കാദറലി സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് ഇത്തവണ ചെറുകരയിൽ

Share to

Perinthalmanna Radio
Date: 08-11-2022

പെരിന്തൽമണ്ണ: ഖത്തറിൽ ലോക ഫുട്‌ബോളിലെ രാജാക്കൻമാരെ തീരുമാനിച്ചതിനു പിറ്റേന്ന് ജില്ലയ്ക്ക് ആവേശമേറ്റി പെരിന്തൽമണ്ണ കാദറലി സെവൻസ് ഫുട്‌ബോളിനും തുടക്കമാകും. കാദറലി ടൂർണമെന്റിന്റെ സുവർണജൂബിലി വർഷത്തിലെ മത്സരങ്ങളിൽ അഖിലേന്ത്യാ സെവൻസിലെ 24 ടീമുകൾ മാറ്റുരയ്ക്കും.

ഇത്തവണ ഏലംകുളം പഞ്ചായത്തിൽ ചെറുകരയിലുള്ള ഇ.ആർ. സ്‌മാരക മിനി സ്റ്റേഡിയത്തിലാണ് ഡിസംബർ 19 മുതൽ മത്സരങ്ങൾ.

വർഷങ്ങളായി പെരിന്തൽമണ്ണ നെഹ്രു സ്റ്റേഡിയത്തിലാണ് ടൂർണമെന്റ് നടത്തിയിരുന്നത്. ഇത്തവണ സാങ്കേതിക കാരണങ്ങളാൽ സ്റ്റേഡിയം ലഭ്യമല്ലാത്തതിനാലാണ് ടൂർണമെന്റ് ചെറുകരയിലേക്കു മാറ്റിയതെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.

ഒരുമാസം നീളുന്ന ടൂർണമെന്റിലെ ലാഭവിഹിതം മുഴുവൻ ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾക്കും ഫുട്‌ബോളിന്റെ വളർച്ചയ്ക്കുമായാണ് ഉപയോഗിക്കുക. 49-ാമത് ടൂർണമെന്റിൽ പ്രഖ്യാപിച്ച രണ്ടു ജീവകാരുണ്യ പദ്ധതികൾ നടപ്പാക്കി.

പെരിന്തൽമണ്ണ നഗരസഭയിലെ 35 വൃക്കരോഗബാധിതർക്ക്‌ മാസംതോറും ആയിരം രൂപ നൽകുന്നതാണ് ഒരു പദ്ധതി. കിടപ്പുരോഗികൾക്കാവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ നൽകുന്നതാണ് രണ്ടാമത്തേതെന്ന് ഭാരവാഹികൾ പറഞ്ഞു.

സെവൻസ് ഫുട്‌ബോൾ അസോസിയേഷന്റെ ഈ സീസണിലെ രണ്ടാമത് ടൂർണമെന്റാണ് ചെറുകരയിൽ നടത്താനിരിക്കുന്നത്. അയ്യായിരം പേർക്കിരിക്കാവുന്ന താത്കാലിക ഗാലറി അടക്കമുള്ള സൗകര്യങ്ങളാണ് സ്റ്റേഡിയത്തിൽ ഒരുക്കുന്നത്.

ടൂർണമെന്റിന്റെ വിജയത്തിനായുള്ള പ്രാദേശിക സംഘാടകസമിതി രൂപവത്കരണയോഗം 13-ന് ചെറുകരയിൽ ചേരും. ക്ലബ്ബ് പ്രസിഡന്റ് സി. മുഹമ്മദലി, സെക്രട്ടറി പച്ചീരി ഫാറൂഖ്, ട്രഷറർ മണ്ണിൽ ഹസ്സൻ, എച്ച്. മുഹമ്മദ് ഖാൻ, മണ്ണേങ്ങൽ അസീസ്, എം.കെ. കുഞ്ഞയമു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Share to

Leave a Reply

Your email address will not be published. Required fields are marked *