
Perinthalmanna Radio
Date: 25-11-2022
പെരിന്തൽമണ്ണ: കേരളത്തിലെ ഏറ്റവും പഴക്കം ചെന്നതും മുടങ്ങാതെ ഇപ്പോഴും ടൂർണമെന്റ് നടത്തി വരുന്നതുമായ കാദർ ആന്റ് മുഹമ്മദലി സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന അമ്പതാമത് ഗോൾഡൻ ജൂബിലി കാദറലി ട്രോഫിക്ക് വേണ്ടിയുള്ള അഖിലേന്ത്യ സെവൻസ്
ഫുട്ബോൾ ടൂർണമെന്റ് ഡിസംബർ 19ന് കീഴാറ്റൂർ ഗ്രാമ പഞ്ചായത്തിലെ പട്ടിക്കാട് ഹൈസ്കൂൾ മൈതാനിയിൽ വെച്ച് നടത്തുന്നു. വർഷങ്ങളായി പെരിന്തൽമണ്ണ നെഹറു സ്റ്റേഡിയത്തിലാണ് ടൂർണമെന്റ് നടത്തിയിരുന്നത്. ഇത്തവണ സാങ്കേതിക കാരണങ്ങളാൽ സ്റ്റേഡിയം ലഭ്യമല്ലാത്തതിനാൽ ടൂർണമെന്റ് ചെറുകരയിൽ വെച്ച് നടത്തുമെന്ന് ഈ മാസം ആദ്യം ക്ലബ് ഭാരവാഹികള്‍ അറിയിച്ചിരുന്നു. സാങ്കേതിക പ്രശ്നങ്ങള്‍ കാരണം ചെറുകരയിൽ വെച്ച് ടൂർണമെൻ്റ് നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ടൂർണമെൻ്റ് പട്ടിക്കാട് സ്ക്കൂൾ മൈതാനത്തിലേക്ക് മാറ്റിയത്.
അഖിലേന്ത്യാ സെവൻസിലെ പ്രമുഖ 24 ടീമുകൾ പങ്കെടുക്കുന്ന ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന ടൂർണമെന്റിന്റെ മുഴുവൻ ലാഭ വിഹിതവും ജീവകാരുണ്യ സേവനങ്ങൾക്കും ഫുട്ബോളിന്റെ വളർച്ചക്കും വേണ്ടി ഉപയോഗിക്കും. ടൂർണമെന്റിന്റെ വിജയത്തിന് വേണ്ടി 251 അംഗ പ്രാദേശിക സംഘടനാ സമിതി രൂപീകരിച്ചു. പി. അബ്ദുൽ ഹമീദ് എംഎൽഎ ചെയർമാൻ, പച്ചീരി ഫാറൂഖ് കൺവീനർ, പുളിയക്കുത്ത് അസീസ് ട്രഷറർ, പഞ്ചായത്ത് പ്രസിഡണ്ട്മാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പ്രദേശത്തെ ക്ലബ്ബ് ഭാരവാഹികൾ, എന്നിവർ അടങ്ങുന്ന സംഘാടക സമിതിക്കാണ് രൂപം നൽകിയത്. അയ്യായിരം പേർക്ക് ഇരുന്ന് കളി കാണാനായി തയ്യാറാക്കുന്ന ഗ്യാലറിയുടെ കാൽ നാട്ടൽ കർമ്മം ഈ ഞായറാഴ്ച (നവംബർ 27) കാലത്ത് 8.30ന്ന് പി.അബ്ദുൽ ഹമീദ് എംഎൽഎ നിർവ്വഹിക്കും.
