പെരിന്തൽമണ്ണ: ബസ് സ്റ്റാൻഡിലേക്ക് ഉള്ളതടക്കം വാഹനങ്ങൾ പോകുന്ന പെരിന്തൽമണ്ണ ജൂബിലി ബൈപ്പാസ് റോഡിലെ കുഴികൾ അപകടക്കെണികളാകുന്നു. ആയുർവേദ ആശുപത്രിക്ക് സമീപമാണ് വലിയ കുഴികൾ.
ഉപരിതലത്തിൽ കുറേഭാഗം ടാറും കുറച്ചുഭാഗങ്ങൾ കോൺക്രീറ്റ് കട്ടകളും വിരിച്ചാണ് റോഡ് നിർമിച്ചിട്ടുള്ളത്. ഇവ രണ്ടുംചേരുന്ന ഭാഗങ്ങളിലാണ് കോൺക്രീറ്റ് അടർന്നുപോയി വലിയ കുഴികളായത്.
ഇരുചക്രവാഹനങ്ങളാണ് ഏറെയും അപകടത്തിൽപ്പെടുന്നത്. രാത്രിയിൽ കുഴി ശ്രദ്ധയിൽപ്പെടാതെ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. മാസങ്ങൾക്ക് മുൻപ് ഗ്യാസ് ഏജൻസിക്ക് സമീപത്തെ കുഴിയിൽച്ചാടി നിയന്ത്രണംവിട്ട് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചിരുന്നു. പ്രതിഷേധങ്ങൾക്കൊടുവിൽ ആ ഭാഗംമാത്രം കോൺക്രീറ്റ് ചെയ്ത് ശരിയാക്കിയിരുന്നു.