Perinthalmanna Radio
Date: 26-10-2022
കരുവാരക്കുണ്ട്: കരുവാരക്കുണ്ടിൽ പ്രാദേശിക മഴ നീരീക്ഷണ കേന്ദ്രം സ്ഥാപിക്കാൻ പഞ്ചായത്ത് ഭരണ സമിതി. പ്രളയ മേഖലയെക്കുറിച്ച് പഠനം നടത്തുന്ന സന്നദ്ധ സംഘടന റെയിൽ ട്രാക്കേഴ്സിന്റെ സഹകരണത്തോടെയാണിത് സ്ഥാപിക്കുന്നത്.
ഇവിടത്തെ ജലസ്രോതസ്സുകൾ അപ്രതീക്ഷിതമായി കരകവിഞ്ഞ് അപകടം പതിവാണ്. ഇവയുടെ ഉദ്‌ഭവ കേന്ദ്രങ്ങളിൽ ഉണ്ടാകുന്ന മഴയാണ് മലയോരത്ത് ദുരിതം വിതയ്ക്കുന്നത്. വൃഷ്ടി പ്രദേശങ്ങളിലെ മഴസാധ്യത മുൻകൂട്ടി അറിഞ്ഞാലേ താഴ് ഭാഗങ്ങളിലുള്ളവർക്ക് മുൻകരുതൽ എടുക്കാനാകൂ. ഇതു പരിഗണിച്ചാണ് തീരുമാനം.
സംസ്ഥാന ശരാശരിയിലും കൂടിയ മഴ കരുവാരക്കുണ്ട് മേഖലയിൽ ലഭിക്കുന്നതായാണ് റെയിൻ ട്രാക്കേഴ്സ് നടത്തിയ പഠനത്തിലെ പ്രാഥമിക നിഗമനം. നിരീക്ഷണ കേന്ദ്രം വന്നാൽ കാലാവസ്ഥാ മാറ്റം മുൻകൂട്ടി അറിയാനാകും. കരുവാരക്കുണ്ടിനു പുറമെ ഒലിപ്പുഴ കടന്നുപോകുന്ന തുവ്വൂർ, എടപ്പറ്റ, പാണ്ടിക്കാട്, മേലാറ്റൂർ പഞ്ചായത്തുകളിലുള്ളവർക്കും പ്രയോജനപ്പെടും.
ആധുനിക മഴമാപിനി അടക്കമുള്ള നിരീക്ഷണകേന്ദ്രം സ്ഥാപിക്കാനാണ് പഞ്ചായത്ത് ഉദ്ദേശിക്കുന്നത്. റെയിൻ ട്രാക്കേഴ്സ് അധികൃതർ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുമായി നടത്തിയ ആലോചനായോഗം വൈസ് പ്രസിഡന്റ് മഠത്തിൽ ലത്തീഫ് ഉദ്ഘാടനംചെയ്തു. ടി.കെ. ഉമ്മർ, ഷൈലേഷ് പട്ടിക്കാടൻ, നുഹ്‌മാൻ പാറമ്മൽ, പി.എം. സുർജിത്ത്, പി.വി. കൃഷ്ണപ്രകാശ്, രാജേന്ദ്രൻ, ബോബി തുടങ്ങിയവർ പങ്കെടുത്തു.
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ