതാ നിർദേശവുമായി മൃഗസംരക്ഷണവകുപ്പ്. കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിലെ ചാത്തമംഗലത്തും തിരുവനന്തപുരത്തെ അഴൂരിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. ഭോപ്പാലിലെ അതീവ സുരക്ഷാ ലാബിൽ നടത്തിയ പരിശോധനയിൽ കോഴിക്കോട്ടെ സാമ്പിളിൽ തീവ്രവ്യാപനശേഷിയുള്ള എച്ച് 5 എൻ 1 വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ കോഴിഫാമുകൾക്ക് ശുചിത്വത്തിന്റെയും രോഗലക്ഷണങ്ങളുടെ കാര്യത്തിലുമാണ് ജാഗ്രതാ നിർദേശം നൽകിയത്. ജില്ലയിലെ വെറ്ററിനറി ഡോക്ടർമാർക്ക് മൃഗസംരക്ഷണ വകുപ്പ് പ്രത്യേക ചുമതല നൽകിയിട്ടുണ്ട്. നിലവിൽ മലപ്പുറത്ത് കേസുകളില്ലെന്നും അനാവശ്യ ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി.യു. അബ്ദുൽ അസീസ് പറഞ്ഞു.
അയൽ ജില്ലയിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മലപ്പുറത്തെ കോഴിക്കർഷകരും ആശങ്കയിലാണ്. വിലയിടിയുമോ എന്നാണ് അവരുെട പേടി. കോഴിത്തീറ്റയുടെ വിലവർധനവും തമിഴ്നാട്ടിൽനിന്നുള്ള കോഴിയുടെ വരവും കാരണം ഫാമുകൾ നേരത്തെ പ്രതിസന്ധിയിലാണ്. ഒരു കിലോഗ്രാം കോഴി ഇറച്ചിക്ക് 190 രൂപയോളമാണ് മലപ്പുറത്തെ ചില്ലറ വിൽപ്പന വില. ഫാമുകാർക്ക് അത്രയും കിട്ടില്ല. കൂലി കുറവായ തമിഴ്നാട്ടിൽനിന്ന് കുറഞ്ഞ വിലയ്ക്ക് കോഴികൾ വരുന്നത് ഇവിടുത്തെ കർഷകരെ വിലകുറയ്ക്കാൻ നിർബന്ധിതരാക്കുന്നു. പല സംരംഭകരും പ്രതിസന്ധികൾ നേരിടാനാവാതെ മേഖല വിട്ടതായി വർഷങ്ങളായി കോഴിഫാം നടത്തുന്ന വണ്ടൂർ സ്വദേശി എം.കെ. അബ്ദുൽ കരീം പറഞ്ഞു.
കേരളത്തിൽ ഏറ്റവും കൂടുതൽ കോഴിയിറച്ചി ഉപയോഗിക്കുന്നത് മലപ്പുറം ജില്ലയിലാണെന്ന് ഓൾ കേരള പൗൾട്രി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി എസ്.കെ. നസീർ ചൂണ്ടിക്കാട്ടി. ഒരു ദിവസം മൂന്നരലക്ഷം കിലോഗ്രാം കോഴിയിറച്ചി ജില്ലയിലാകെ വിറ്റു പോവുന്നുണ്ട്. അതു കൊണ്ടുതന്നെ ഇവിടെ കൂടുതൽ മുൻകരുതൽ വേണം -അദ്ദേഹം പറഞ്ഞു.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
