കാക്കത്തോട് പാലം നാടിന് സമർപ്പിച്ചു; കേരളത്തിലെ പാലങ്ങൾ സൗന്ദര്യവത്കരിക്കുമെന്ന് മന്ത്രി

Share to

Perinthalmanna Radio
Date: 15-11-2022

കേരളത്തിലെ പാലങ്ങൾ സൗന്ദര്യവത്കരിച്ച് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പൊതുമരാമത്ത് വകുപ്പ് അടുത്ത വർഷത്തോടെ പദ്ധതി തയ്യാറാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മലപ്പുറം ജില്ലയിലെ പോരൂർ – പാണ്ടിക്കാട് പഞ്ചായത്തുകളെയും വണ്ടൂർ- മഞ്ചേരി നിയോജക മണ്ഡലങ്ങളെയും ബന്ധിപ്പിക്കുന്ന വടപുറം – പട്ടിക്കാട് സംസ്ഥാന പാതയിലെ അയനികോടുള്ള വളരെ പഴക്കം ചെന്ന കാക്കത്തോട് പാലത്തിന്റെ പുനർനിർമാണം പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 2023 ൽ പൊതുമരാമത്ത് മുന്നോട്ടു വയ്ക്കുന്ന പുതിയ പദ്ധതിയാണ് പാലങ്ങളുടെ സൗന്ദര്യവൽക്കരണമെന്നും പാലങ്ങൾ സൗന്ദര്യ വൽക്കരിക്കുന്നത് വഴി ടൂറിസത്തിന് ഒരു പുത്തൻ ശാഖ തുറന്നു നൽകുകയാണെന്നും മന്ത്രി കൂട്ടിചേർത്തു. പാലങ്ങൾ മോടി പിടിപ്പിക്കാനായി സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള സഹകരണം സർക്കാർ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ എ.പി. അനിൽകുമാർ എം.എൽ.എ അധ്യക്ഷനായി. 3.85 കോടി രൂപചെലവിലാണ് കാക്കത്തോടിനു കുറുകെ നിർമാണം പൂർത്തിയാക്കിയ പാലത്തിന്റെ നിര്‍മാണ ചെലവ്. ചടങ്ങിൽ അഡ്വ : യു.എ. ലത്തീഫ് എം.എൽ.എ മുഖ്യാതിഥിയായി. പോരൂര്‍, പാണ്ടിക്കാട് പഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന നിലവിലുള്ള പാലം ദ്രവിച്ച് അപകടാവസ്ഥയിലായിരുന്നു. 1942 ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ച പാലത്തിന്റെ തൂണുകള്‍ക്കും സ്ലാബുകള്‍ക്കും ബലക്കുറവും പാര്‍ശ്വഭിത്തിക്കു സമീപം ഇടിച്ചിലും തൂണുകള്‍ക്കു വിള്ളലുകളും അടിഭാഗത്തെ കരിങ്കല്‍ കെട്ടിന്റെ പലഭാഗങ്ങളും തകര്‍ച്ചയിലായിരുന്നു. ഈ സാഹചര്യത്തിലാണ് പഴയ പാലത്തിനു സമാന്തരമായി തൊട്ടടുത്തുതന്നെ പുതിയ പാലം നിര്‍മിച്ചത്.

ഈ പാലത്തിന് 10 മീറ്റർ നീളമായിരുന്നു മൂന്ന് സ്പാനോടുകൂടിയ 3.60 മീറ്റർ വീതിയുള്ള ഒറ്റവരി പാലം പുനർനിർമിയ്ക്കുന്നതിനായി നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണാനുമതിയും സാങ്കേതികനുമതിയും ലഭിച്ചു. 2020 ജൂണിലാണ് ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് അന്നത്തെ പൊതുമരാമത്തുവകുപ്പ് മന്ത്രി ജി സുധാകരൻ വീഡിയോകോൺഫറൻസ് വഴി പാലത്തിന്റെ തറക്കല്ലിട്ടത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് പദ്ധതിയുടെ നിര്‍മാണ ജോലികള്‍ നിര്‍ത്തിവെച്ചിരുന്നതിനാലും പുഴയില്‍ ജലനിരപ്പ് ഉയര്‍ന്ന കാരണത്താലും നിര്‍മാണ പ്രവൃത്തികള്‍ നടത്താന്‍ സാധിച്ചിരുന്നില്ല. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ലോക്ക് ഡൗണ്‍ലോഡ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നിര്‍മാണ സാമഗ്രികളും മറ്റു ക്രഷര്‍ മെറ്റീരിയലുകളും ലഭിയ്ക്കാത്ത സാഹചര്യവും ന്യൂനമര്‍ദ്ദം കാരണമുണ്ടായ കനത്ത മഴയില്‍ നിര്‍മാണ ജോലികള്‍ തടസപ്പെട്ടതും പദ്ധതി പൂര്‍ത്തീകരണത്തിനായി കാലതാമസം നേരിട്ടിരുന്നു. അതുകൊണ്ടുതന്നെ പദ്ധതി പൂര്‍ത്തീകരണ കാലാവധി മെയ് 2022 വരെ ദീര്‍ഘിപ്പിച്ചു കിട്ടി.

പുതിയ പാലം ഗതാഗത യോഗ്യമാകുന്നതോടെ സമീപ സംസ്ഥാനമായ തമിഴ്‌നാട്ടിലെ ഗൂഡല്ലൂര്‍ മുതലായ ഭാഗങ്ങളില്‍ നിന്നും ജില്ലയിലെ വഴിക്കടവ്, നിലമ്പൂര്‍ മുതലായ ഭാഗങ്ങളില്‍ നിന്നും പാണ്ടിക്കാട്, പെരിന്തല്‍മണ്ണ എന്നീ ഭാഗങ്ങളിലേക്ക് പെട്ടന്ന് എത്തിച്ചേരാന്‍ സാധിക്കും. ഈ ഭാഗങ്ങളിലുള്ളവര്‍ ചികിത്സക്ക് പ്രധാനമായും ആശ്രയിക്കുന്നത് പെരിന്തല്‍മണ്ണയിലെ വിവിധ ആശുപത്രികളെയാണ്. അതിനാല്‍ ദിവസവും നൂറുകണക്കിന് ആംബുലന്‍സുകളാണ് ഈ പാലത്തിലൂടെ കടന്നു പോകുന്നത്. പഴയ വീതി കുറഞ്ഞ പാലത്തിലെ ആംബുലന്‍സുകളടക്കമുള്ള വാഹനങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ വളരെയധികം പ്രയാസം നേരിട്ടിരുന്നതിനാല്‍ അവയ്ക്ക് പരിഹാരമാവുകയും ജില്ലയിലെ വടക്കന്‍ മേഖലയെ കേരളത്തിലെ തെക്കന്‍ ഭാഗങ്ങളുമായി വ്യാപാരത്തിനും മറ്റും ബന്ധപ്പെടുന്നതിന് ഈ പാലം വീതി കൂട്ടി പുതുക്കി നിര്‍മിച്ചതിലൂടെ സാധ്യമാവുകയും ചെയ്യുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. 22 മീറ്റര്‍ നീളത്തിലുള്ള രണ്ട് സ്പാനോടു കൂടി ആകെ 44 മീറ്റര്‍ നീളവും 7.50 മീറ്റര്‍ റോഡ് വേയും ഇരുവശത്തും 1.50 മീറ്റര്‍ വീതം നടപ്പാതകളും അടക്കം ആകെ 11.00 മീറ്റര്‍ വീതിയിലാണ് പാലം നിര്‍മിച്ചിട്ടുള്ളത്. പാണ്ടിക്കാട് ഭാഗത്തേക്ക് 471 മീറ്ററും വണ്ടൂര്‍ ഭാഗത്തേക്ക് 14 മീറ്ററും വീതമുള്ള അപ്രോച് റോഡുമാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്.രണ്ടു വർഷത്തിനുശേഷമാണ് പ്രവർത്തി പൂർത്തീകരിച്ച് കാക്കത്തോട് പാലം ജനങ്ങൾക്ക് തുറന്നു കൊടുത്തത്.

Share to

Leave a Reply

Your email address will not be published. Required fields are marked *