പെരിന്തൽമണ്ണ: നാട്ടിലെ കളിയുടെ വീറും ആവേശവും ചോരാതെ കടലുകൾക്കപ്പുറം സെവൻസ് ഫുട്‌ബോളിന്റെ തിരമാലകളുമായി ദുബായിൽ കാദറലി സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന് ശനിയാഴ്ച കിക്കോഫ്. പെരിന്തൽമണ്ണ കാദറലി ക്ലബ്ബ് സെവൻസ് ടൂർണമെന്റിന്റെ അൻപതാം വാർഷികം പ്രമാണിച്ചാണ് ദുബായിൽ ടൂർണമെന്റ് നടത്തുന്നത്. വൈകീട്ട് എട്ടിന് മിർദിഫിലെ അപ്ടൗൺ സ്കൂൾ സ്റ്റേഡിയത്തിലാണ് ആദ്യ റൗണ്ട് നോക്കൗട്ട് മത്സരങ്ങളുടെ തുടക്കം. 23-ന് വൈകീട്ട് മൂന്നിന് ഖിസൈസിലെ സ്റ്റാർ ഇന്റർനാഷണൽ സ്കൂൾ മൈതാനത്ത് ക്വാർട്ടർ, സെമി, ഫൈനൽ മത്സരങ്ങളും നടക്കും.
24 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിലെ ആദ്യ നാല് സ്ഥാനക്കാർക്ക് യഥാക്രമം 5,000, 3,000, 1,000, 500 ദിർഹവും ട്രോഫിയുമാണ് സമ്മാനം. രാത്രി എട്ടിന് ഉദ്ഘാടനച്ചടങ്ങിൽ കേരള സെവൻസ് ഫുട്‌ബോൾ അസോസിയേഷൻ സംസ്ഥാന ഭാരവാഹികളും ദുബായിലെ ഫുട്‌ബോൾ രംഗത്തുള്ള പ്രമുഖരും പങ്കെടുക്കും. സുവർണ ജൂബിലിയുടെ ഭാഗമായി കേരളത്തിലെ ഒരു ക്ലബ്ബ് വിദേശത്ത് ആദ്യമായി സംഘടിപ്പിക്കുന്ന സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് കൂടിയാണിത്. മലപ്പുറം ഫുട്‌ബോൾ കൂട്ടായ്മയുടെ കീഴിൽ കെ.എഫ്.എ. യുമായി സഹകരിച്ചാണ് യു.എ.ഇ. യിലെ ഇത്രയും ടീമുകളെ പങ്കെടുപ്പിച്ച് മത്സരം നടത്തുന്നത്. ടൂർണമെന്റിൽ നിന്നുള്ള വരുമാനം ക്ലബ്ബിന്റെ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് ആംബുലൻസ് വാങ്ങുന്നതിനാണ് വിനിയോഗിക്കുക. എല്ലാ വർഷവും യു.എ.ഇ.യിൽ കാദറലി ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു.