ഫുട്ബോൾ ആവേശത്തിന് അറുതിയില്ല; കാദറലി സെവൻസ് ടൂർണമെൻ്റ് 19 മുതല്‍

Share to

Perinthalmanna Radio
Date: 16-12-2022

പെരിന്തൽമണ്ണ: ലോകകപ്പ് ഫുട്‌ബോളിന്റെ ആരവങ്ങൾക്ക് അവസാനമാകുന്നതോടെ ജില്ലയിൽ വീണ്ടുമൊരു ഫുട്‌ബോൾ മാമാങ്കത്തിന് പന്തുരുളും. പച്ചപ്പിന്റെ ഇലവൻസിൽനിന്ന് ചെമ്മണ്ണിന്റെ സെവൻസ് ആവേശത്തിലേക്കാണ് പട്ടിക്കാട് ഗവ. ഹൈസ്കൂൾ മൈതാനം ഒരുങ്ങുന്നത്. ഒരുമാസം നീളുന്ന പോരാട്ടങ്ങൾക്ക് വേദിയൊരുക്കുന്നത് പെരിന്തൽമണ്ണ കാദറലി സ്പോർട്‌സ് ക്ലബ്ബാണ്.

ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള കാദറലി അഖിലേന്ത്യാ സെവൻസ് ഫുട്‌ബോളിന്റെ അൻപതാം വാർഷികം കൂടിയാണ് ഈ വർഷം. കേരളത്തിലെ മികച്ച 25 ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റ് 19-ന് രാത്രി 7.30-ന് പി. അബ്ദുൾ ഹമീദ് എം.എൽ.എ. ഉദ്ഘാടനംചെയ്യും. ലിൻഷ മണ്ണാർക്കാടും ലക്കിസോക്കർ കോട്ടപ്പുറവും തമ്മിലാണ് ആദ്യമത്സരം. ആറുമണിക്ക് സുറുമി വയനാട് നേതൃത്വംനൽകുന്ന ഗാനമേളയുണ്ടാകും. 18-ന് വൈകീട്ട് നാലുമണിക്ക് പട്ടിക്കാട് ചുങ്കത്തുനിന്ന്‌ വാദ്യമേളങ്ങളോടെ ഘോഷയാത്ര നടത്തും.

ദിവസവും പ്രധാന മത്സരത്തിന് മുൻപായി 5.30-ന് 20 വയസ്സിൽ താഴെയുള്ളവരുടെ യൂത്ത് ടൂർണമെന്റ്, ഏഴുമണിക്ക് 40 വയസ്സിന് മുകളിലുള്ളവരുടെ വെറ്ററൻസ് ടൂർണമെന്റ് മത്സരങ്ങളും നടക്കും. മൂന്ന് ടൂർണമെന്റുകളുടെയും ഫൈനൽ ജനുവരി 17-നാണ്. അയ്യായിരം പേർക്കിരുന്ന് കളികാണാവുന്ന സൗകര്യമാണ് സ്റ്റേഡിയത്തിൽ ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.

ആദ്യമായാണ് കാദറലി ഫുട്‌ബോൾ പട്ടിക്കാട് സ്കൂൾ മൈതാനത്ത് നടത്തുന്നത്. വാഹന പാർക്കിങ്ങിന് സൗകര്യങ്ങളൊരുക്കിയതായും ഗാലറിയും മറ്റും ഒരുകോടി രൂപയ്ക്ക് ഇൻഷൂർ ചെയ്തതായും സംഘാടകർ പറഞ്ഞു. 50 രൂപയാണ് ടിക്കറ്റ് നിരക്ക്. സെമിഫൈനലിന് എഴുപതും ഫൈനലിന് നൂറും രൂപയാണ്. മാർക്കർ ബിൽഡേഴ്‌സാണ് മുഖ്യ സ്പോൺസർ. ടൂർണമെന്റിന്റെ മുഴുവൻ ലാഭവും ജീവകാരുണ്യ-സേവന പ്രവർത്തനങ്ങൾക്കും ഫുട്‌ബോളിനുമായി ചെലവഴിക്കുമെന്ന് സംഘാടകർ അറിയിച്ചു.

എം.എൽ.എ.യ്ക്ക് പുറമേ ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ പി. ഷാജി, ബ്ലോക്ക് പഞ്ചായത്തംഗം പി.എ. അസീസ്, ജനറൽ കൺവീനർ പച്ചീരി ഫാറൂഖ്, സി. മുഹമ്മദലി, മണ്ണിൽ ഹസ്സൻ, മാർക്കർ ബിൽഡേഴ്‌സ് എം.ഡി. ഇക്ബാൽ തുടങ്ങിയവർ പങ്കെടുത്തു.

Share to

Leave a Reply

Your email address will not be published. Required fields are marked *