വീണ്ടുമൊരു സൗഹൃദ ഇഫ്താറിന് കുന്നക്കാവ് കുടൽവള്ളി ഇല്ലം വേദിയായി

Share to

Perinthalmanna Radio
Date: 17-04-2023

ഏലംകുളം: നാടിന്റെ ഐക്യവും ഒരുമയും ഊട്ടിയുറപ്പിച്ച് വീണ്ടുമൊരു സൗഹൃദ ഇഫ്താറിന് കുന്നക്കാവ് കുടൽവള്ളി ഇല്ലം വേദിയായി. അഡ്വ. ടി.കെ. ശങ്കരന്റെ വീട്ടിലായിരുന്നു ഇഫ്താർ ഒരുക്കിയത്. പരസ്പര സ്നേഹത്തിലൂടെ പ്രാദേശിക ഐക്യം ശക്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ഒമ്പത് വർഷം മുമ്പ് രൂപം കൊണ്ട ഓർഗനൈസേഷൻ ഫോർ റീജനൽ യൂനിറ്റി ആൻഡ് മ്യൂച്വൽ അമിറ്റിയുടെ (ഒരുമ) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിക്ക് കൂട്ടായ്മ പ്രസിഡന്റിന്റെ വീട് ആതിഥ്യമരുളുകയായിരുന്നു.

രാഷ്ട്രീയ -മത- സാമൂഹിക- സാംസ്കാരിക രംഗത്തെ പ്രമുഖർ അടക്കം എണ്ണൂറിലധികം പേർ പങ്കെടുത്തു. നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഒരുമ ചെയർമാൻ കെ. പി. പുരുഷോത്തമൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ, ഏലംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. സുകുമാരൻ, കുന്നക്കാവ് മഹല്ല് ഇമാം പി. സൈനുദ്ദീൻ മൗലവി, എം.എസ്.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി. ഉണ്ണീൻ, എം.എ. അജയ കുമാർ, സി. കേശവൻ, ചമയം ബാപ്പു തുടങ്ങിയവർ സംസാരിച്ചു. ഒരുമ പ്രസിഡന്റ് അഡ്വ. ടി.കെ. ശങ്കരൻ സ്വാഗതവും ജനറൽ സെക്രട്ടറി ഫൈസൽ അലി നന്ദിയും പറഞ്ഞു. പൂർണമായി പച്ചക്കറി വിഭവങ്ങളായിരുന്നു ഒരുക്കിയത്. ഇഫ്താറിന് എത്തിയവർക്ക് മഗ്രിബ് നമസ്കാരത്തിനുള്ള സൗകര്യവും മനയിൽ ഒരുക്കിയിരുന്നു.

ഡോ. നിഷാദ്, വി. അനസ്, എൻ.വി. രാമൻകുട്ടി, മാണിതൊടി ബാല സുബ്രഹ്മണ്യൻ, വി. ഉമ്മർ, ഹംസക്കുട്ടി, ശങ്കരൻകുട്ടി, ആലിക്കൽ ഉണ്ണി കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. പരിപാടിയുടെ ഭാഗമായി കാതർതൊടി സുനിലിന്റെ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ചികിത്സ സഹായ സമിതി രൂപവത്കരിക്കുകയും ആദ്യ ഘട്ട സഹായമായി അഞ്ച് ലക്ഷം രൂപ കുടുംബാംഗങ്ങൾക്ക് കൈമാറുകയും ചെയ്തു.

ഓണവും പെരുന്നാളും ഒരേ സമയം വന്ന വേളയിൽ ‘ഈണം’ എന്ന പേരിൽ സൗഹൃദ സംഗമം നേരത്ത ‘ഒരുമ’ സംഘടിപ്പിച്ചിരുന്നു. ജീവകാരുണ്യ രംഗത്തും കൂട്ടായ്മ ശ്രദ്ധ പതിപ്പിച്ചു വരുന്നു. രണ്ട് നിർധന രോഗികളുടെ വൃക്ക മാറ്റിവെക്കൽ ആവശ്യമായ തുക ജനകീയ കൂട്ടായ്മയിലൂടെ സമാഹരിച്ചിരുന്നു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *