
Perinthalmanna Radio
Date: 29-12-2022
പെരിന്തൽമണ്ണ: നഗരത്തിന്റെ കാലാനുസൃതമായ പുരോഗതിക്കായി ഐ.ടി. ആൻഡ് ഇൻഡസ്ട്രിയൽ പാർക്ക് നിർമിക്കണമെന്ന് നഗരസഭാ കൗൺസിൽ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
മരാമത്ത് സ്ഥിരംസമിതി അധ്യക്ഷൻ കെ. ഉണ്ണിക്കൃഷ്ണൻ അവതരിപ്പിച്ച പ്രമേയം കൗൺസിൽ യോഗം ഐകകണ്ഠ്യേന അംഗീകരിച്ചു.
നഗരസഭയിലും സമീപ പഞ്ചായത്തുകളിലുമായി പതിനായിരക്കണക്കിനു യുവാക്കൾ ഐ.ടി. മേഖലയിൽ ജോലിചെയ്യുന്നുണ്ട്. ഈ മേഖലയിൽ പ്രാവീണ്യം നേടിയവരുടെ സാധ്യതകളെ പെരിന്തൽമണ്ണയുടെ വളർച്ചയ്ക്ക് പ്രയോജനപ്പെടുത്താനും സമൂഹ വിപുലീകരണത്തിനും വിവരസാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഐ.ടി. പാർക്ക് അനിവാര്യമാണെന്നും പ്രമേയത്തിൽ പറയുന്നു.
നഗരസഭയിലെ മാലിന്യസംസ്‌കരണ ശേഖരണ പ്രവർത്തനങ്ങൾ നടത്തുന്ന ഹരിത കർമസേനയ്ക്ക് സഹായസ്ഥാപനമായി തിരുവനന്തപുരം കേന്ദ്രമായുള്ള ഗ്രീൻ വില്ലേജ് ഹരിത പ്രവർത്തിക്കും. നഗരസഭ ശേഖരിക്കുന്നവയിലെ തിരസ്‌കൃത മാലിന്യങ്ങൾ നീക്കംചെയ്യുന്നതിന് പുതിയ സ്ഥാപനത്തെ ചുമതലപ്പെടുത്തി. മാലിന്യസംസ്‌കരണ സംവിധാനം നവീകരിക്കുന്നതിന് ലോകബാങ്ക് സഹായത്തോടെയുള്ള കെ.എസ്.ഡബ്ല്യു.എം.പി. പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾക്കും കൗൺസിൽ അംഗീകാരം നൽകി.
നഗരസഭയിലെ ലൈഫ് ഫ്ളാറ്റ്സമുച്ചയം, ബസ്‌സ്റ്റാൻഡ്, ഇൻഡോർ മാർക്കറ്റ്, മാലിന്യസംസ്‌കരണ പ്ലാന്റ്, പച്ചത്തുരുത്ത് എന്നിവിടങ്ങളിൽ ദ്രവമാലിന്യ സംസ്‌കരണ സംവിധാനങ്ങളൊരുക്കാൻ പുതിയ ടെൻഡർ ക്ഷണിക്കും.
തെരുവുവിളക്കുകളുടെ വാർഷിക പരിപാലന കരാർ കാലാവധി കഴിഞ്ഞതിനാൽ പുതിയ ടെൻഡർ നടപടികൾക്കും കൗൺസിൽ അനുമതിനൽകി. വിധവകളുടെ പെൺമക്കളുടെ വിവാഹ സഹായധനത്തിന് അപേക്ഷിച്ചയാൾക്കും വാർധക്യ, വിധവ, ശാരീരിക വെല്ലുവിളി വിഭാഗങ്ങളിൽ പെൻഷന് അപേക്ഷിച്ച 27 പേർക്കും ഇവ അനുവദിക്കാനും തീരുമാനിച്ചു. നഗരസഭാധ്യക്ഷൻ പി. ഷാജി അധ്യക്ഷത വഹിച്ചു.
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
